വിദേശത്തെ കള്ളപ്പണ നിക്ഷേപം; ബച്ചനെ 'ഇന്‍ക്രഡിബ്ള്‍ ഇന്ത്യ' ബ്രാന്‍ഡ് അംബാസഡറാക്കുന്നത് വൈകും

ന്യൂഡല്‍ഹി: അമിതാഭ് ബച്ചനെ 'ഇന്‍ക്രഡിബ്ള്‍ ഇന്ത്യ'യുടെ ബ്രാന്‍ഡ് അംബാസഡറാക്കുന്നത് വൈകും. പാനമ രേഖകള്‍ പുറത്തുവിട്ട വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ് ബച്ചന് വിനയായത്. കള്ളപ്പണമുള്ള ഇന്ത്യക്കാരുടെ പട്ടികയിലെ പേരു വിവരങ്ങള്‍ പുറത്തുവന്നതോടെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ റിപോര്‍ട്ട് പുറത്തുവന്നതിനു ശേഷമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കൂ.
ബച്ചനെ ഈ മാസം അംബാസഡര്‍ സ്ഥാനം ഏല്‍പ്പിക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നത്. വിവാദം ഉടലെടുത്തതോടെ പാനമ രേഖകളുടെ നിജസ്ഥിതി കൂടി അറിഞ്ഞതിനു ശേഷമായിരിക്കും കേന്ദ്ര തീരുമാനം. നടന്‍ ആമിര്‍ഖാനെ മാറ്റിയതിനെ തുടര്‍ന്നാണ് ബച്ചനെ കേന്ദ്രസര്‍ക്കാരിന്റെ വിനോദസഞ്ചാര വകുപ്പിന്റെ അംബാസഡറാക്കാന്‍ തീരുമാനിച്ചത്. അസഹിഷ്ണുതാ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ചതിനെതുടര്‍ന്നായിരുന്നു ആമിര്‍ഖാനു പകരം 73കാരനായ ബച്ചനെ സ്ഥാനമേല്‍പ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
വിദേശത്ത് കള്ളപ്പണ നിക്ഷേപം നടത്തിയവരില്‍ ബച്ചനെ കൂടാതെ മരുമകള്‍ ഐശ്വര്യാ റായിയുടെ പേരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ആരോപണം കെട്ടിച്ചമച്ചതാണെന്നും തന്റെ പേര് ആരെങ്കിലും ദുരുപയോഗം ചെയ്തതാവാം എന്നുമായിരുന്നു ബച്ചന്റെ വാദം.
Next Story

RELATED STORIES

Share it