വിദ്യാഭ്യാസമന്ത്രിയുടെ വസതിയിലേക്ക് അധ്യാപകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

പരപ്പനങ്ങാടി: കോടതി ഉത്തരവുണ്ടായിട്ടും 2011 മുതല്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ജോലിചെയ്ത് വരുന്ന അധ്യാപകര്‍ക്കു ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്‌സ് യൂനിയന്‍ (എന്‍എടിയു) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ വസതിയിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ശമ്പളം ലഭിക്കാത്ത നൂറുകണക്കിന് അധ്യാപകര്‍ പങ്കെടുത്തു. പരപ്പനങ്ങാടി ടൗണില്‍ നിന്നു രാവിലെ പത്തോടെ തുടങ്ങിയ പ്രകടനം മന്ത്രിവസതിയുടെ 100 മീറ്റര്‍ അകലെ താനൂര്‍ സിഐ റാഫിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം തടഞ്ഞു.
തുടര്‍ന്ന് നാലുമണിക്കൂറോളം റോഡില്‍ കുത്തിയിരുന്നു നടത്തിയ സമരം അവസാനിപ്പിക്കാന്‍ പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും മന്ത്രിയെ കാണാതെ സമരം നിര്‍ത്തില്ലെന്നായി അധ്യാപകര്‍. രണ്ടുമണിയോടെ സമരം ശക്തമാവുകയും പോലിസുമായി ഉന്തും തള്ളും ഉണ്ടാവുകയുംചെയ്തു. ഇതിനിടെ പോലിസ് ലാത്തിവീശിയതോടെ സമരക്കാര്‍ പിന്തിരിഞ്ഞോടി. വീണ്ടും സംഘടിച്ച സമരക്കാരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. സംഘര്‍ഷത്തില്‍ പോലിസ് മര്‍ദ്ദനമേറ്റ അധ്യാപകന്‍ സാജിര്‍ ആലത്തിയൂരിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേതാക്കളെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നു പ്രതിഷേധവുമായി പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷന് മുമ്പിലെത്തിയ സമരക്കാരെ പോലിസ് തടഞ്ഞു. വര്‍ഷങ്ങളായി തങ്ങള്‍ നേരിടുന്ന ദുരിതം കാണാന്‍ രാഷ്ട്രീയ നേതൃത്വത്തിനു സാധിക്കാത്തതു പ്രതിഷേധാര്‍ഹമാണെന്നും സമരക്കാര്‍ പറഞ്ഞു.സംസ്ഥാന സെക്രട്ടറി യൂസുഫ് എളമ്പിലാട്ട് സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സായികിരണ്‍ അധ്യക്ഷനായി. അസീസ് പട്ടാമ്പി, കരീം എറണാകുളം സംസാരിച്ചു.
Next Story

RELATED STORIES

Share it