kasaragod local

വിദഗ്ധ ചികില്‍സ ലഭിച്ചില്ല; ജില്ലാ ആശുപത്രി പാലിയേറ്റീവ് വാര്‍ഡില്‍ രോഗി മരിച്ചു

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് വാര്‍ഡില്‍ കാന്‍സര്‍ രോഗികളെ കിടത്തി ചികില്‍സിക്കേണ്ടെന്ന സൂപ്രണ്ടിന്റെ വിവാദ നിര്‍ദ്ദേശം മറച്ചുവെക്കാനായി പ്രവേശനം നല്‍കിയ രണ്ടുരോഗികളില്‍ ഒരാള്‍ മരിച്ചു. രാജപുരം പൂടംകല്ല് കരിന്ത്രംകല്ലിലെ വല്ലത്ത് സെബാസ്റ്റ്യനാ(58)ണ് ഇന്നലെ ഉച്ചയോടെ മരിച്ചത്.
വാര്‍ഡ് പൂട്ടിയിട്ടില്ലെന്ന് വരുത്തി തീര്‍ക്കാന്‍ വെള്ളിയാഴ്ചയും ഇന്നലെ രാവിലെയുമായി രണ്ട് രോഗികളെയാണ് ഇവിടെ അഡ്മിറ്റ് ചെയ്തത്. പാലിയറ്റീവ് രോഗികളെ അഡ്മിറ്റ് ചെയ്യുമ്പോള്‍ അവരെ ചികില്‍സിക്കുന്നതിന് പ്രത്യേക വിദഗ്ധ ഡോക്ടര്‍മാര്‍ വേണമെന്ന് നിഷ്‌കര്‍ഷിക്കുന്ന സാഹചര്യത്തില്‍ മതിയായ ചികില്‍സ കിട്ടാതെയാണ് സെബാസ്റ്റ്യന്‍ മരിച്ചതെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.സുനിത നന്ദന്‍ പാലിയേറ്റീവ് വാര്‍ഡ് അടച്ചുപൂട്ടിയതായി സഹപ്രവര്‍ത്തവര്‍ക്ക് വാട്‌സ് ആപ്പ് സന്ദേശം അയച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന രണ്ട് രോഗികളെ ഇതിന് പിന്നാലെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു.
മോര്‍ഫിന്‍ നല്‍കേണ്ട ഡോക്ടറുടെ സേവനം ഇല്ലെന്ന കാരണം പറഞ്ഞാണ് ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തത്.
വാട്‌സ് ആപ്പ് സന്ദേശം വിവാദമായതിനെ തുടര്‍ന്ന് വാര്‍ഡ് അടച്ചുപൂട്ടിയില്ലെന്നും നേരത്തെയുണ്ടായിരുന്ന ഡോക്ടര്‍ക്ക് പകരം തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോ.രാമന്‍ സ്വാതി വാമനന് ചാര്‍ജ് നല്‍കിയിട്ടുണ്ടെന്നും ഡിഎംഒ ഡോ. എന്‍ പി ദിനേശ് കുമാര്‍ വ്യക്തമാക്കിയിരുന്നു.
ഇദ്ദേഹം ചാര്‍ജെടുക്കുന്നതിന് മുമ്പ് സെബാസ്റ്റ്യന്‍ അടക്കം രണ്ടുരോഗികളെ അഡ്മിറ്റ് ചെയ്തത്. എന്നാല്‍ ഇവര്‍ക്ക് ഡ്യൂട്ടി ഡോക്ടര്‍മാര്‍ സാന്ത്വന ചികില്‍സ നല്‍കിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ പത്തുവര്‍ഷമായി പാലിയേറ്റീവ് വാര്‍ഡിന്റെ ചുമതല വഹിച്ചിരുന്ന ഡോ.എന്‍ പി രാജനുമായി ജില്ലാ ആശുപത്രിയിലെയും ജില്ലാ മെഡിക്കല്‍ ഓഫീസിലെയും ചില ഡോക്ടര്‍മാര്‍ക്കുള്ള നീരസമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പിന്നിലെന്ന് ഇതിനകം ആരോപണമുയര്‍ന്നിട്ടുണ്ട്.
ഡോ.എന്‍ പി രാജന്‍ ഒരാഴ്ച മുമ്പാണ് ജില്ലാ ആശുപത്രിയില്‍ നിന്ന് സ്ഥലം മാറ്റം വാങ്ങി മലയോരത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് പോയത്. ഇതിനിടയില്‍ പാലിയേറ്റീവ് വാര്‍ഡിനോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ ജില്ലാ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
Next Story

RELATED STORIES

Share it