വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള പീഡനങ്ങള്‍ ആവര്‍ത്തിക്കുന്നു; ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം ഇനിയും നടപ്പാക്കിയില്ല

കെ വി ഷാജി സമത

കോഴിക്കോട്: അടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കെട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കേ കുട്ടികള്‍ക്കെതിരേയുള്ള പീഡനങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി വിദ്യാലയങ്ങളില്‍ ഒരുക്കേണ്ട സംവിധാനങ്ങള്‍ സംബന്ധിച്ച് ബാലാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച നിര്‍ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് ഇനിയും നടപ്പാക്കിയിട്ടില്ല.
കുട്ടികള്‍ നേരിടുന്ന അവകാശ നിഷേധങ്ങളെക്കുറിച്ചും മറ്റുമുള്ള പരാതികളും വിവരങ്ങളും എഴുതി നിക്ഷേപിക്കുന്നതിനായി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ 2015 മെയ് മാസത്തില്‍ ഉത്തരവായിരുന്നു. ഈ ഉത്തരവ് അവഗണിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 26നും കമ്മീഷന്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കി. മെയ് മാസത്തില്‍ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാവാത്ത സാഹചര്യത്തില്‍ കര്‍ശന നിബന്ധനകളും മാര്‍ഗ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവ.്
കുട്ടികള്‍ക്കെതിരേയുള്ള പീഡനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി കമ്മീഷന്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉടന്‍ ഉത്തരവു പുറപ്പെടുവിക്കണമെന്നും ഈ ഉത്തരവ് ഉപ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ വഴി എല്ലാ വിദ്യാലയങ്ങളിലും എത്തിക്കണമെന്നുമുള്ള നിര്‍ദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അവഗണിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എതിര്‍കക്ഷിയായ പരാതിയില്‍ തീര്‍പ്പുകല്‍പിച്ചാണ് ബാലാവകാശ കമ്മീഷന്‍ പുതിയ ഉത്തരവു പുറപ്പെടുവിച്ചത്.
ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രക്ഷിതാക്കളോടോ അധ്യാപകരോടോ പറയുന്നതില്‍ കുട്ടികള്‍ കാണിക്കുന്ന വിമുഖതയാണ് അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം. ഇതു പരിഹരിക്കാന്‍ എല്ലാ വിദ്യാലയത്തിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കണമെന്നും കുട്ടികള്‍ക്ക് നിര്‍ഭയമായി പരാതി നിക്ഷേപിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഓഫിസിനോടു ചേര്‍ന്നായിരിക്കണം ഇവ സ്ഥാപിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. പെട്ടി തുറക്കുന്നതിനും പരാതികള്‍ കൈകാര്യം ചെയ്യുന്നതിനും ഹെഡ്മാസ്റ്റര്‍, ഒരു അധ്യാപിക, പിടിഎയുടെയോ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റിയുടെയോ പ്രസിഡന്റ്, സ്‌കൂള്‍ ലീഡര്‍ എന്നിവര്‍ അംഗങ്ങളായ കമ്മറ്റിക്കു രൂപം നല്‍കണം. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കമ്മിറ്റി അംഗങ്ങള്‍ ഒരുമിച്ച് പെട്ടി തുറന്ന് പരാതികള്‍ പരിശോധിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തി നടപടി സ്വീകരിക്കണം.
ലൈംഗികാതിക്രമം സംബന്ധിച്ച പരാതികളാണെങ്കില്‍ പോലിസിനെയും ചൈല്‍ഡ് ലൈനിനെയും ബന്ധപ്പെട്ട അധികാരികളെയും അറിയിക്കണമെന്നും പരാതികളുടെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനും കമ്മിറ്റി അംഗങ്ങള്‍ക്ക് ശിശുസംരക്ഷണ യൂനിറ്റുകളുമായി സഹകരിച്ച് ഉപജില്ലാ തലത്തില്‍ പരിശീലനം നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.
മെയ് മാസത്തിലെ ഉത്തരവു നടപ്പാവാത്ത സാഹചര്യത്തില്‍, പുതിയ ഉത്തരവു കൈപ്പറ്റി ഒരു മാസത്തിനകം റിപോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ബാലനീതി വകുപ്പ് ഉള്‍പ്പെടെയുള്ള ഏജന്‍സികളെ സഹകരിപ്പിച്ചുകൊണ്ട് കൗണ്‍സലിങ് നടത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഈ നിര്‍ദേശം നടപ്പാക്കുന്ന കാര്യത്തിലും വിദ്യാഭ്യാസ വകുപ്പ് തികഞ്ഞ അനാസ്ഥയാണു കാണിക്കുന്നത്.
കുട്ടികള്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും ഇവ തടയാനുതകുന്ന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഫയലുകളില്‍ സുഷുപ്തിയില്‍ തന്നെയാണ്.
Next Story

RELATED STORIES

Share it