Pravasi

വിദേശി അധ്യാപകര്‍ക്ക് സൗദിയില്‍ നിയന്ത്രണം

വിദേശി അധ്യാപകര്‍ക്ക്  സൗദിയില്‍ നിയന്ത്രണം
X
Teahers-saudi

നിഷാദ് അമീന്‍

ജിദ്ദ: സൗദിയിലെ സ്വകാര്യ സ്‌കൂളുകളിലും ഇന്റര്‍നാഷനല്‍ സ്‌കൂളുകളിലും വിദേശി അധ്യാപകരെ നിയമിക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. സൗദി പൗരന്‍മാരല്ലാത്തവരെ അധ്യാപകരായി നിയമിക്കുമ്പോള്‍ പാലിക്കേണ്ട ഒമ്പത് പുതിയ നിബന്ധനകള്‍ മന്ത്രാലയം പ്രസിദ്ധപ്പെടുത്തി.
അറബി ഭാഷ, ഇസ്‌ലാമിക പഠനം, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ വിദേശികളെ നിയമിക്കരുത്. ഇവ പഠിപ്പിക്കാന്‍ വിദേശികള്‍ക്ക് താമസിയാതെ നിരോധനം ഏര്‍പ്പെടുത്തും. പുതുതായി സൗദിയിലെത്തുന്ന അധ്യാപകര്‍ക്കും ഇപ്പോള്‍ സൗദിയില്‍ താമസിക്കുന്ന അധ്യാപകവൃത്തിയില്‍ പ്രവേശിക്കാനുദ്ദേശിക്കുന്നവര്‍ക്കും പുതിയ വ്യവസ്ഥകള്‍ ബാധകമാണ്. വിദേശ അധ്യാപകര്‍ കുറഞ്ഞത് രണ്ടുവര്‍ഷം തുടര്‍ച്ചയായി അധ്യാപകനായി സേവനമനുഷ്ഠിച്ചവര്‍ ആയിരിക്കണമെന്നതാണ് മറ്റൊരു വ്യവസ്ഥ. റിക്രൂട്ട് ചെയ്ത് കൊണ്ടുവരുന്ന അധ്യാപകന് പ്രസ്തുത വിഷയം പഠിപ്പിക്കുന്നതിനുള്ള യോഗ്യതയുണ്ടായിരിക്കണം. അഭിമുഖ പരീക്ഷയും വിജയിക്കേണ്ടതുണ്ട്. അധ്യാപക നിയമനത്തിനുള്ള കുറഞ്ഞ യോഗ്യത ബിരുദമാണ്. 65 വയസ്സ് കവിയരുത്. നേരത്തെ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ സൗദിയില്‍ അധ്യാപകനായി ജോലി ചെയ്യാത്തവരായിരിക്കണം. നിലവില്‍ സൗദിയിലുള്ളവരാണെങ്കില്‍ അധ്യാപകജോലിയില്‍ പ്രവേശിക്കാന്‍ വേറെയും നിബന്ധനകള്‍ ബാധകമാണ്. കാലാവധിയുള്ള താമസരേഖ (ഹവിയ്യത്ത് മുഖീം) ഉണ്ടായിരിക്കുക, നാഷനല്‍ സെന്റര്‍ ഫോര്‍ അസെസ്‌മെന്റ് ഇന്‍ ഹയര്‍ എഡ്യൂക്കേഷന്‍ (ഖിയാസ്) പരീക്ഷ പാസാവുക, മുമ്പ് ജോലിചെയ്ത സ്ഥാപനത്തില്‍ നിന്നുള്ള വിടുതല്‍ രേഖ ഹാജരാക്കുക എന്നിവയാണു നിബന്ധനകള്‍.
മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ സൗദിയില്‍ അധ്യാപകരായി ജോലി ചെയ്യാത്തവരായിരിക്കണമെന്ന നിബന്ധന പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്കു മാത്രമായി നിജപ്പെടുത്തുമെന്നും നിലവില്‍ സൗദിയിലുള്ളവര്‍ക്ക് ഈ വ്യവസ്ഥയില്‍ ഇളവു നല്‍കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
Next Story

RELATED STORIES

Share it