വിദ്യാഭ്യാസ അവകാശം: ഭേദഗതി വേണമെന്ന് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്യാന്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ വിദ്യാര്‍ഥികളെ തോല്‍പിക്കരുതെന്ന വ്യവസ്ഥ റദ്ദാക്കണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 14 സംസ്ഥാനങ്ങളാണ് മാനവശേഷി വികസന മന്ത്രാലയത്തെ പ്രതികരണമറിയിച്ചത്. ഇതില്‍ കര്‍ണാടകയൊഴിച്ച് ബാക്കി സംസ്ഥാനങ്ങള്‍ വിദ്യാര്‍ഥികളെ തോല്‍പിക്കരുതെന്ന വ്യവസ്ഥക്കെതിരാണ്.

വിദ്യാര്‍ഥികളെ തോല്‍പിക്കരുതെന്ന നയം മൂലം അവര്‍ പരീക്ഷകളെ ഗൗരവത്തിലെടുക്കുന്നില്ലെന്നും അത് ഒമ്പതും പത്തും ക്ലാസുകളിലെ പഠനം ക്ലേശകരമാക്കുന്നുവെന്നുമാണ് ചില സംസ്ഥാനങ്ങള്‍ കരുതുന്നത്. പഞ്ചാബ്, ബിഹാര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയമത്തിലെ വിദ്യാര്‍ഥികളെ തോല്‍പിക്കരുതെന്ന വ്യവസ്ഥ എടുത്തുകളയണമെന്ന പക്ഷക്കാരാണ്.
14 വയസ്സുവരെയുള്ള വിദ്യാര്‍ഥികളുടെ പഠനം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് 2010ല്‍ വിദ്യാഭ്യാസ അവകാശനിയമം പ്രാബല്യത്തില്‍ വന്നത്. നിയമത്തിലെ പ്രധാനവ്യവസ്ഥ എട്ടുവരെയുള്ള വിദ്യാര്‍ഥികളെ തോല്‍പിക്കരുതെന്നാണ്.
Next Story

RELATED STORIES

Share it