Kollam Local

വിദ്യാര്‍ഥിയുടെ മരണം: നാട്ടുകാര്‍ ജോയിന്റ് ആര്‍ടിഒയെ ഉപരോധിച്ചു

ശാസ്താംകോട്ട: ഭരണിക്കാവിന് സമീപം ബൈക്ക് മറിഞ്ഞ് ശൂരനാട് പതാരം സ്വദേശി അഫ്‌സല്‍(17) മരിക്കാനിടയായ സംഭവത്തില്‍ കുന്നത്തൂര്‍ മോട്ടോര്‍വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ ഓഫിസ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. സംഭവസമയം ഇവിടെ ഉണ്ടായിരുന്ന മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ അഫ്‌സലിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ നിരുത്തരവാദിത്വമായി പെരുമാറിയതില്‍ പ്രതിക്ഷേധിച്ചാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. മൂന്ന് മണിക്കൂറോളമാണ് സംഘടിച്ചെത്തിയ നൂറുക്കണക്കിന് വരുന്ന ജനങ്ങള്‍ ജോയിന്റ് ആര്‍ടിഒ ബിജുജെയിംസിനെ ഉപരോധിച്ചത്. നടുറോഡില്‍ അപകടത്തില്‍പ്പെട്ടുകിടന്ന വിദ്യാര്‍ഥിയെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കാതിരിക്കുകയും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായ യുവാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്ത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാതെ പിന്തിരിഞ്ഞ് പോകില്ലെന്ന് നാട്ടുകാര്‍ നിലപാടെടുത്തതോടെ ആര്‍ടിഒ ശരവണന്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് കൊട്ടാരക്കര ജോയിന്റ് ആര്‍ടിഒ മഹേഷിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കാമെന്നും അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കാമെന്നും ആര്‍ടിഒ പറഞ്ഞെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് ആര്‍ടിഓയെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. പിന്നീട് ആര്‍ ടിഒ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമായി ബന്ധപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ടിഒ തന്നെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടു.

അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുള്‍പ്പെടെയുള്ളവര്‍ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുടെ മനുഷ്യത്വമില്ലാത്ത പെരുമാറ്റത്തിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. തുടര്‍ന്ന് അപകടസമയത്ത് വാഹനപരിശോധന സംഘത്തിലുണ്ടായിരുന്ന കരുനാഗപ്പള്ളി - കുന്നത്തൂര്‍ ഭാഗങ്ങളിലെ മൊബൈല്‍ സ്‌ക്വാഡില്‍പ്പെട്ട എഎംവിഐ സുരേഷ്‌കുമാര്‍, ഡ്രൈവര്‍ രാജുമോന്‍ എന്നിവരെ സ്‌ക്വാഡില്‍ നിന്നും നീക്കം ചെയ്തു. തുടര്‍ന്നാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. കഴിഞ്ഞ ദിവസം ചക്കുവള്ളി പാറയില്‍ മുക്കിന് സമീപം ഗതാഗതവകുപ്പിന്റെ വാഹനപരിശോധന സംഘത്തെ കണ്ടു ബൈക്ക് വെട്ടിത്തിരിച്ചതിനെ തുടര്‍ന്ന് ഉണ്ടായ അപകടത്തില്‍ ശാസ്താംനട ജയജ്യോതി വി എച്ച് എസ് എസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി കുമരംചിറ തെരിയില്‍ പടിഞ്ഞാറ്റതില്‍ അബ്ദുല്‍ ഖരീമിന്റെ മകന്‍ അഫസല്‍ (17) ആണ് മരണപ്പെട്ടത്. അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ 20 മിനുട്ടോളം അഫ്‌സല്‍ റോഡില്‍ കിടന്നിട്ടും കാഴ്ചക്കാരായി നിന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്. ഈ സമയത്ത് മാതാവുമായി ആശുപത്രിയില്‍ പോകാന്‍ അതുവഴി വന്ന യാത്രക്കാരനോട് അപമര്യാദയായി പെരുമാറുകയും 1500 രൂപ പെറ്റി അടിച്ച് കൊടുത്തതും ജനങ്ങളുടെ രോക്ഷം വര്‍ധിക്കാന്‍ കാരണമായി. രാവിലെ 10ന് ആരംഭിച്ച ഉപരോധം ഉച്ചക്ക് ഒരുമണിയോടെ അവസാനിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സാമൂഹിക സാമൂദായിക സംഘടനാ പ്രവര്‍ത്തകരുള്‍പ്പെടെയുള്ള യുവാക്കളാണ് സംഘടിച്ചെത്തിയത്. ഉപരോധത്തിന് പൊതുപ്രവര്‍ത്തകരായ തുണ്ടില്‍ നൗഷാദ്, ശിവപ്രസാദ്, പറമ്പില്‍ സുബൈര്‍, മുനീര്‍ കുമരംചിറ, മുഹമ്മദ് ഖുറൈഷി, നുജൂം പതാരം, അബ്ദുര്‍ റഹ്മാന്‍ പോരുവഴി, നഹാസ് ചക്കുവള്ളി, ഷെബിന്‍ കബീര്‍, റാഫി വലിയവീട് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it