വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവം: പ്രിന്‍സിപ്പലിനും അധ്യാപികയ്ക്കുംഎതിരേ കുറ്റപത്രം

തിരുവനന്തപുരം: ക്ലാസില്‍ സംസാരിച്ചതിന് യുകെജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരേ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. കുടപ്പനക്കുന്ന് ഇളയമ്പള്ളിക്കോണത്തെ ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ശശികല, അധ്യാപിക ദീപിക എന്നിവരെ പ്രതിചേര്‍ത്താണ് പേരൂര്‍ക്കട പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. കോളിളക്കം സൃഷ്ടിച്ച കേസില്‍ ഒന്നരവര്‍ഷത്തിനുശേഷമാണ് പോലിസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ക്ലാസില്‍ സംസാരിച്ചെന്ന പേരില്‍ നാലുവയസ്സുകാരനെ പട്ടിക്കൂട്ടില്‍ അധ്യാപിക അടച്ചിട്ട് ശിക്ഷിച്ചുവെന്നാണ് കേസ്. കൂട്ടിലുണ്ടായിരുന്ന പട്ടിയെ പുറത്തിറക്കിയശേഷം കുട്ടിയെ ഉള്ളില്‍ അടച്ചെന്നായിരുന്നു പരാതി. സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.
സംഭവം വിവാദമായതോടെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സ്‌കൂള്‍ അടച്ചുപൂട്ടുകയും ചെയ്തു. കുട്ടിയെ പട്ടിക്കൂട്ടിലടച്ചത് കെട്ടുകഥയാണെന്നും സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അധ്യാപിക ആരോപിച്ച സാഹചര്യത്തില്‍ വിശദമായ അന്വേഷണത്തിനുശേഷമാണ് കുറ്റപത്രം നല്‍കിയത്. ശാസ്ത്രീയ പരിശോധനാഫലത്തില്‍ കുട്ടിയുടെ വസ്ത്രത്തില്‍ മൃഗത്തിന്റെ രോമം കണ്ടെത്തിയിരുന്നു. കൂടാതെ നാലുവയസ്സുകാരന്റെയും ഇതേ സ്‌കൂളില്‍ പഠിക്കുന്ന സഹോദരിയുടെയും കോടതിയില്‍ കൊടുത്ത മൊഴിയും അയല്‍വാസിയായ സന്തോഷ് എന്നയാളുടെ മൊഴിയും വിശ്വാസത്തിലെടുത്താണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് പോലിസ് പറയുന്നു.
Next Story

RELATED STORIES

Share it