Editorial

വിദ്യാര്‍ഥി നേതാക്കളില്‍ ടി പി അഷ്‌റഫലി മല്‍സരരംഗത്തേക്ക്

തേഞ്ഞിപ്പലം: യുവാക്കള്‍ക്ക് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പരിഗണന ആവശ്യപ്പെട്ട് കെ.എസ്.യു. യൂത്ത്‌കോണ്‍ഗ്രസ് നേതൃത്വം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ രംഗത്തുവന്ന സാഹചര്യത്തില്‍ മുസ്‌ലിംലീഗ് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫലിയെ കരുവാരക്കുണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കു മല്‍സരിപ്പിക്കുന്നു. മുസ്‌ലിംലീഗ് മലപ്പുറം ജില്ലയിലൊന്നാകെ കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം മുറുകിയ സാഹചര്യത്തില്‍ ജനസമ്മതി നേടിയ വ്യക്തിയെന്ന നിലയിലാണ് അഷ്‌റഫലിയെ ലീഗ് രംഗത്തിറക്കിയിരിക്കുന്നത്. നിലവില്‍ എടക്കര ഗ്രാമപ്പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ അംഗമാണ് അഷ്‌റഫലി. കരുവാരക്കുണ്ട്, കാളികാവ് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്സുമായി ലീഗ് സഖ്യത്തിലല്ല.

ബിരുദധാരിയായ ഈ 33കാരന്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗമായിരുന്നു. തുടര്‍ച്ചയായി മൂന്നുവര്‍ഷം എസ്.എഫ്.ഐയില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാലാ യൂനിയന്‍ ഭരണം കെ.എസ്.യു-എം.എസ്.എഫ്. പിടിച്ചത് അഷ്‌റഫലി എം.എസ്.എഫ്. പ്രസിഡന്റായ കാലഘട്ടത്തിലാണ്. കാലിക്കറ്റ് വാഴ്‌സിറ്റി സെനറ്റ് അക്കാദമിക് കൗണ്‍സില്‍ അംഗമായിരുന്നു. ഇപ്പോള്‍ സംസ്ഥാന യുവജന കമ്മീഷന്‍ അംഗവുമാണ്. മഞ്ചേരി മേലാക്കം ഖാസി സി പി അബ്ദുല്ലമുസ്‌ല്യാരുടെയും ഫാതിമയുടെയും മകനാണ് അഷ്‌റഫലി. ഭാര്യ ജമീല തബസ്സും ഭര്‍ത്താവിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. യു.ഡി.എഫ്. സഖ്യകക്ഷിയായ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യനും ഇവിടെ മല്‍സരരംഗത്തുണ്ടാവും.
Next Story

RELATED STORIES

Share it