ernakulam local

വിദ്യാര്‍ഥിനിക്ക് നേരെ നഗ്‌നത പ്രദര്‍ശിപ്പിച്ച യുവാവിനെതിരേ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം

കോതമംഗലം: വിദ്യാര്‍ഥിനിക്ക് നേരെ നഗ്‌നത പ്രദര്‍ശിപ്പിച്ച യുവാവിനെതിരേ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം. താലൂക്കിലെ വിദ്യാലയങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും സമീപത്തായാണ് ഇക്കൂട്ടര്‍ പ്രധാനമായും തമ്പടിക്കുന്നത്.
കോതമംഗലം സബ്സ്റ്റഷന്‍, മാതിരപ്പിള്ളി, വെണ്ടുവഴി പരിസരങ്ങളില്‍ തനിയെ നടന്നു പോവുന്ന വിദ്യാര്‍ഥിനികള്‍ക്ക് നേരെ നാളുകളായി നഗ്‌നതാപ്രദര്‍ശനം നടത്തിവന്ന മുന്നൂറ്റിപതിന്നാല് സ്വദേശിയായ യുവാവാണ് കഴിഞ്ഞ ദിവസം നാട്ടുകാരുടെ പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകീട്ട് മാതിരപ്പിള്ളി വിളയാലില്‍ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തടഞ്ഞു നിര്‍ത്തി ജീന്‍സ് അഴിച്ച് നഗ്‌നത കാണിച്ച യുവാവിനെ നാട്ടുകാര്‍ കണ്ടെത്തി പോലിസിന് കൈമാറിയിട്ടും നടപടി സ്വീകരിച്ചില്ലന്നാണ് പരക്കെ ആക്ഷേപം.
വിദ്യാര്‍ഥിനി മൊഴി നല്‍കാന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് യുവാവിനെ വെറുതെവിട്ടതെന്നാണ് പോലിസ് ഭാഷ്യം. മാന്യമായി വസ്ത്രം ധരിച്ച് സ്‌കൂള്‍, ഓഫിസ് പരിസരങ്ങളില്‍ ഹോണ്ടാ ആക്ടിവയില്‍ ചുറ്റിക്കറങ്ങി ഇയാള്‍ നഗ്‌നത പ്രദര്‍ശനം പതിവാക്കിയിരുന്നെന്നാണ് അറിവായിട്ടുള്ളത്. ഒറ്റക്ക് നടന്നുപോവുന്ന സ്‌കൂള്‍ കോളജ് വിദ്യാര്‍ഥിനികളെയും യുവതികളായ വീട്ടമ്മമാരെയും പിന്‍തുടര്‍ന്ന് വിജനമായ പ്രദേശത്തെത്തുമ്പോള്‍ തടഞ്ഞുനിര്‍ത്തി നഗ്‌നത കാണിച്ച് സായൂജ്യം നേടുകയാണ് ഇയാളുടെ രീതി.
മുതിര്‍ന്ന സ്ത്രീകളോട് അടുത്തെത്തി വഴിചോദിക്കുകയാണ് ഇയാളുടെ ആദ്യപരിപാടി. പിന്നെ പരിസരത്ത് ആരുമില്ലന്നു കണ്ടാല്‍ വാഹനത്തിലിരുന്നുകൊണ്ട് തന്നെ പാന്റ് താഴ്ത്തി നഗ്‌നത പ്രദര്‍ശിപ്പിക്കും. ഇയാളുടെ അപ്രതീക്ഷിത നീക്കത്തില്‍ പകച്ച് നില്‍ക്കുന്ന സ്ത്രീകള്‍ സമനില വീണ്ടെടുക്കുമ്പോഴേക്കും ഇയാള്‍ സ്ഥലം വിട്ടിരിക്കും. ഹെല്‍മറ്റ് വച്ചിട്ടുള്ളതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിയാറുമില്ല. കഴിഞ്ഞ ദിവസം പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിക്കു നേരെയായിരുന്നു ഇയാളുടെ പ്രകടനം. ഭയന്നുപോയ വിദ്യാര്‍ഥിനി തിരിഞ്ഞോടുന്നതിനിടയില്‍ ഇയാളെത്തിയ വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധിച്ചിരുന്നു. ഇത് കുറിച്ചെടുത്ത് സഹോദരന് കൈമാറുകയും വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണ് പാതയോരങ്ങളില്‍ നഗ്‌നത പ്രദര്‍ശനം പതിവാക്കിയ മുന്നൂറ്റി പതിനാല് സ്വദേശിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലിസിനെ സമീപിക്കുകയും ഇയാളുടെ വാഹനത്തിന്റെ നമ്പര്‍ കൈമാറുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തില്‍ പിറ്റേന്ന് പോലിസ് ഇയാളെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇതുപ്രകാരം ഇയാള്‍ സ്‌റ്റേഷനിലെത്തിയെങ്കിലും രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്ന് ഗുണദോഷിച്ച് വിട്ടയക്കുകയായിരുന്നെന്നാണ് ലഭ്യമായ വിവരം. പെണ്‍കുട്ടി മൊഴിനല്‍കാന്‍ താല്‍പര്യം കാണിച്ചില്ലന്നും ഇതുമൂലമാണ് ഇയാളെ വിട്ടയച്ചതെന്നുമാണ് ഇക്കാര്യത്തില്‍ പോലിസ് നല്‍കുന്ന വിശദീകരണം.
Next Story

RELATED STORIES

Share it