വിദ്യാരംഗത്തെ സംഘപരിവാര അജണ്ട

എന്‍ പി ചെക്കുട്ടി

1990ല്‍ വി പി സിങ് പ്രധാനമന്ത്രിയായിരുന്ന വേളയില്‍ മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു മുഹൂര്‍ത്തമാണെന്ന് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം സംബന്ധിച്ച തന്റെ ബൃഹദ് ഗ്രന്ഥത്തില്‍- ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി- രാമചന്ദ്രഗുഹ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക മേഖലകളെ ആഴത്തില്‍ സ്വാധീനിക്കുന്ന നിരവധി ധാരകള്‍ ആ സവിശേഷ ചരിത്ര സന്ധിയില്‍ ഉറവെടുത്തതാണെന്ന് ആര്‍ക്കും കണ്ടറിയാവുന്നതാണ്. അന്ന് ആരംഭിച്ച സാമൂഹിക പ്രകമ്പനം ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളെ ആകെ പിടിച്ചുകുലുക്കി.
അടിയന്തരാവസ്ഥയെ തുടര്‍ന്നു അധികാരത്തിലേറിയ ജനതാ മന്ത്രിസഭയാണ് മണ്ഡല്‍ കമ്മീഷനെ നിയോഗിച്ചത്. ഇന്ത്യയുടെ അധികാരമണ്ഡലം വരേണ്യരുടെ കുത്തകയായി നിലനിന്ന സാഹചര്യമാണ് അന്നുണ്ടായിരുന്നത്. ഉന്നതപദവികളില്‍ പിന്നാക്ക-ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള അംഗങ്ങളുടെ എണ്ണം പരിമിതമായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഈ സാമൂഹിക വിഭാഗങ്ങളുടെ ആകെയുള്ള പങ്കാളിത്തം ക്ലാസ് ഫോര്‍ സര്‍വീസില്‍ മാത്രമായിരുന്നു. ഉയര്‍ന്ന ക്ലാസ് സര്‍വീസ് മേഖലയില്‍ അക്കാലത്ത് നിലനിന്ന ബ്രാഹ്മണാധിപത്യത്തിന്റെ കൃത്യമായ ചിത്രം രാമചന്ദ്ര ഗുഹയുടെ പുസ്തകത്തില്‍ നല്‍കുന്ന കണക്കുകളില്‍ വ്യക്തമാണ്.
ഈ അവസ്ഥയ്‌ക്കെതിരായി ഉയര്‍ന്നുവന്ന ജനരോഷം കണക്കിലെടുത്തുകൊണ്ടാണ് ജനതാ മന്ത്രിസഭ വിഷയം പഠിക്കാനായി മണ്ഡല്‍ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്റെ പ്രവര്‍ത്തനം ആരംഭിക്കുമ്പോഴേക്കും ജനതാ മന്ത്രിസഭ താഴെ വീണുകഴിഞ്ഞിരുന്നു. പിന്നീട് ഇന്ദിരാഗാന്ധി അധികാരത്തിലെത്തി. എന്നാല്‍, കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോവാനാണ് ഇന്ദിരാഗാന്ധിയും തീരുമാനിച്ചത്.
കമ്മീഷന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും പക്ഷേ, ഒരു പതിറ്റാണ്ടുകാലം സര്‍ക്കാരിന്റെ അലമാരയില്‍ ശുഷുപ്തിയിലായിരുന്നു. വി പി സിങ് അധികാരത്തിലെത്തിയ വേളയിലാണ് ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള തീരുമാനം സ്വീകരിക്കുന്നത്. വരേണ്യവര്‍ഗ വിഭാഗങ്ങളില്‍നിന്ന് കടുത്ത എതിര്‍പ്പാണ് ആ തീരുമാനം നേരിട്ടത്. വി പി സിങ് മന്ത്രിസഭയെ അട്ടിമറിക്കാനുള്ള നീക്കമാണ് പിന്നീട് രാഷ്ട്രീയമണ്ഡലങ്ങളില്‍ മുന്നേറിയത്. വിദ്യാര്‍ഥികളെ കളത്തിലിറക്കി അക്രമാസക്തമായ കലാപങ്ങള്‍ അരങ്ങേറി. മെറിറ്റ് അഥവാ യോഗ്യത അട്ടിമറിക്കപ്പെടുന്നുവെന്നും അത് രാജ്യത്തിന്റെ ഭാവിയെത്തന്നെ അപകടത്തിലാക്കുമെന്നുമുള്ള വ്യാജ പ്രചാരവേല രാജ്യമെങ്ങും നടപ്പായി. അക്കാലത്ത് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്ററായിരുന്ന അരുണ്‍ ഷൂരിയാണ് ഈ വരേണ്യവര്‍ഗ വ്യാജ പ്രചാരവേലകളുടെ ഏറ്റവും ശക്തനായ വക്താവും പ്രയോക്താവുമായി പ്രവര്‍ത്തിച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസും ഇന്ത്യാ ടുഡേയുമടക്കമുള്ള മാധ്യമസ്ഥാപനങ്ങള്‍ മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നതില്‍ മുന്‍നിരയില്‍ നിന്നവരാണ്.
അക്കാലത്ത് രാജ്യത്ത് ഉയര്‍ന്നുവന്ന പിന്നാക്കസമുദായ രാഷ്ട്രീയപ്രസ്ഥാനങ്ങളെയും ദലിത് ശാക്തീകരണപ്രസ്ഥാനങ്ങളെയും ഇക്കൂട്ടര്‍ വളരെ സംശയത്തോടെയും വിരോധത്തോടെയുമാണു നോക്കിക്കണ്ടത്. അന്ന് ദേശീയരംഗത്ത് പുതുതാരമായി ഉദിച്ചുവന്ന ലാലുപ്രസാദ് യാദവിനെ 'സംസ്‌കാരശൂന്യനായ ഒരു കാലിത്തൊഴുത്തുകാരന്‍' എന്ന മട്ടിലാണ് ഡല്‍ഹിയിലെ ബ്രാഹ്മണ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ലാലുവിന് ഡല്‍ഹിയിലെ വസതിയില്‍ വിശാലമായ തൊഴുത്തും നല്ല ഒന്നാന്തരം കറവപ്പശുക്കളുമുണ്ടായിരുന്നു. ഗോമാതാജിയുടെ സ്വന്തം ആള്‍ക്കാരായ സംഘപരിവാര മാധ്യമപ്രവര്‍ത്തകര്‍പോലും പക്ഷേ ലാലുവിനെ അപമാനിക്കുന്നതരത്തിലുള്ള വാര്‍ത്തകളും കാര്‍ട്ടൂണുകളുമാണ് അക്കാലത്ത് പടച്ചുവിട്ടുകൊണ്ടിരുന്നത്.
മറുവശത്ത് വാജ്‌പേയിയും ലാല്‍കൃഷ്ണ അഡ്വാനിയും നയിച്ച ഭാരതീയ ജനതാ പാര്‍ട്ടി വി പി സിങിന്റെ മണ്ഡല്‍ നിര്‍ദേശങ്ങളെ അട്ടിമറിക്കാനായി പുതിയ പദ്ധതികളുമായി രംഗത്തിറങ്ങി. ഹിന്ദു ഐക്യമെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ചുവന്ന ആര്‍എസ്എസിന്റെ മുഖ്യ അജണ്ടയ്ക്ക് ഏറ്റവും വലിയ വിഘാതമായി നില്‍ക്കുന്നതാണ് മണ്ഡല്‍ പ്രഖ്യാപനം എന്ന് അവര്‍ കണ്ടറിഞ്ഞിരുന്നു. പിന്നാക്ക-ദലിത് സമുദായങ്ങള്‍ക്ക് സര്‍ക്കാരില്‍ യാതൊരു പ്രാതിനിധ്യവും നല്‍കുന്നത് അംഗീകരിക്കാനാവില്ല എന്ന നിലപാടിലായിരുന്നു മുന്നാക്കസമുദായങ്ങള്‍. അതോടെ ഹിന്ദുസമൂഹത്തില്‍ ഐക്യത്തിനു പകരം കടുത്ത ഭിന്നതയും രൂക്ഷമായ സംഘര്‍ഷങ്ങളുമാണ് വളര്‍ന്നുവരുന്നത് എന്ന് ആര്‍എസ്എസ് വിലയിരുത്തി.
അതിനെ മറികടക്കാനായാണ് 1990ല്‍ തന്നെ അവര്‍ രാമജന്മഭൂമി പ്രക്ഷോഭം ആരംഭിച്ചത്. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍നിന്ന് അയോധ്യ വരെ നടന്ന രഥയാത്ര അസാധാരണമായ രാഷ്ട്രീയ-സാമൂഹിക പ്രത്യാഘാതങ്ങളാണ് ഉളവാക്കിയത്. രഥയാത്രയുടെ അന്ത്യം ബാബരിയുടെ നേരെയുള്ള ആക്രമണത്തിലാണ് എത്തിച്ചേര്‍ന്നത്. രാജ്യത്തിന്റെ ചരിത്രം ആകെ മാറ്റിയെഴുതപ്പെടുന്ന അവസ്ഥയാണ് അതിലൂടെ സംജാതമായത്.
ഹിന്ദുസമൂഹത്തെ ന്യൂനപക്ഷവിരുദ്ധ മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ വികാരംകൊള്ളിക്കുകയും അതിലൂടെ നേട്ടമുണ്ടാക്കുകയും ചെയ്യുക എന്ന ആര്‍എസ്എസ് അജണ്ട വലിയ പരിധിവരെ ഈ കാലഘട്ടത്തില്‍ വിജയിക്കുകയായിരുന്നു. ആ പതിറ്റാണ്ടിന്റെ അവസാനം വാജ്‌പേയിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറി. ആദ്യം എതാനും ദിവസങ്ങളും രണ്ടാംതവണ ഏതാണ്ട് ഒരു കൊല്ലവും ഭരിച്ചശേഷം 1999ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം കേവല ഭൂരിപക്ഷം നേടി വാജ്‌പേയി സര്‍ക്കാര്‍ 2004 വരെ ഭരിച്ച് അഞ്ചുകൊല്ലം തികച്ചു ഭരിക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ് ഇതര മന്ത്രിസഭയായി ചരിത്രത്തില്‍ ഇടംനേടി.
പിന്നീട് 2004ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസ് നയിച്ച യുപിഎ ആയിരുന്നു. 10 വര്‍ഷക്കാലം കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ ഭരിച്ചുവെങ്കിലും 2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നത് 1990 മുതല്‍ അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വര്‍ഗീയ അജണ്ടയുടെ സ്വാധീനശക്തിയാണ് തെളിയിക്കുന്നത്. ഈ സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഭരണത്തിന്റെ അനുഭവങ്ങള്‍ തെളിയിക്കുന്നത് ഹിന്ദുത്വ ഐക്യത്തിന്റെ പേരിലുള്ള അവരുടെ വാചകമടിയുടെ യഥാര്‍ഥ ലക്ഷ്യം വീണ്ടും ബ്രാഹ്മണാധിപത്യത്തിലുള്ള ഒരു സവര്‍ണ സംസ്‌കാരം പുനസ്ഥാപിക്കുക എന്നതുതന്നെയാണെന്നു വ്യക്തമാക്കുന്നുണ്ട്. ഈ പ്രചാരവേലയുടെ വിവിധ ഘട്ടങ്ങളില്‍ തങ്ങളുടെ യഥാര്‍ഥ എതിരാളികള്‍ ആരാണെന്ന് അവര്‍ നിരന്തരം വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ മുസ്‌ലിംകളും ക്രൈസ്തവരും ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ മുഖ്യസ്ഥാനത്താണ്. അതേപോലെ തന്നെ അവര്‍ക്ക് കണ്ണിലെ കരടായി നില്‍ക്കുന്ന സാമൂഹികവിഭാഗങ്ങളാണ് പുതുതായി സാമൂഹിക-രാഷ്ട്രീയ ഘടനയില്‍ തങ്ങളുടെ പ്രാതിനിധ്യം ആവശ്യപ്പെടുന്ന പിന്നാക്ക-ദലിത് വിഭാഗങ്ങള്‍. യഥാര്‍ഥത്തില്‍ 1990ല്‍ മണ്ഡലിനെതിരായ ആയുധമായാണ് അവര്‍ രാമജന്മഭൂമി പ്രക്ഷോഭം ആരംഭിച്ചത് എന്നതില്‍നിന്നുതന്നെ അതിന്റെ കൃത്യമായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമായിരുന്നു. അതുകൊണ്ടാണ് മണ്ഡലിനെ തടയാന്‍ കമണ്ഡല്‍ എന്ന് അന്നു ചില രാഷ്ട്രീയ നിരീക്ഷകര്‍ വ്യാഖ്യാനം നല്‍കിയത്.
ഇപ്പോള്‍ അതു സത്യമായി തെളിഞ്ഞുവരുകയാണ്. തങ്ങളുടെ അധികാര കുത്തകയെ വെല്ലുവിളിക്കുന്ന സാമൂഹിക വിഭാഗങ്ങള്‍ അടിത്തട്ടില്‍ ശക്തിപ്രാപിക്കുന്നത് സവര്‍ണ സാമൂഹിക മേധാവികളെ അസ്വസ്ഥരാക്കുന്നുണ്ട്. വിദ്യാഭ്യാസമാണ് അവരുടെ ശാക്തീകരണത്തിന്റെ പ്രാണവായു എന്നും അവര്‍ തിരിച്ചറിയുന്നുണ്ട്. അതിനാല്‍ ഇത്തരം അവശ സാമൂഹികവിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസം പ്രദാനംചെയ്യുന്ന പൊതുമേഖലയിലെ സര്‍വകലാശാലകളെ തകര്‍ക്കുക എന്ന ലക്ഷ്യം അവര്‍ മുമ്പോട്ടുവച്ചുകഴിഞ്ഞു. പൊതുമേഖലാ സര്‍വകലാശാലകളുടെ നേരെ സംഘപരിവാരവിദ്യാര്‍ഥികളും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും അവരുടെ പിണിയാളുകളും ചേര്‍ന്ന് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങള്‍ അവരുടെ യഥാര്‍ഥ ലക്ഷ്യം എന്താണെന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനാല്‍ പൊതുമേഖലയിലെ ഉന്നത കലാലയങ്ങളെ സംരക്ഷിക്കുക എന്നത് ഇന്ന് ഇന്ത്യയിലെ വളര്‍ന്നുവരുന്ന ഫാഷിസ്റ്റ്‌വല്‍ക്കരണത്തിനെതിരായ സമരത്തിലെ സുപ്രധാനമായ ഒരു കടമയാണ് എന്ന് കണ്ടെത്താന്‍ കഴിയും.
Next Story

RELATED STORIES

Share it