Alappuzha local

വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന; മൂന്നംഗസംഘം പിടിയില്‍

മുഹമ്മ: വിദ്യാലയങ്ങളും കായല്‍തീരങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്ന മൂന്നംഗ സംഘം പോലിസ് പിടിയില്‍. കഞ്ഞിക്കുഴി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ കാട്ടുകട ലക്ഷ്മി സദനത്തില്‍ വിഷ്ണു പ്രസാദ് (28), മായിത്തറ ദ്വാരകയില്‍ അമല്‍ വി നായര്‍ (19), കഞ്ഞിക്കുഴി 16-ാം വാര്‍ഡില്‍ എസ് എന്‍ നിലയത്തില്‍ നന്ദകുമാര്‍ (19) എന്നിവരെയാണ് മുഹമ്മ എസ്‌ഐ സി സി പ്രതാപ്ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി.
ലഹരി വിരുദ്ധ ദിനത്തില്‍ പോലിസ് നടത്തിയ റെയ്ഡില്‍ കാട്ടുകട ഭാഗത്ത് നിന്ന് നന്ദകുമാറിനെയാണ് ആദ്യം പിടികൂടുന്നത്. 15, 16 വയസ് പ്രായമുള്ള വിദ്യാര്‍ഥികള്‍ സ്ഥിരമായി സ്‌കൂളില്‍ പോവാതെ കറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍പെട്ട രക്ഷിതാക്കള്‍ മുഹമ്മ പോലിസില്‍ പരാതി നല്‍കിയിരുന്നു. കുട്ടികളെ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ വിവരം ലഭിച്ചത്.
പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് മറ്റുരണ്ടുപേര്‍ കൂടി കുടുങ്ങിയത്. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന സംഘത്തെ കുറിച്ച് പോലിസ് അന്വേഷിച്ചുവരുന്നു. തണ്ണീര്‍ മുക്കം മുതല്‍ ആര്യാട് വരെ കായലോര മേഖലകളില്‍ ഇരു ചക്രവാഹനങ്ങളില്‍ എത്തുന്ന യുവാക്കളുടെ സംഘത്തിന് കഞ്ചാവ് വില്‍പ്പനയുമായി ബന്ധമുണ്ടോയെന്ന് പോലിസ് നിരീക്ഷിച്ചിക്കുന്നുണ്ട്.
കഞ്ഞിക്കുഴി ഇല്ലത്ത്കാവ്, മുഹമ്മ പഞ്ചായത്തിലെ എലിപ്പനം, ബസ്സ്റ്റാന്റ്, ലക്ഷംവീട് കോളനികള്‍, ആര്യക്കര ഡിപ്പോക്കല്ല്, കൊച്ചനാകുളങ്ങര, കായിപ്പുറം ലെമന്‍ട്രി റിസോര്‍ട്ടിന് സമീപത്തെ ആള്‍പാര്‍പ്പില്ലാതെ കിടക്കുന്ന വീട് എന്നിവ ഇവരുടെ വില്‍പ്പന കേന്ദ്രങ്ങളാണ്.
Next Story

RELATED STORIES

Share it