Kollam Local

വിദേശ ജോലി കാട്ടി പത്രപരസ്യം; യുവാക്കളെ കബളിപ്പിച്ചതായി പരാതി

കൊല്ലം: വിദേശത്ത് ജോലിക്കായി ഒഴിവുണ്ടെന്ന പത്രപരസ്യം നല്‍കി യുവാക്കളെ കബളിപ്പിച്ചതായി പരാതി. വിവിധ ജില്ലകളില്‍ നിന്നും പത്രപരസ്യം കണ്ട് ഇന്റര്‍വ്യൂവിനെത്തിയ മുന്നൂറോളം യുവാക്കളാണ് കബളിപ്പിക്കലിന് ഇരയായത്.

ഇന്റര്‍വ്യൂ ഇല്ലെന്ന് അറിയിച്ചതോടെ ഹോട്ടല്‍ ജീവനക്കാരുമായി ബഹളമായി. ഇതിനിടെ ഹോട്ടലിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പോലിസുമായും ഉന്തും തള്ളുമായി. ഇതിനിടെ യുവാക്കളെ പോലിസ് മര്‍ദിച്ചതായും പറയുന്നു. മര്‍ദനമേറ്റ യുവാക്കളില്‍ ഒരാളെ പോലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെ പ്രതിഷേധം ശക്തമായി.
മര്‍ദനമേറ്റ മറ്റുള്ളവര്‍ സ്ഥലത്ത് കുത്തിയിരിക്കുകയും പോലിസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കുവൈത്തില്‍ പെട്രോള്‍ പമ്പിലേക്ക് 120 ഒഴിവുകളും സ്റ്റേഷന്‍ ഫോര്‍മാന്‍ ഒഴിവിലേക്ക് 150 ഒഴിവുകളും ഉണ്ടെന്ന് കാണിച്ച് കൊച്ചിയിലെ ഒരു ഏജന്‍സിയാണ് പത്ര പരസ്യം നല്‍കി യുവാക്കളെ ചൊവ്വാഴ്ച അഭിമുഖത്തിന് വിളിച്ചത്.ചിന്നക്കട-ആശ്രാമം റോഡിലെ ഹോട്ടല്‍ വൈദ്യ റസിഡന്‍സിയിലായിരുന്നു ഇന്റര്‍വ്യൂ.
ഇന്റര്‍വ്യൂ നടത്തുന്ന ഏജന്‍സിക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് ഇന്റര്‍വ്യൂ നടക്കാഞ്ഞതെന്നാണ് ഏജന്‍സി അധികൃതര്‍ നല്‍കുന്ന വിശദീകരണം.പോലിസും യുവാക്കളുമായി ഏറ്റുമുട്ടലിലേക്കുള്ള സാഹചര്യമുണ്ടായതോടെ അധികൃതര്‍ ചര്‍ച്ചക്ക് തയ്യാറാവുകയായിരുന്നു. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ജെ ജയശങ്കറുടെ നേതൃത്വത്തില്‍ ഈസ്റ്റ് സ്റ്റേഷനിലെത്തി പോലിസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കാസര്‍ഗോഡ്, കണ്ണൂര്‍, തൃശൂര്‍, വയനാട്, ആലപ്പുഴ, തിരുവനന്തപുരം എന്നീ ദൂരെ സ്ഥലങ്ങളില്‍ നിന്നും എത്തിയവര്‍ക്ക് യാത്രാകൂലി വാങ്ങി നല്‍കി പ്രശ്‌നം പരിഹരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏജന്‍സി അധികൃതരെ ഈസ്റ്റ് പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
Next Story

RELATED STORIES

Share it