വിദേശികളെ ആകര്‍ഷിക്കാന്‍ സമഗ്ര വിസ വരുന്നു

ന്യൂഡല്‍ഹി: സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും വിദേശ വ്യാപാരം ശക്തിപ്പെടുത്തുന്നതിനും വിദേശികള്‍ക്ക് ദീര്‍ഘകാല സമഗ്ര വിസ സമ്പ്രദായം കൊണ്ടുവരാന്‍ കേന്ദ്ര നീക്കം. ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കല്‍, കോണ്‍ഫറന്‍സ് വിസകള്‍ ലയിപ്പിച്ച് ഒന്നാക്കാനാണു പദ്ധതി. സമ്മേളന പ്രതിനിധികള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശമനുസരിച്ച് കേന്ദ്ര വാണിജ്യമന്ത്രാലയമാണ് പദ്ധതി തയ്യാറാക്കിയത്. പദ്ധതി പ്രകാരം 10 വര്‍ഷം വരെ വിസ അനുവദിക്കും. എന്നാല്‍, ഒരു സന്ദര്‍ശനത്തില്‍ 60 ദിവസങ്ങളില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കില്ല. ഇവിടെ സ്ഥിരമായി ജോലി ചെയ്യുവാനോ താമസിക്കുവാനോ അനുവാദമുണ്ടായിരിക്കുന്നതല്ലെന്നും അധികൃതര്‍ പറഞ്ഞു.
സര്‍ക്കാരിന് വിസ ഫീസില്‍ ഇളവുനല്‍കാന്‍ അധികാരമുണ്ടാവും. സന്ദര്‍ശകര്‍ തങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ നല്‍കുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. പദ്ധതി ഇപ്പോള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
വിദേശ സന്ദര്‍ശകരെ ആകര്‍ഷിക്കാത്തതു മൂലം ഇന്ത്യക്ക് വര്‍ഷത്തില്‍ 8,000 കോടി അമേരിക്കന്‍ ഡോളറിന്റെ നഷ്ടമുണ്ടാവുന്നുണ്ടെന്ന് കണ്ടതിനെതുടര്‍ന്നാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. മെഡിക്കല്‍ ടൂറിസം കൊണ്ടുമാത്രം 300 കോടി അമേരിക്കന്‍ ഡോളര്‍ ഇന്ത്യയിലേക്ക് വരുമെന്നാണ് കണക്കാക്കുന്നത്.
Next Story

RELATED STORIES

Share it