thiruvananthapuram local

വിതരണത്തിന് തയ്യാറായി കുടിവെള്ള പദ്ധതി; നടപടി സ്വീകരിക്കാതെ പഞ്ചായത്ത്

കാട്ടാക്കട: കുടിവെള്ള വിതരണത്തിന് സജ്ജീകരണങ്ങള്‍ തയ്യാറായെങ്കിലും പഞ്ചായത്ത് അധികൃതര്‍ കനിയുന്നില്ലെന്ന് പരാതി. പൂവച്ചല്‍ പഞ്ചായത്തിലെ മാര്‍ക്കറ്റ് വാര്‍ഡില്‍ കുക്കുര്‍ണിയിലാണ് ജില്ലാ പഞ്ചായത്ത്‌സമ്പൂര്‍ണ കുടിവെള്ള പദ്ധതി 14.5 ലക്ഷം രൂപ ചെലവിട്ട് ഒരുക്കിയത്. കുടിവെള്ള വിതരണത്തിനായി 60,000 ലിറ്ററോളം ശേഷിയുള്ള ജല സംഭരണിയും പമ്പ് ഹൗസും കിണറും നിര്‍മിക്കുകയും ജികെ കുടിവെള്ള പദ്ധതി എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 15 ഓളം കുടുംബങ്ങള്‍ക്ക് ജല വിതരണത്തിനായി ടാപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിന് പെരുമാറ്റച്ചട്ടം വന്നതോടെ ഇതിന്റെ ഉദ്ഘാടനം മുടങ്ങി. തുടര്‍ന്ന് ഇടതുപക്ഷം പഞ്ചായത്തില്‍ അധികാരത്തില്‍ എത്തിയതോടെ പദ്ധതി വിസ്മൃതിയിലാവുകയായിരുന്നു. വേനല്‍ കടുത്തതോടെ പ്രദേശത്ത് ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്. പലരും സമീപ വീടുകളെയും മറ്റുമാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. മറ്റിടങ്ങളിലും വെള്ളം കുറവായത്തോടെ നാട്ടുകാര്‍ ഇടതുപക്ഷ സഹയാത്രികയായ വാര്‍ഡ്— അംഗത്തോടും പഞ്ചായത്തിലും നിരവധി തവണ പരാതിയുമായി എത്തിയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ നിരത്തി അവഗണിച്ചതായി നാട്ടുകാര്‍ പറയുന്നു.
ജലക്ഷാമം രൂക്ഷമായതോടെ അധികൃതരെ വീണ്ടും സമീപിച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ജലവിതരണത്തിന് ഇനിയും ആറ് മാസം കഴിയുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുടിവെള്ളം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അടിയന്തര സഹായത്തിനു പഞ്ചായത്തിന് നടപടി സ്വീകരിക്കാം എന്നിരിക്കെ പഞ്ചായത്തിന്റെ നടപടിയില്‍ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. പ്രദേശത്തെ 200ഓളം കുടുംബങ്ങള്‍ക്ക് ആശ്വാസമാകുമായിരുന്ന പദ്ധതിക്കാണ് പഞ്ചായത്ത് തുരങ്കം വയ്ക്കുന്നത്.
കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it