wayanad local

വിദ്യാര്‍ഥികള്‍ ജീവനക്കാരെ മര്‍ദ്ദിച്ചെന്ന്: സ്വകാര്യ ബസ്സുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി

കല്‍പറ്റ: വിദ്യാര്‍ഥികള്‍ ജീവനക്കാരെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് സ്വകാര്യ ബസ്സുകള്‍ ഇന്നലെ മിന്നല്‍ പണിമുടക്ക് നടത്തി. ആദ്യം മാനന്തവാടി-പടിഞ്ഞാറത്തറ റൂട്ടിലായിരുന്നു ഓട്ടം നിര്‍ത്തിയത്. തുടര്‍ന്ന് മറ്റു റൂട്ടുകളിലും ജീവനക്കാര്‍ പണിമുടക്കിയതോടെ യാത്രക്കാര്‍ വലഞ്ഞു.
പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് വിദ്യാര്‍ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ കല്‍പ്പറ്റ ബസ്റ്റാന്‍ഡില്‍ വച്ചുണ്ടായ തര്‍ക്കമാണ് പിന്നീട് കയ്യാങ്കളിയിലെത്തിയത്. ബസ് ഡ്രൈവറെ ഒരു സംഘം വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചു. തലേദിവസം ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വീണ്ടും സ്റ്റാന്‍ഡിലും ബഹളമുണ്ടായത്. ഇതോടെ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ ബഇന്നലെ പടിഞ്ഞാറത്തറ-മാനന്തവാടി റൂട്ടില്‍ ഓട്ടം നിര്‍ത്തുകയായിരുന്നു.
രക്ഷിതാക്കളും ജീവനക്കാരും തമ്മില്‍ ഇന്നലെ വീണ്ടും പ്രശ്‌നമുണ്ടായി. ഇതോടെ ഉച്ചയോടെ മറ്റു റൂട്ടുകളിലും ബസ്സുകള്‍ പണിമുടക്കി. മിന്നല്‍ പണിമുടക്കായതോടെ വിവിധയിടങ്ങളിലേക്കുള്ള യാത്രക്കാര്‍ തീര്‍ത്തും വലഞ്ഞു. എല്ലാ കെഎസ്ആര്‍ടിസി ബസ്സുകളിലും വന്‍ തിരക്കായിരുന്നു. വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് ടാക്‌സി വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നു.
മര്‍ദ്ദിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ ബസ് ജീവനക്കാര്‍ കല്‍പ്പറ്റ പോലിസില്‍ പരാതി നല്‍കി. വൈകീട്ട് കല്‍പ്പറ്റ സിഐ കെ പി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരേ നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കാനും ചര്‍ച്ചയില്‍ ധാരണയായി.
Next Story

RELATED STORIES

Share it