വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം: പ്രതിരോധ നടപടികളുമായി എക്‌സൈസ്; സ്‌കൂളുകളില്‍ പരാതിപ്പെട്ടി സ്ഥാപിക്കും

പി പി ഷിയാസ്

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാനുള്ള വിവിധ പദ്ധതികളുമായി എക്‌സൈസ് വകുപ്പും രംഗത്ത്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന്റെ നേതൃത്വത്തിലാണ് നടപടികള്‍. നിലവില്‍ അനധികൃത മദ്യ-ലഹരി വില്‍പനയ്‌ക്കെതിരേ വ്യാപക റെയ്ഡുകള്‍ നടത്തുന്ന എക്‌സൈസ് വകുപ്പ് വിദ്യാലയങ്ങളിലേക്കു കൂടി നേരിട്ട് ഇടപെടുകയാണ്.
കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം ഇല്ലാതാക്കാന്‍ ആന്റി നാര്‍ക്കോട്ടിക്‌സ് സെല്ലിന്റെ നേതൃത്വത്തില്‍ വിവിധ നടപടികള്‍ സംസ്ഥാനത്ത് നടന്നുവരുന്നുണ്ട്. ഇതിനൊപ്പമാണ് സംഭവത്തില്‍ ഗൗരവതരമായ നീക്കത്തിന് എക്‌സൈസ് കമ്മീഷണറായി പുതുതായി ചാര്‍ജെടുത്ത ഋഷിരാജ് സിങും മുന്‍കൈയെടുക്കുന്നത്.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ പരാതിപ്പെട്ടി സ്ഥാപിക്കുകയാണ് ഇതില്‍ പ്രധാനം. നിലവില്‍ വിവിധ ജില്ലകളില്‍ ഇതിനോടകം പരാതിപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന ജില്ലകളിലെ സ്‌കൂളുകളില്‍ കൂടി ഇത് ഉടന്‍ നടപ്പാക്കുമെന്ന് അഡീഷനല്‍ എക്‌സൈസ് കമ്മീഷണര്‍ ജീവന്‍ ബാബു ഐഎഎസ് പറഞ്ഞു. ഇവയില്‍ വിദ്യാര്‍ഥികള്‍ നിക്ഷേപിക്കുന്ന പരാതികള്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് അയക്കും. ഇദ്ദേഹത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാവും തുടര്‍നടപടികള്‍. സ്‌കൂളുകളിലെ ലഹരിവിരുദ്ധ ക്ലബ്ബുകളുടെ സഹായത്തോടെ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.
ഇതോടൊപ്പം സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും എക്‌സൈസ് കമ്മീഷണറുടെ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം, സ്‌കൂളുകള്‍ക്കടുത്തുള്ള കടകളിലെ ലഹരിപദാര്‍ഥ വില്‍പന തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ അദ്ദേഹത്തെ വിവരമറിയിക്കാം. സ്‌കൂളുകള്‍ക്കു സമീപത്തെ കടകള്‍ക്ക് ഇതിനോടകംതന്നെ ലഹരിപദാര്‍ഥ വില്‍പന പാടില്ലെന്നും പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പോലിസിനെക്കൂടാതെ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരും കടകളില്‍ പരിശോധന നടത്തി കര്‍ശന നടപടി കൈക്കൊള്ളും. സ്‌കൂളുകള്‍ക്കു സമീപത്തെ കടകളില്‍ സിഗരറ്റ്, ബീഡി, പാന്‍പരാഗ് തുടങ്ങിയ ലഹരിപദാര്‍ഥങ്ങളും ലഹരിമിഠായികളും വില്‍ക്കാന്‍ പാടില്ലെന്നാണു നിയമം.
ഇതോടൊപ്പം, പ്രോല്‍സാഹനമെന്ന നിലയ്ക്ക് മികച്ച ലഹരി-മദ്യ വിരുദ്ധ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡുകളും എക്‌സൈസ് വകുപ്പ് നല്‍കുന്നുണ്ട്. ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26ന് സ്‌കൂളുകളിലെ മികച്ച ലഹരിവിരുദ്ധ ക്ലബ്, ക്ലബ് അംഗം, കോളജ് ലഹരിവിരുദ്ധ ക്ലബ്, സന്നദ്ധ സേവകന്‍, സംഘടന എന്നിവയ്ക്കാണ് അവാര്‍ഡ് നല്‍കുക. ഇതിനായുള്ള അപേക്ഷകള്‍ വകുപ്പ് വിതരണം ചെയ്തുതുടങ്ങി.
അതേസമയം, അനധികൃത ലഹരി-മദ്യ വില്‍പനയ്‌ക്കെതിരേ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കാന്‍ എക്‌സൈസ് വകുപ്പ് ശുപാര്‍ശ ചെയ്യും. സിപിരിറ്റ് അടക്കമുള്ള വസ്തുക്കള്‍ പിടിക്കപ്പെട്ടാല്‍ അതിന്റെ വിലയുടെ 20 ശതമാനം വരെ കമ്മീഷന്‍ നല്‍കാനുള്ള നീക്കമാണ് വകുപ്പു നടത്തുക.
സ്ഥാനമേറ്റയുടന്‍ അനധികൃത മദ്യവില്‍പന ശാലകളില്‍ എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചിരുന്നു.
Next Story

RELATED STORIES

Share it