വിദേശപര്യടനമോ ഉല്ലാസയാത്രയോ ?

ശാംലാല്‍

കേന്ദ്രമന്ത്രിസഭയുടെ രണ്ടാം വാര്‍ഷികവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ ഫലമെന്തായിരിക്കുമെന്ന ആകാംക്ഷകള്‍ക്ക് അറുതിയായിക്കൊണ്ടിരിക്കുന്നു. യുഎസും സ്വിറ്റ്‌സര്‍ലന്‍ഡും ഉള്‍പ്പെടെ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനങ്ങളുടെ ഉദ്ദേശ്യങ്ങളെയും താല്‍പര്യങ്ങളെയും കുറിച്ച സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്കും ജനങ്ങളുടെ പ്രതീക്ഷകള്‍ക്കും പരിധികളില്ലായിരുന്നു.
ഇന്ത്യയിലെ വന്‍ വ്യവസായികളും രാഷ്ട്രീയനേതാക്കളും തങ്ങളുടെ കള്ളപ്പണം സര്‍ക്കാരിന്റെ കണ്ണുവെട്ടിച്ച് സുരക്ഷിതമായി നിക്ഷേപിച്ചിട്ടുള്ളത് സ്വിസ് ബാങ്കുകളിലാണെന്ന കാര്യം നാളുകളായി ഇന്ത്യന്‍ രാഷ്ട്രീയത്തിലും സമ്പദ്ഘടനയിലും ഗുരുതരമായി തുടരുന്നതാണ്. വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നു മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടില്‍ നിശ്ചിത സംഖ്യ നിക്ഷേപിക്കുമെന്നുകൂടി വാഗ്ദാനം ചെയ്തുകൊണ്ടാണ് നരേന്ദ്രമോദി അധികാരത്തിലെത്തിയത്. വിദേശത്തേക്കു കട്ടുകടത്തിയ കള്ളപ്പണം അതിന്റെ യഥാര്‍ഥ അവകാശികളായ ഓരോ ഇന്ത്യന്‍ പൗരനും അനുഭവിച്ച് ആസ്വദിക്കാന്‍ കഴിയുന്ന 'നല്ലനാളുകള്‍' കൊണ്ടുവരാനായിരിക്കാം പ്രധാനമന്ത്രി സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയതെന്നു ചിലരെങ്കിലും ആശിച്ചുപോയി. എന്നാല്‍, ബിജെപി സര്‍ക്കാരിന്റെ ഈ 'പ്രസ്റ്റീജ് ഇഷ്യു' സംബന്ധിച്ച് അവിടെ എന്തെങ്കിലും ചര്‍ച്ച നടന്നതായോ തീരുമാനമായതായോ പിന്നീടു വന്ന ഔദ്യോഗിക വിശദീകരണങ്ങളില്‍ കണ്ടില്ല. ഒരുകാര്യം ഉറപ്പ്. പാവപ്പെട്ട പൗരന്മാരുടെ ജന്‍ധന്‍ അക്കൗണ്ടുകള്‍ ഇപ്പോഴും ശൂന്യം തന്നെയാണ്.
വന്‍ വിജയമെന്നു കുത്തകമാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച പടയോട്ടസമാനമായ വിദേശ സന്ദര്‍ശനങ്ങള്‍ക്കു പിന്നാലെയാണ് ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പില്‍ ചേര്‍ക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളപ്പെട്ടിരിക്കുന്നത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത രാജ്യമെന്ന കടമ്പ മറികടന്ന് ഇന്ത്യയുടെ പ്രവേശനം എല്ലാ രാജ്യങ്ങളും ഉറപ്പുതന്നുവെന്നും പാകിസ്താനും ഉടന്‍ അനുവദിക്കണമെന്ന ഉപാധിയോടെ ചൈന പോലും പിന്തുണ അറിയിച്ചുവെന്നുമായിരുന്നു പ്രചാരണം. എന്നാല്‍, ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുത്ത സോള്‍ യോഗം ഇന്ത്യക്കെതിരായുള്ള മലക്കംമറിച്ചിലുകള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. യുഎസും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള ഭൂരിപക്ഷം രാജ്യങ്ങളും പാകിസ്താന്‍ ഘടകം പരിഗണിക്കാതെ ഇന്ത്യയുടെ അംഗത്വത്തിന് പച്ചക്കൊടി കാട്ടിയെന്ന റിപോര്‍ട്ടുകള്‍ക്കിടയിലും പത്തോളം രാജ്യങ്ങള്‍ ഇന്ത്യക്കെതിരേ നിലപാടെടുത്തുവെന്നത് മോദി സര്‍ക്കാരിന്റെ വിദേശ നയതന്ത്രത്തെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. പിന്തുണ ഉറപ്പുനല്‍കിയെന്ന് നേരത്തേ വിദേശ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് പ്രചരിപ്പിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് പോലും സോള്‍ യോഗത്തില്‍ ഇന്ത്യയുടെ ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള പ്രവേശനത്തെ അനുകൂലിക്കുകയുണ്ടായില്ല. സ്വിസ് ബാങ്കുകളെ സമ്പന്നമാക്കിയിട്ടുള്ള ഇന്ത്യന്‍ കള്ളപ്പണത്തേക്കാള്‍ വലിയ കള്ളത്തരമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ അന്തിമഫലമെന്നു വിശ്വസിക്കാനേ തെളിവുകള്‍ അനുവദിക്കുന്നുള്ളൂ.
പ്രധാനമന്ത്രിയുടെ അടിക്കടിയുള്ള വിദേശപര്യടനങ്ങള്‍ കേവലം ഉല്ലാസയാത്രകളായി വിധിയെഴുതണമെന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല. വ്യാപാരയാത്രകളെന്ന വിളിപ്പേരാണ് അവയ്ക്കു കൂടുതല്‍ അനുയോജ്യം. സ്വദേശിയും വിദേശിയുമായ വ്യാപാരങ്ങള്‍ സംബന്ധിച്ച് ഒപ്പിടുന്ന ഉഭയകക്ഷി കരാറുകള്‍ ഒരുവശത്ത്. തുടര്‍ന്ന് നമ്മുടെ സര്‍ക്കാരിന്റെ വിദേശ വ്യാപാരനയങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ അതോടൊപ്പവും. പ്രധാനമന്ത്രിയുടെ ഓരോ വിദേശയാത്രാസംഘത്തിലും അകമ്പടിസേവിക്കുന്ന ഇന്ത്യയിലെ കുത്തക വ്യവസായികളുെട ഇഷ്ടസംഘമാണ് ഒപ്പുചാര്‍ത്തപ്പെടുന്ന വിദേശ വ്യാപാര കരാറുകളുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍. അദാനിമാരും അംബാനിമാരും ലാഭംകൊയ്യുന്ന വിദേശവ്യവസായത്തിന്റെയും വ്യാപാരത്തിന്റെയും ഇടനിലക്കാരന്റെ റോളാണ് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റേത്. ഇന്ത്യന്‍ കുത്തകമുതലാളിത്തം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ സര്‍ക്കാര്‍ പരിലാളനയാണ് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ സാമ്പത്തികവളര്‍ച്ചയുടെ പാതയിലെ നാഴികക്കല്ലുകളായി വിശേഷിപ്പിക്കപ്പെടുന്ന ഓരോ വിദേശ സാമ്പത്തിക ഉടമ്പടിയും.
നേരിട്ടുള്ള വിദേശനിക്ഷേപ വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കുന്നതിലൂടെ ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയില്‍ വമ്പിച്ച മുന്നേറ്റമുണ്ടാവുമെന്ന വാഗ്ദാനത്തോടെ 90കളുടെ തുടക്കത്തില്‍ നരസിംഹറാവുവിന്റെ സര്‍ക്കാരാണ് സാമ്പത്തിക ഉദാരവല്‍ക്കരണനയം കൊണ്ടുവന്നത്. അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്)യില്‍ നിന്നു ചേക്കേറിയ ഡോ. മന്‍മോഹന്‍സിങ്, റാവു സര്‍ക്കാരിന്റെ ധനകാര്യമന്ത്രിപദത്തിലിരുന്നു ചുക്കാന്‍പിടിച്ച വിദേശനിക്ഷേപ വ്യവസ്ഥകള്‍, തുടര്‍ന്നുള്ള 10 വര്‍ഷത്തെ മന്‍മോഹന്‍സിങ് സര്‍ക്കാരുകള്‍ ത്വരിതപ്പെടുത്തി. റീട്ടെയില്‍ വ്യാപാരത്തില്‍ ഉള്‍പ്പെടെ വിദേശനിക്ഷേപത്തിന്റെ കടന്നുവരവ് അനുവദിക്കപ്പെട്ടതോടെ വിദേശ മാളുകളുടെ കാല്‍ച്ചുവട്ടില്‍ ഇന്ത്യയിലെ ലക്ഷോപലക്ഷം ചില്ലറവ്യാപാരസ്ഥാപനങ്ങള്‍ ചതഞ്ഞരഞ്ഞു. വ്യാപാര-വ്യവസായ മേഖലകളുടെ കുത്തകവല്‍ക്കരണത്തിനെതിരേ ഉയര്‍ന്ന വമ്പിച്ച പ്രതിഷേധങ്ങളാണ് പരമ്പരാഗത വ്യവസായങ്ങളെയും സ്വദേശി വ്യാപാരസംരംഭങ്ങളെയും പൂര്‍ണമായി തകര്‍ക്കുന്നതരത്തിലുള്ള 100 ശതമാനം വിദേശനിക്ഷേപത്തില്‍നിന്നു പിന്തിരിയാന്‍ മുന്‍ സര്‍ക്കാരുകളെ നിര്‍ബന്ധിതമാക്കിയത്.
കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ കൂടാതെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവില്ലെന്ന പ്രത്യക്ഷ ന്യായമുന്നയിച്ചുകൊണ്ട് 2013ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ വിദേശവല്‍ക്കരണം വ്യാപകമാക്കിയപ്പോള്‍ എതിര്‍പ്പിന്റെ കുന്തമുനകളുമായി മുന്‍പന്തിയിലുണ്ടായിരുന്നത് ബിജെപിയായിരുന്നു. കോണ്‍ഗ്രസ് ഇന്ത്യയെ വിദേശികള്‍ക്കു തീറെഴുതുകയാണെന്നും നേരിട്ടുള്ള വിദേശനിക്ഷേപത്തെ അവസാനശ്വാസം വരെ എതിര്‍ക്കുമെന്നുമായിരുന്നു അന്നത്തെ പ്രതിപക്ഷ ബിജെപിയുടെ നിലപാടുകള്‍. ഹിന്ദുത്വപാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വിദേശവല്‍ക്കരണത്തെ ചെറുക്കേണ്ടത് ഒരു രാഷ്ട്രീയ ഉത്തരവാദിത്തം എന്നതിലുപരി, ദേശസ്‌നേഹപരമായ പ്രത്യയശാസ്ത്ര ബാധ്യതകൂടിയായിരുന്നു. 'വിദേശിക്കെതിരേ സ്വദേശി' എന്ന പരികല്‍പനയ്ക്കു മുകളിലാണല്ലോ സംഘപരിവാരത്തിന്റെ രാഷ്ട്രീയ നിലപാട് മാത്രമല്ല, സാമൂഹിക വീക്ഷണവും കെട്ടിയുയര്‍ത്തിയിട്ടുള്ളത്. വിദേശസ്വാധീനത്തെ പുറത്തുകടത്തി ഭാരതീയ വ്യാപാര സമാജത്തെ ശുദ്ധമാക്കാനുള്ള പ്രഖ്യാപിത ദൗത്യവുമായി പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള 'സ്വദേശി ജാഗരണ്‍ മഞ്ച്' സംഘപരിവാരത്തിലെ സജീവ സാന്നിധ്യമായിരുന്നു. എന്നാല്‍, മോദി സര്‍ക്കാരിന്റെ ഭരണം രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ഈ സന്ദര്‍ഭത്തില്‍ ജാഗരണ്‍മഞ്ചിന്റെ ശവമഞ്ചംപോലും കാണാനില്ലത്രെ.
പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ യുഎസ് സന്ദര്‍ശനത്തിന്റെ യഥാര്‍ഥ ഫലം പുറത്തുവന്നത് ഒരാഴ്ച മുമ്പ് തന്ത്രപ്രധാനമായ വ്യവസായമേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം 100 ശതമാനമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിലൂടെയാണ്. പ്രതിരോധം, വ്യോമയാനം എന്നീ സുരക്ഷാപ്രധാനമായ മേഖലകളില്‍ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞുകൊണ്ട് 100 ശതമാനം വിദേശനിക്ഷേപത്തിനാണ് അനുമതി നല്‍കിയിട്ടുള്ളത്. നിലവില്‍ 49 ശതമാനം വിദേശനിക്ഷപം മാത്രമേ പ്രതിരോധമേഖലയില്‍ അനുവദിക്കപ്പെട്ടിരുന്നുള്ളു. ഔഷധങ്ങള്‍, ഓണ്‍ലൈന്‍ വ്യാപാരം, ബ്രോഡ്കാസ്റ്റിങ് സര്‍വീസസ്, സിംഗിള്‍ ബ്രാന്റ് റീട്ടെയില്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എന്നീ വ്യാപാരമേഖലകളിലും ഇനി വിദേശ കുത്തകകള്‍ക്കു 100 ശതമാനം മുതല്‍മുടക്കാം. അമേരിക്കയിലെയും യൂറോപ്പിലെയും ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുവരവോടെ ഈ മേഖലകളില്‍നിന്നെല്ലാം സ്വന്തം കാലില്‍ നിലനിന്നു പോന്നിരുന്ന ഇടത്തരം ഇന്ത്യന്‍ കമ്പനികള്‍ പിടിച്ചുനില്‍ക്കാനാവാതെ പുറന്തള്ളപ്പെടും. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ഓഹരികള്‍ വിദേശ കുത്തകകള്‍ക്കു വിറ്റഴിച്ച് രംഗത്തുനിന്ന് പിന്‍മാറുകയല്ലാതെ സ്വദേശികള്‍ക്കു മുന്നില്‍ മറ്റൊരു മാര്‍ഗവും ഉണ്ടാവില്ല.
Next Story

RELATED STORIES

Share it