Alappuzha local

വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലാക്കി വീണ്ടും ഡെന്റല്‍ കൗണ്‍സിലിന്റെ പരിശോധന

അമ്പലപ്പുഴ: വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലാക്കി വീണ്ടും ഡെന്റല്‍ കൗണ്‍സിലിന്റെ പരിശോധന. 2014 ല്‍ യുഡിഎഫ് സര്‍ക്കാര്‍ തുടക്കം കുറിച്ച വണ്ടാനം ടി ഡി മെഡിക്കല്‍ കോളജിന് സമീപം പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ഗവണ്‍മെന്റ് ഡെന്റല്‍കോളജിലാണ് 98 വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കുന്ന ദന്തല്‍ കൗണ്‍സിലിന്റെ പരിശോധന ഇന്നലെ നടന്നത്.
പ്രിന്‍സിപ്പലടക്കം 37 തസ്തികളാണ് ഇവിടെ ഒഴിഞ്ഞ് കിടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് വേറെയും. ഈ ഘട്ടത്തില്‍ രണ്ടാമത്തെ അധ്യയനവര്‍ഷാരംഭത്തില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കേണ്ടെന്ന് ദന്തല്‍ കൗണ്‍സിലിന്റെ കര്‍ശന നിര്‍ദേശവുമുണ്ടായിരുന്നു. ഒടുവില്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് പ്രവേശനം നടത്തിയത്. പ്രിന്‍സിപ്പലായിരുന്ന ഡോ. എം കെ മംഗളം ആരോഗ്യസര്‍വകലാശാല രജിസ്ട്രാറായി കഴിഞ്ഞ നവംബറില്‍ പോയിരുന്നു. ഇതിന് പകരമായി നിയനം നടത്തിയിട്ടില്ല.
ഒപ്പം ഡെന്റല്‍ വിഭാഗത്തില്‍ മൂന്ന് പ്രഫസര്‍മാര്‍, ഏഴ് അസ്സോസിയേറ്റ് പ്രഫസര്‍മാര്‍, എട്ട് അസിസ്റ്റന്റ് പ്രഫസര്‍മാര്‍ എന്നീ തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. മെഡിസിന്‍ വിഭാഗത്തില്‍ രണ്ട് അസോസിയേറ്റ് പ്രഫസര്‍മാരുടേയും രണ്ട് അസിസ്റ്റന്റ് പ്രഫസര്‍മാരുടേയും ഒഴിവുണ്ട്. അധ്യാപകേതര വിഭാഗത്തില്‍ 14 തസ്തികകളുടെ ഒഴിവ് വേറെയുമുണ്ട്.
സ്വന്തമായി കെട്ടിടം പോലും നിര്‍മിക്കാതെ കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബഹുനില കെട്ടിടത്തിലാണ് നിലവില്‍ ഡെന്റല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്.
എസ്‌സി, എസ്ടി വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വച്ച് സഹകരണ വകുപ്പ് മന്ത്രിയായിരുന്ന ജി സുധാകരന്‍ എംഎല്‍എയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന പി കെ ശ്രീമതി ഇവിടെ പ്രിയദര്‍ശിനി പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്ഥാപനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ മാറി വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കാതെ കെട്ടിടത്തില്‍ ഡെന്റല്‍ കോളജ് ആരംഭിക്കുകയായിരുന്നു.
ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാതെയോ ആണ് ഡെന്റല്‍ കോളജ് ആരംഭിച്ചത്.
ഇതിനിടെ കെട്ടിട നിര്‍മാണം ആരംഭിച്ചെങ്കിലും ഒച്ചിഴയും വേഗത്തിലാണ് അതിന്റെ നിര്‍മാണം. ഈ ഘട്ടത്തിലാണ് ഡല്‍ഹിയില്‍ നിന്നുള്ള രണ്ടംഗ ഡെന്റല്‍ കൗണ്‍സില്‍ സംഘം ശനിയാഴ്ച കോളജില്‍ അടിസ്ഥാന സൗകര്യങ്ങളോടെ പരിശോധനയ്‌ക്കെത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയാല്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥി പ്രവേശനം തടയുമെന്നാണ് സൂചന. ഇത് വിദ്യാര്‍ഥികളെയും രക്ഷകര്‍ത്താക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it