Kottayam Local

 വിദ്യാര്‍ഥികള്‍ തെരുവില്‍ ഏറ്റുമുട്ടി; പോലിസ് ലാത്തിവീശി: എരുമേലിയില്‍ സംഘര്‍ഷാവസ്ഥ

എരുമേലി: ക്വട്ടേഷന്‍ സംഘങ്ങളെ കൂട്ടിക്കൊണ്ടുവന്ന് നടു റോഡില്‍ ഏറ്റുമുട്ടിയ കോളജ് വിദ്യാര്‍ഥികളെ പോലിസ് ലാത്തിവീശി വിരട്ടിയോടിച്ചു. വിദ്യാര്‍ഥികളില്‍ ചിലര്‍ കഞ്ചാവ് ലഹരിയില്‍ ആയിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഇന്നലെ വൈകീട്ട് 3.30ഓടെ എരുമേലി പോലിസ് സ്റ്റേഷന്‍ ജങ്ഷന് തൊട്ടടുത്ത് കെഎസ്ഇബി ഓഫിസിന് മുന്നിലായിരുന്നു ഏറ്റുമുട്ടല്‍. അരമണിക്കൂര്‍ മുമ്പേ ഒരു സംഘം വിദ്യാര്‍ഥികള്‍ എതിര്‍ വിഭാഗത്തെ ആക്രമിക്കാനായി ഇവിടെ കാത്തുനില്‍ക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം ക്വട്ടേഷന്‍ സംഘങ്ങളുമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
എതിര്‍പക്ഷം എത്തിയതോടെ കൂട്ടയടിയായി. ഉറക്കെയുള്ള അസഭ്യവര്‍ഷവും, കൂട്ടത്തല്ലും കണ്ട് നാട്ടുകാര്‍ ഭയന്നോടി കടകള്‍ക്കുള്ളില്‍ കയറി. പോലിസ് സ്റ്റേഷനില്‍ നിന്നും പോലിസുകാര്‍ നടന്നാണ് വിദ്യാര്‍ത്ഥികളെ നേരിടാന്‍ ലാത്തിയുമായി എത്തിയത്. ഇത്രയും സമയത്തിനിടെ വാഹനഗതാഗതം നിലച്ച് അക്രമം അരങ്ങേറുകയായിരുന്നു.
പോലിസെത്തി ലാത്തി വീശിയതോടെ വിദ്യാര്‍ഥികള്‍ ചിതറിയോടി. രണ്ട് ബൈക്കുകള്‍ പോലിസ് കസ്റ്റഡിയിലെടുത്തു. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്ന് പോലിസ് അറിയിച്ചു. കഞ്ചാവ് ലഹരിയിലാണ് വിദ്യാര്‍ത്ഥികള്‍ അഴിഞ്ഞാടിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it