വിദേശ കറന്‍സിയുമായി അറസ്റ്റിലായ യുവാവിനു ജാമ്യം

തലശ്ശേരി: 17 ലക്ഷത്തിന്റെ വിദേശ കറന്‍സിയുമായി അറസ്റ്റിലായ യുവാവിനു കോടതി ജാമ്യം അനുവദിച്ചു. കാസര്‍കോട് ബണ്ടിച്ചാല്‍ തെക്കില്‍ റംസീന്‍ വില്ലയില്‍ അഹമ്മദ് ഇല്യാസി(29)നെയാണ് കഴിഞ്ഞ ദിവസം ടൗണ്‍ സിഐ വിശ്വംഭരന്‍ നായരും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ അഡിമിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി ടി പി രഞ്ജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നാണ് ഇല്യാസിനെ പോലിസ് പിടികൂടിയത്. തലശ്ശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് യുവാവിനു ജാമ്യം നല്‍കിയത്.

ഇപ്പോള്‍ ദുബയിലുള്ള മംഗലാപുരം സ്വദേശി യൂസുഫിനു കൈമാറാനായി കാസര്‍കോട് സ്വദേശി അഹ്്മദാണു കറന്‍സികള്‍ ഏല്‍പ്പിച്ചതെന്നാണു യുവാവ് നല്‍കിയ മൊഴി. അമേരിക്കന്‍ ഡോളര്‍, യൂറോ, ദിര്‍ഹം, സൗദി റിയാല്‍ എന്നിവയാണ് ബാഗില്‍നിന്നു പിടികൂടിയത്. മാസത്തില്‍ രണ്ടു തവണയെന്നോണം ഇല്യാസ് ദുബയില്‍ പോവാറുണ്ടെന്നു പാസ്‌പോര്‍ട്ട് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. 2014ല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നു 17 ലക്ഷത്തിന്റെ വിദേശ കറന്‍സികളുമായി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇയാളെ പിടികൂടിയിരുന്നു. അന്ന് 1.33 ലക്ഷം രൂപ പിഴയടച്ചാണു രക്ഷപ്പെട്ടത്. ഒരു യാത്രയ്ക്ക് 10,000 രൂപയാണ് ഇയാള്‍ക്കു പ്രതിഫലം ലഭിച്ചതെന്നാണു പോലിസ് പറയുന്നത്. കറന്‍സി കടത്തുന്ന സംഘത്തെ കണ്ടെത്താന്‍ പോലിസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ 9.30നുള്ള വിമാനത്തില്‍ യാത്ര ചെയ്യാന്‍ ട്രെയിനില്‍ പോവുന്നതിനിടെയാണ് യുവാവ് പിടിയിലായത്. തലശ്ശേരി പ്രിന്‍സിപ്പല്‍ എസ്‌ഐ എം അനില്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ബിജുലാല്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ വിനോദ്, സുജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it