ernakulam local

വിദേശ സഞ്ചാരികളെ ചൂഷണം ചെയ്യുന്നു; 17 ന് ജ്യൂടൗണില്‍ ഹര്‍ത്താല്‍

മട്ടാഞ്ചേരി: ചെറുകിട പുരാവസ്തു വില്‍പ്പന സ്ഥാപനങ്ങളെയും ഫുട്പാത്ത് കച്ചവടക്കാരെയും കള്ളന്മാരും പിടിച്ച് പറിക്കാരുമായി ചിത്രീകരിച്ച്, വിദേശ സഞ്ചാരികളെ ചൂഷണം ചെയ്യുന്ന വന്‍കിട കച്ചവടക്കാര്‍ക്കെതിരേ പ്രതിഷേധവുമായി ചെറുകിട കച്ചവടക്കാര്‍.
മട്ടാഞ്ചേരി ജ്യൂടൗണ്‍ കേന്ദ്രീകരിച്ച് പുരാവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന ഹാന്‍ഡി ക്രാഫ്റ്റ് അസോസിയേഷന്‍, കശ്മീരിഷോപ്പ് അസോസിയേഷന്‍, ഫുട്പാത്ത് സ്‌മോള്‍ ഷോപ്പ് അസോസിയേഷന്‍ എന്നിവരുടെ സംയുക്ത സംഘടനയായ ജൂടൗണ്‍ മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷനാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരം, സിനഗോഗ് എന്നിവ സന്ദര്‍ശിക്കാനെത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് കമ്മീഷന്‍ എന്ന പുതിയ സമ്പ്രദായത്താല്‍ ഈ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയാതെ പോവുന്നതായി ജ്യൂടൗണ്‍ മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി അനീഷ് മട്ടാഞ്ചേരി പറഞ്ഞു.
ടുര്‍ ഓപറേറ്റര്‍മാര്‍, ഗൈഡുകള്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ ഇടപെടലാണ് വിദേശികള്‍ ചുഷണത്തിന് ഇരയാവുന്നത്. കൊച്ചിയിലെ വന്‍കിട പുരാവസ്തു വില്‍പ്പനശാലകള്‍ വച്ച് നീട്ടുന്ന ഓഫറുകളാണ് ഇത്തരക്കാരെ ഇതിന് പ്രേരിപ്പിക്കുന്നത്. ടുര്‍ ഓപറേറ്റര്‍ക്ക് 15, ഗൈഡിന് 15, ഡ്രൈവര്‍ക്ക് 10 ശതമാന കണക്കിലാണ് കമ്മീഷന്‍ നല്‍കുന്നത്. ഇതിനാല്‍ കപ്പലിലും മറ്റുമായി എത്തുന്ന വിദേശ സഞ്ചാരികളെ ചരിത്ര സ്മാരകങ്ങളില്‍ നേരിട്ട് കൊണ്ട് പോവാതെ ആദ്യം തന്നെ വന്‍കിട പുരാവസ്തു വില്‍പ്പന ശാലകളിലേക്കാണ് കൊണ്ട് പോവുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ പോലും ബസ് 1000, മിനി ബസ് 500, കാര്‍ 300, ഓട്ടോറിക്ഷ 100 എന്ന നിരക്കില്‍ പണം ലഭിക്കുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്കും സഞ്ചാരികളെ ഇത്തരം സ്ഥാപനങ്ങളില്‍ എത്തിക്കുന്നതിനാണ് താല്‍പ്പര്യം. ചെറുകിട സ്ഥപനങ്ങളില്‍ 100 രൂപയ്ക്ക് ലഭിക്കുന്ന സാധനങ്ങള്‍ പത്തും ഇരുപതും ഇരട്ടിയിലാണ് വില്‍പ്പന നടത്തുന്നത്. വിദേശികളെ ചുഷണം ചെയ്യുന്ന ഇത്തരം സംഘങ്ങളെ നിലക്ക് നിര്‍ത്താന്‍ അധികാരികള്‍ ഇടപെടണമെന്നാവശ്വപ്പെട്ടാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. അനീഷ് മട്ടാഞ്ചേരി, സാജിദ് കെ, ആല്‍ഫി സിറിയക്ക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
Next Story

RELATED STORIES

Share it