വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അരക്കോടി തട്ടിയ ആള്‍ പിടിയില്‍

കൊച്ചി: വിദേശത്തും മറ്റും ജോലി വാഗ്ദാനം നല്‍കി അരക്കോടിയോളം രൂപ തട്ടിയ ആളെ പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഈസ്റ്റ് നടക്കാവ് പി എം കുട്ടി റോഡില്‍ പുത്തന്‍വീട്ടില്‍ ഹാരിസി(52)നെയാണ് കടവന്ത്ര എസ്‌ഐമാരായ ഇ അജീബ്, പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
കലൂരില്‍ 2014 കാലയളവില്‍ ലൈഫ് ട്രാക് കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ സ്ഥാപനം നടത്തിവന്നിരുന്ന ഹാരിസ് പത്രപരസ്യം നല്‍കി ഉദ്യോഗാര്‍ഥികളെ ആകര്‍ഷിച്ച് വന്‍ശമ്പളം വാഗ്ദാനം ചെയ്തു വിസിറ്റിങ് വിസ നല്‍കി ചതിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കൊട്ടാരക്കര സ്വദേശിയായ വിനീതിന്റെ പരാതിയെത്തുടര്‍ന്നാണ് കടവന്ത്ര പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
സംഭവത്തെത്തുടര്‍ന്ന് ഇയാള്‍ കുടുംബവുമായി വന്‍കിട ഫഌറ്റുകളില്‍ മാറിമാറി ഒളിവില്‍ താമസിച്ചുവരുകയായിരുന്നു. കൊച്ചി സിറ്റി ഡിസിപി ഹരിശങ്കറിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കടവന്ത്ര പോലിസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. അന്വേഷണത്തില്‍ ഇയാള്‍ അരക്കോടിയോളം രൂപ തട്ടിപ്പു നടത്തിയിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. എഎസ്‌ഐ സന്തോഷ് കുമാര്‍, സീനിയര്‍ സിപിഒ സന്തോഷ്, സിപിഒ അനില്‍കുമാര്‍ വനിതാ സിപിഒ പ്രവീണ എന്നിവരും പ്രതിയെ പിടിക്കാന്‍ നേതൃത്വം നല്‍കി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it