വിദ്യാര്‍ഥികളെ പോലിസ് കരുതിക്കൂട്ടി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഡല്‍ഹി ജണ്ഡേവാലയിലെ ആര്‍എസ്എസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പോലിസ് കരുതിക്കൂട്ടി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. ജനുവരി 30ന് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ പ്രകോപനമൊന്നുമില്ലാതെ പോലിസും ആര്‍എസ്എസ് പ്രവര്‍ത്തകരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്ന 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലാണ് പ്രത്യക്ഷപ്പെട്ടത്.
പോലിസ് വിദ്യാര്‍ഥികളെ കരുതിക്കൂട്ടി മര്‍ദ്ദിക്കുകയായിരുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണിത്. ഒരു പെണ്‍കുട്ടിയെ പോലിസുകാരന്‍ മുടിയില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴക്കുന്നതും വീഡിയോയിലുണ്ട്. പുരുഷ പോലിസുകാരാണ് സ്ത്രീകളെ മര്‍ദ്ദിച്ചതെന്നും ആര്‍എസ്എസുകാര്‍ പോലിസിനൊപ്പം അക്രമത്തില്‍ പങ്കാളിയായെന്നും ആം ആദ്മി പാര്‍ട്ടി ഡല്‍ഹി കണ്‍വീനര്‍ ദിലീപ് പാണ്ഡെ ആരോപിച്ചു. ഇതോടൊപ്പം മലയാളിയായ മാധ്യമപ്രവര്‍ത്തകനെയും പോലിസ് മര്‍ദ്ദിച്ചിരുന്നു. പല മാധ്യമ ഫോട്ടോഗ്രാഫര്‍മാരുടെയും കാമറ പോലിസ് തല്ലിത്തകര്‍ത്തു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ജോയിന്റ് ആക്ഷന്‍ കമ്മറ്റി ഫോര്‍ സോഷ്യല്‍ ജസ്റ്റിസാണ് പരിപാടി സ്ംഘടിപ്പിച്ചത്. കാംപസ് ഫ്രണ്ട് ഉള്‍പ്പടെയുള്ള സംഘടനകളും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. പ്രതിഷേധക്കാരെ നേരിടാന്‍ ആവശ്യമായ വനിതാ പോലിസിനെ നിയോഗിച്ചിരുന്നില്ല. പോലിസ് നടപടി അംഗീകരിക്കാനാവാത്തതാണെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it