വിദ്യാര്‍ഥികളുടെ വസ്ത്ര സ്വാതന്ത്ര്യത്തില്‍ ഇടപെടരുത്: കാംപസ് ഫ്രണ്ട്

കോഴിക്കോട്: സിബിഎസ്‌സി ഓള്‍ ഇന്ത്യ പ്രി മെഡിക്കല്‍/ഡെന്റല്‍ പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികളുടെ മേല്‍ സിബിഎസ്‌സി അധികൃതര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഡ്രസ്‌കോഡ് പിന്‍വലിക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പരീക്ഷയ്ക്കിടയില്‍ കോപ്പിയടി തടയാന്‍ ആധുനിക സൗകര്യങ്ങള്‍ സുലഭമായ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ വിദ്യാര്‍ഥികളുടെ വസ്ത്ര സ്വാതന്ത്ര്യത്തില്‍ പ്രാകൃത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അംഗീകരിക്കാന്‍ കഴിയില്ല.
സിബിഎസ്‌സി ഇത്തരം ഒരു സമീപനത്തിലൂടെ ഒരു പരീക്ഷ സുതാര്യമായി നടത്താനുള്ള തങ്ങളുടെ കഴിവില്ലായ്മയെയാണു വ്യക്തമാക്കുന്നത്.മുസ്‌ലിം സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥി- വിദ്യാര്‍ഥിനികളുടെ ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിനു മേലുള്ള കൈയേറ്റം കൂടിയാണിത്. സ്ഥിരമായി ധരിക്കുന്ന വസ്ത്രത്തില്‍ നിന്നു ഭിന്നമായ വസ്ത്രം ധരിച്ച് പരീക്ഷ എഴുതുമ്പോള്‍ വിദ്യാര്‍ഥികളില്‍ മാനസ്സിക സംഘര്‍ഷത്തിനു വഴിവയ്ക്കും. അതുകൊണ്ട് സിബിഎസ്‌സിയുടെ ഡ്രസ് കോഡ് അടിയന്തരമായി പിന്‍വലിക്കണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം പരീക്ഷാ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് പോലുള്ള സമര മാര്‍ഗങ്ങളുമായി കാംപസ് ഫ്രണ്ട് രംഗത്ത് ഇറങ്ങുമെന്നും കമ്മിറ്റി വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍, വൈസ് പ്രസിഡന്റ് നഫീസത്തുല്‍ മിസ്രിയ, ആരിഫ് മുഹമ്മദ്, മുഹമ്മദ് റിഫ, കെ എ ഷെമീര്‍, നിഷാദ് കെ എം, എസ് മുഹമ്മദ് റാഷിദ്, ഷെഫീഖ് കല്ലായി, മുഹമ്മദ് ഇയാസ് സംസാരിച്ചു.
Next Story

RELATED STORIES

Share it