വിദേശ പൗരന് സ്‌നേഹാലയത്തില്‍ അഭയം

കാസര്‍കോട്: മതിയായ യാത്രാരേഖകളില്ലാതെ പോലിസ് പിടിയിലായി ജയില്‍വാസം കഴിഞ്ഞതിന് ശേഷവും വീണ്ടും റിമാന്‍ഡ് ചെയ്ത വിദേശപൗരന് ഒടുവില്‍ സ്‌നേഹാലയത്തില്‍ അഭയം. പാകിസ്താന്‍ സ്വദേശിയെന്ന് അവകാശപ്പെടുന്ന അബ്ദുല്‍ബഷീറി(32)നെയാണ് മഞ്ചേശ്വരത്തെ സ്‌നേഹാലയത്തില്‍ പ്രവേശിപ്പിക്കാന്‍ കേരള സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടര്‍ ജിതേന്ദ്രകുമാര്‍ നിര്‍ദേശം നല്‍കിയത്.
ഇതേതുടര്‍ന്ന് മഞ്ചേശ്വരം പാവൂരിലുള്ള സ്‌നേഹാലയത്തില്‍ ബഷീറിനെ പ്രവേശിപ്പിച്ചു. 2012 സപ്തംബറിലാണ് ബഷീറിനെ പുതിയ ബസ് സ്റ്റാന്റില്‍ വച്ച് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തപ്പോള്‍ വിദേശപൗരനാണെന്ന് വ്യക്തമായി. എന്നാല്‍, മതിയായ യാത്രാരേഖകളുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് പോലിസ് കോടതിയില്‍ ഹാജരാക്കി. ഇദ്ദേഹം രണ്ട് വര്‍ഷത്തോളം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. കഴിഞ്ഞ മാസമാണ് ബഷീറിനെ ജില്ലാ സെഷന്‍സ് കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. എന്നാല്‍, നേരത്തേ ജയില്‍വാസം അനുഭവിച്ചതിനാല്‍ ഇദ്ദേഹത്തിനെ കോടതി നാടുകടത്താന്‍ പോലിസിനോട് നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കാസര്‍കോട് പോലിസിന് ഇയാളെ കൈമാറി.
സൗദിയില്‍ ഒരു പള്ളിയിലെ ശുചീകരണ ജോലി ചെയ്യുന്നതിനിടയില്‍ ബഷീറിനെ പിടികൂടി ബംഗ്ലാദേശിലേക്ക് നാടുകടത്തുകയായിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്ത വഴി ഹൈദരാബാദില്‍ എത്തി. ഹൈദരാബാദില്‍ ജോലി ചെയ്തു വരുന്നതിനിടയിലാണ് കാസര്‍കോട്ടേക്ക് ട്രെയിന്‍ കയറിയത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാള്‍ മാസങ്ങളോളം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ കോടതി നിര്‍ദേശപ്രകാരം ചികില്‍സയിലായിരുന്നു. ഇയാളെ അഭയാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന് ജില്ലാകലക്ടര്‍ ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it