Kottayam Local

വിദ്യാര്‍ഥി ക്ഷേമത്തിന് ക്രിയാത്മക പദ്ധതികള്‍: എംജി വൈസ് ചാന്‍സലര്‍

കോട്ടയം: വിദ്യാര്‍ഥി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് എംജി സര്‍വകലാശാലയും സിന്‍ഡിക്കേറ്റും സ്വീകരിച്ച ക്രിയാത്മക നടപടികള്‍ക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധേയാകര്‍ഷിച്ചെന്ന് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍. എംജിയില്‍ നടാടെ ഏര്‍പ്പെടുത്തിയ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പുകള്‍ സര്‍വകലാശാല ആസ്ഥാനത്ത് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിലും, ചികില്‍സാ ധനസഹായം നല്‍കുന്നതിനും, അംഗപരിമിത വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതിലും, കലാപരമായ നേട്ടങ്ങള്‍ക്ക് കള്‍ച്ചറല്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനും സര്‍വകലാശാല മാതൃകാപരമായ നടപടികളാണ് സ്വീകരിച്ചത്.
എന്‍സിസി, എന്‍എസ്എസ് രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തി. എംജിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാര്‍ഥി സൗഹൃദ സര്‍വകലാശാലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മേഖലകളില്‍ നിന്നായി 60 വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. സ്റ്റുഡന്റ് സര്‍വീസസിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര-സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'ഐന്‍' എന്ന സിനിമയുടെ സംവിധായകനും സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ വിദ്യാര്‍ഥിയുമായ സിദ്ധാര്‍ത്ഥ് ശിവയെ വൈസ് ചാന്‍സലര്‍ ആദരിച്ചു. ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗം പ്രഫ.സി എച്ച് അബ്ദുള്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഫിനാന്‍സ് ഓഫിസര്‍ ഏബ്രഹാം ജെ പുതുമന, സ്റ്റുഡന്റ്‌സ് സര്‍വ്വീസ് ഡയറക്ടര്‍ ഡോ.ഹരിചങ്ങമ്പുഴ, സിദ്ധാര്‍ത്ഥ് ശിവ, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ജി ശ്രീകുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it