വിദ്യാഭ്യാസ വായ്പ തിരിച്ചു പിടിക്കല്‍; എസ്ബിടി നടപടിയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസവായ്പ തിരിച്ചുപിടിക്കാന്‍ എസ്ബിടി, റിലയന്‍സ് അസറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയെ ചുമതലപ്പെടുത്തിയതിനോട് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി ജൂലൈയില്‍ നിയമസഭ പ്രമേയം പാസ്സാക്കി റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും കത്തു നല്‍കിയിരുന്നു. വായ്പ തിരിച്ചുപിടിക്കാന്‍ എസ്ബിടിക്ക് അവകാശമുണ്ടെന്ന മറുപടിയാണ് കേന്ദ്രത്തില്‍നിന്നു ലഭിച്ചത്. ഇത് തൃപ്തികരമല്ല. വായ്പ തിരിച്ചു പിടിക്കാന്‍ പ്രായോഗിക സമീപനം സ്വീകരിക്കണം. സാമൂഹിക ബാധ്യതയോടെ ബാങ്കുകള്‍ കാര്യങ്ങള്‍ കാണണം. സംസ്ഥാനത്തിന്റെ ഇക്കാര്യത്തിലുള്ള എതിര്‍പ്പ് ലഭ്യമായ വേദികളിലെല്ലാം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ വായ്പയെടുക്കുന്നവരില്‍ നല്ലൊരു ശതമാനവും ജോലി ലഭിച്ചാല്‍ തിരിച്ചടയ്ക്കുന്നുണ്ട്. ജോലി ലഭിക്കാത്തവര്‍ക്ക് തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ല. ഏജന്‍സികളെ ഉപയോഗിച്ച് വായ്പ തിരിച്ചു പിടിക്കുന്ന നടപടിയോട് സര്‍ക്കാരിനു യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മല്‍സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് ഡൊമിനിക് പ്രസന്റേഷന്റെ സബ്മിഷനു മുഖ്യമന്ത്രി മറുപടി നല്‍കി.
സിആര്‍ഇസഡ് നിയമത്തില്‍ ഇളവുകള്‍ വേണമെന്ന ആവശ്യം സംസ്ഥാനം തുടര്‍ച്ചയായി കേന്ദ്രത്തിനു മുന്നില്‍ ഉന്നയിച്ചുവരിയാണ്. കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ വച്ചു പ്രധാനമന്ത്രിയോട് ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it