വിദ്യാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ; മനുഷ്യാവകാശ കമ്മീഷന് സര്‍ക്കാരിന്റെ ഉറപ്പ്

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ കോളജ് കാംപസിനുള്ളില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്ന് നിര്‍ദേശം നല്‍കിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനി മരിക്കാനിടയായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കിയുള്ള റിപോര്‍ട്ടിലാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം ഇക്കാര്യങ്ങള്‍ അറിയിച്ചത്.
സ്റ്റാഫ് അഡൈ്വസറും വകുപ്പ് അധ്യക്ഷനും അംഗങ്ങളായ കമ്മിറ്റി വിദ്യാര്‍ഥി യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. അവധിക്കാലത്ത് യൂനിയന്‍ ഓഫിസ് പൂട്ടി താക്കോല്‍ പ്രിന്‍സിപ്പലിനെ ഏല്‍പ്പിക്കണം. അച്ചടക്ക കമ്മിറ്റി യൂനിയന്‍ ഓഫിസില്‍ പരിശോധന നടത്തും. യൂനിയന്‍ ഓഫിസിന്റെ പ്രവര്‍ത്തനം രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ മാത്രമായിരിക്കും. കാംപസില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് വാഹനങ്ങള്‍ ഉപയോഗിക്കരുത്. കാംപസില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തും. കഴിവതും വിമുക്തഭടന്‍മാരെ കോളജിന്റെ സെക്യൂരിറ്റി ചുമതല ഏല്‍പ്പിക്കും. ഹോസ്റ്റലുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രതേ്യക കമ്മിറ്റി രൂപീകരിക്കും. ഹോസ്റ്റലുകളില്‍ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമാനുസരണം നടപടിയെടുക്കും. കാംപസിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കും. പൊതുജനങ്ങള്‍ക്കും പൂര്‍വവിദ്യാര്‍ഥികള്‍ക്കും കാംപസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. കലാപരിപാടികള്‍ സംഘടിപ്പിക്കാന്‍ പിരിവ് അനുവദിക്കില്ല. കാംപസില്‍ നടക്കുന്ന ആഘോഷങ്ങള്‍ പോലിസിനെ മുന്‍കൂറായി അറിയിക്കും തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it