wayanad local

വിദഗ്ധ ചികില്‍സ ലഭിക്കുന്നില്ല; ദുരിതശയ്യയില്‍ ആദിവാസി സ്ത്രീകള്‍

കല്‍പ്പറ്റ: വിദഗ്ധ ചികില്‍സ ലഭിക്കാതെ രണ്ട് ആദിവാസി സ്ത്രീകള്‍ ദുരിതശയ്യയില്‍. പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ കാപ്പിക്കുന്ന് താഴെക്കാപ്പ് പണിയ കോളനിയിലെ നൂഞ്ചന്റെ ഭാര്യ പാറു (60), പരേതരായ കുളിയന്‍-കറുത്ത ദമ്പതികളുടെ മകള്‍ കരിഞ്ചി (45) എന്നിവരാണ് യാതനകള്‍ക്കു നടുവില്‍ കഴിയുന്നത്. ആവശ്യത്തിന് ആഹാരവും മരുന്നും പരിചരണവും ഇല്ലാതെ മരണവുമായി മല്ലടിക്കുകയാണ് ഇരുവരും. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് രണ്ടു പേരെയും സുഖപ്പെടുത്തണമെന്നു കുടുംബാംഗങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും ദാരിദ്ര്യവും വിദ്യാഭ്യാസത്തിന്റെ കുറവും തടസ്സമാവുകയാണ്. രണ്ടു വര്‍ഷം മുമ്പാണ് പാറു രോഗിയായത്. കൊയ്ത്തിന് പോയപ്പോള്‍ പതമ്പായി ലഭിച്ച നെല്ല് പാറ്റുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. മൂന്നു കിലോമീറ്റര്‍ അകലെയുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴേക്കും ശരീരത്തിന്റെ ഇടതുഭാഗം പൂര്‍ണമായി തളര്‍ന്നു. തുടര്‍ന്ന് 20 ദിവസത്തോളം ജില്ലാ ആശുപത്രിയില്‍ ചികില്‍സിച്ചെങ്കിലും ഫലം കണ്ടില്ല. രോഗം സുഖപ്പെടുന്നില്ലെന്നുകണ്ട കുടുംബാംഗങ്ങള്‍ പാറുവിനെ വീട്ടിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയില്‍നിന്നു കുറിച്ചതും പാക്കം പ്രാഥമികാരോഗ്യം മുഖേന മാസംതോറും ലഭിക്കുന്നതുമായ മരുന്ന് മുടങ്ങാതെ നല്‍കുന്നുണ്ടെങ്കിലും പാറുവിന്റെ ആരോഗ്യനില അനുദിനം വഷളാവുകയാണ്. വീടിന്റെ പരിമിതികളും സാമ്പത്തിക വിഷമതകളും മൂലം പാറുവിനെ നന്നായി പരിചരിക്കാനും പോഷകസമൃദ്ധമായ ആഹാരം നല്‍കാനും കുടുംബത്തിനു കഴിയുന്നില്ല. വീടിന്റെ ഒരു മൂലയില്‍ ഇഷ്ടികകള്‍ അടുക്കിയുണ്ടാക്കിയ തൂണുകളില്‍ ഉറപ്പിച്ച പലകയില്‍ കഠിനമായ വേദനതിന്നു കഴിയുകയാണ് പാറു. അവിവാഹിതയായ ആദിവാസി അമ്മയാണ് കരിഞ്ചി. കൂലിപ്പണിയെടുത്ത് മക്കളെ പോറ്റിയിരുന്ന അവരെ ആറു മാസം മുമ്പാണ് രോഗം വീഴ്ത്തിയത്. മാനസികാസ്വാസ്ഥ്യവും വിറയലുമാണ് അസുഖം. ആളുകളെ കാണുമ്പോള്‍ കരിഞ്ചി ഭയന്നൊളിക്കും. ഇതിനു പുറമെയാണ് വിറയല്‍. രണ്ടു മക്കളാണ് കരിഞ്ചിക്ക്. കൂലിപ്പണിക്കാരായ അവര്‍ തങ്ങള്‍ക്കു കഴിയുന്ന ചികില്‍സ അമ്മയ്ക്ക് ലഭ്യമാക്കിയിരുന്നു. കുറച്ചുനാള്‍ കരിഞ്ചിയെ ജില്ലയിലെ സ്വകാര്യ മാനസികാരോഗ്യ കേന്ദ്രത്തിലും ചികില്‍സിച്ചു. രോഗം ഭേദമായില്ലെന്നു മാത്രം. പുല്‍പ്പള്ളി പഞ്ചായത്തിലെ മൂഴിമല വാര്‍ഡിലാണ് താഴെക്കാപ്പ്. ഇടത്, വലത് മുന്നണികളുടെയും ബിജെപിയുടെയും സ്ഥാനാര്‍ഥികള്‍ വാര്‍ഡില്‍ മല്‍സരരംഗത്തുണ്ട്. പാറുവിന്റയും കരിഞ്ചിയുടെയും അവസ്ഥ വോട്ടുപിടിക്കാന്‍ എത്തിയവരില്‍ പലരുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവരെ കാണാന്‍ പോലും ആരും കൂട്ടാക്കിയില്ലെന്നു കോളനിയിലെ ബാബു പറഞ്ഞു. പുല്‍പ്പള്ളി പഞ്ചായത്തിലെ പിന്നാക്ക പ്രദേശങ്ങളിലൊന്നാണ് കാപ്പിക്കുന്ന്. സ്വകാര്യ ബസ് സര്‍വീസ് പോലും ഇവിടേക്കില്ല. അതിനാല്‍ത്തന്നെ സാമൂഹിക-സന്നദ്ധ പ്രവര്‍ത്തകരുടെ ശ്രദ്ധയും കാപ്പിക്കുന്നിലെ ആദിവാസി കോളനികളില്‍ വേണ്ടവിധം പതിയുന്നില്ല.
Next Story

RELATED STORIES

Share it