വിദ്യാഭ്യാസമാണ് കേരളത്തിന്റെ അടിത്തറ: ഉപരാഷ്ട്രപതി

തിരുവനന്തപുരം: സമ്പൂര്‍ണ സാക്ഷരത നേടി രണ്ടര പതിറ്റാണ്ടിനു ശേഷം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനമെന്ന ഖ്യാതിയും കേരളം സ്വന്തമാക്കി. ഇന്നലെ സെനറ്റ്ഹാളില്‍ നടന്ന ചടങ്ങി ല്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഇതിന്റെ പ്രഖ്യാപനം നടത്തി. നവകേരള നിര്‍മാണത്തിന് അടിത്തറ പാകിയത് വിദ്യാഭ്യാസ പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.
1817ല്‍ തിരുവിതാംകൂറില്‍ റാണി ഗൗരി പാര്‍വതിബായി വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നടത്തിയ രാജകീയ വിളംബരവും ജാതിവ്യവസ്ഥയ്ക്കും അടിച്ചമര്‍ത്തലിനും സാമൂഹിക പിന്നാക്കാവസ്ഥയ്ക്കും എതിരേ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനവും വിദ്യാഭ്യാസത്തിനു പുതുവഴിയായി. ഒപ്പം ശ്രീനാരായണ ഗുരു, നായര്‍ സര്‍വീസ് സൊസൈറ്റി, മുസ്‌ലിം എജ്യുക്കേഷണല്‍ സൊസൈറ്റി, ക്രൈസ്തവ മിഷനറിമാര്‍ എന്നിവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ വ്യാപനത്തിനു കളമൊരുക്കിയെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിലൂടെയാണ് ജാതി, വര്‍ഗ, ലിംഗ അസമത്വങ്ങള്‍ വഴിമാറിയത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി വ്യക്തിസ്വതന്ത്ര്യം, ആരോഗ്യപരിരക്ഷ, നല്ല സാമൂഹിക അന്തരീക്ഷം, ലിംഗ സമത്വം തുടങ്ങിയവ അനുഭവിക്കാന്‍ സംസ്ഥാനത്തിനു കഴിഞ്ഞു.
പിന്നാക്കാവസ്ഥ, അന്ധവിശ്വാസം, യാഥാസ്ഥിതിക വാദം, ജാതീയത എന്നിവയ്‌ക്കെതിരായ പുരോഗമന ചിന്താ പദ്ധതികള്‍ക്കു ശക്തിപകര്‍ന്നതും വിദ്യാഭ്യാസത്തിന്റെ വ്യാപനമാണെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാ—നന്ദന്‍, മന്ത്രിമാരായ കെ സി ജോസഫ്, പി കെ അബ്ദുറബ്ബ്, ശശി തരൂര്‍ എംപി, കെ മുരളീധരന്‍ എംഎല്‍എ, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വി എസ് ശെന്തി ല്‍ പങ്കെടുത്തു.
1991 ഏപ്രില്‍ 18ലെ സമ്പൂര്‍ണ സാക്ഷരകേരളം പ്രഖ്യാപനത്തിനു ശേഷം വിദ്യാഭ്യാസമേഖലയിലെ നാഴികക്കല്ലാണ് സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പ്രഖ്യാപനം. കേരള സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ 2014 നവംബര്‍ ഒന്നിനാണ് അതുല്യം പദ്ധതി ആരംഭിച്ചത്. 15 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ളവര്‍ക്കായി നാലാം ക്ലാസ് തുല്യതാ പരീക്ഷയാണു നടത്തിയത്. ഈ പരീക്ഷയില്‍ 98.52 ശതമാനം പേര്‍ വിജയിച്ചു. സംസ്ഥാനത്തെ 6613 കേന്ദ്രങ്ങളിലായി ജൂണില്‍ നടന്ന അതുല്യം തുല്യതാ പരീക്ഷ 2,05,913 പേരാണ് എഴുതിയത്.
പ്രാഥമിക വിദ്യാഭ്യാസം നേടാത്തവരെ കണ്ടെത്താനായി നടത്തിയ സര്‍വേയില്‍ 2,40,804 പേരെ കണ്ടെത്തിയിരുന്നു. പരീക്ഷ എഴുതിയവരില്‍ 2,02,862 പേര്‍ വിജയിച്ചു. ഇതില്‍ 141 പേര്‍ വിവിധ ജയിലുകളിലെ തടവുകാരാണ്.
Next Story

RELATED STORIES

Share it