വിട്ടുവീഴ്ചയില്ലെന്ന് കെ എം മാണി അഭിപ്രായവ്യത്യാസം: തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, കുട്ടനാട് സീറ്റുകളില്‍ വിട്ടുവീഴ്ചയില്ലെന്നും സീറ്റ് വിഭജന ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തനല്ലെന്നു കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി. ഇന്നലെ കോട്ടയം ഡിസിസി ഓഫിസില്‍ കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ് എമ്മുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതൃപ്തിയില്ലെങ്കിലും താന്‍ തൃപ്തനല്ലെന്നായിരുന്നു മാണിയുടെ പരാമര്‍ശം. യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചയുടെ ഒന്നാംഘട്ടമായിരുന്നു ഇന്നലെ നടന്നത്. കേരളാ കോണ്‍ഗ്രസ്സിന്റെ നിലവിലെ സീറ്റ് വച്ചുമാറാന്‍ പാര്‍ട്ടി തയ്യാറല്ല. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റാണെന്നും ഇത് വച്ചുമാറാന്‍ കഴിയില്ലെന്നും മാണി പറഞ്ഞു. പാര്‍ട്ടിക്ക് അധികം സീറ്റ് വേണം. ഇക്കാര്യം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 15 സീറ്റ് മാത്രമാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനുള്ളത്. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് തര്‍ക്കം വന്നതോടെ ചര്‍ച്ച വീണ്ടും നീട്ടിവച്ചു.
അഭിപ്രായവ്യത്യാസങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ്സിന് വലിയ പാര്‍ട്ടിയാണെന്ന ധാരണ ഇല്ലെന്നും യുഡിഎഫില്‍ സീറ്റുവിഭജനം വച്ചുമാറല്‍ അല്ലെന്നും പങ്കുവയ്ക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 10ന് തിരുവനന്തപുരത്തുവച്ച് സീറ്റുവിഭജനം സംബന്ധിച്ച കാര്യങ്ങള്‍ രണ്ടാംഘട്ട ചര്‍ച്ചയില്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ എം മാണി, മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി പി ജെ ജോസഫ്, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍,  ജോയി എബ്രഹാം എംപി, ജോസ് കെ മാണി എംപി പങ്കെടുത്തു. പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, കുട്ടനാട് സീറ്റുകളില്‍ വിട്ടുവീഴ്ചയില്ലെന്നും തിരഞ്ഞെടുപ്പില്‍ 20 മുതല്‍ 22 സീറ്റ് വരെയും വേണമെന്നാണ് കേരളാ കോണ്‍ഗ്രസ്സിന്റെ ആവശ്യം. എന്നാല്‍ ഇത്രയും സീറ്റുകള്‍ നല്‍കാനാവില്ലെന്നും ചില പരിമിതികള്‍ ഉണ്ടെന്നും കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ കെ എം മാണിയെ അറിയിച്ചതായാണ് വിവരം.
കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നു വിട്ടുപോയ ഡോ കെ സി ജോസഫ് മുമ്പ് മല്‍സരിച്ച കുട്ടനാട് സീറ്റ് തങ്ങള്‍ക്കു വേണമെന്ന നിലപാടിലാണ് മാണി. ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിക്ക് മല്‍സരിക്കാന്‍ പൂഞ്ഞാര്‍ സീറ്റ് തങ്ങള്‍ക്കു വേണമെന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാട്. എന്നാല്‍, തങ്ങളുടെ സിറ്റിങ് സീറ്റാണെന്നും അത് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന നിലപാടിലും കേരളാ കോണ്‍ഗ്രസ് (എം) ഉറച്ചതോടെ സീറ്റ് ചര്‍ച്ചയില്‍ ധാരണയാവാതെ ഈ മാസം 10ന് വീണ്ടും ഉഭയകക്ഷി ചര്‍ച്ച തിരുവനന്തപുരത്ത് നടക്കും.
Next Story

RELATED STORIES

Share it