വിടവാങ്ങിയത് ഹാസ്യകഥാപ്രസംഗകലയിലെ അതികായന്‍F

ഷിനു   പ്രകീര്‍ത്ത്കോട്ടയം: കഥാപാത്രങ്ങളുടെ വ്യത്യസ്തതകൊണ്ട് കഥാപ്രസംഗകലയ്ക്കു ജനകീയ പരിവേഷം നല്‍കി ജനഹൃദയങ്ങളെ കീഴടക്കിയ കലാകാരന്‍ പിന്നീട് വെള്ളിത്തിരയിലും ചിരിപടര്‍ത്തിയ താരമായി. മലയാള സിനിമാഗാനങ്ങളുടെ പാരഡികള്‍ അടങ്ങിയ കഥാപ്രസംഗങ്ങളാണ് ഇന്നലെ അന്തരിച്ച വി ഡി രാജപ്പനെ ശ്രദ്ധേയനാക്കിയത്. സാംബശിവനും കെടാമംഗലവും ആയില്യം ഉണ്ണികൃഷ്ണനും കഥാപ്രസംഗ രംഗത്ത് അരങ്ങ് തകര്‍ക്കുമ്പോള്‍ കഥകളിലെ സങ്കീര്‍ണതകളെ ഒഴിവാക്കി ഹാസ്യത്തിന്റെ മേമ്പൊടിയോടെ രാജപ്പന്‍ ജനഹൃദയങ്ങള്‍ കീഴടക്കുകയായിരുന്നു. മൃഗങ്ങള്‍, വാഹനങ്ങള്‍ എന്നിവയെ കഥാപാത്രമാക്കി ഇവയുടെ ജീവിതചിത്രീകരണം ഹാസ്യാത്മകമായി പറയുന്ന വ്യത്യസ്ത ശൈലിക്ക് പിന്നാലെ രാജപ്പന്‍ പോയപ്പോള്‍ ആരാധകവൃന്ദവും അദ്ദേഹത്തെ പിന്തുടര്‍ന്നു. പിന്നാക്ക സമുദായത്തില്‍ ജനിച്ച് ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ക്കിടയിലും തന്നിലെ കലയെ നെഞ്ചോടു ചേര്‍ക്കുകയായിരുന്നു അദ്ദേഹം. കുട്ടിക്കാലത്തെ കഷ്ടതകളും ജീവിതസാഹചര്യങ്ങളും കലാലോകത്തെ വളര്‍ച്ചയുടെ ഘട്ടത്തിലും ഏറ്റവും വലിയ അനുഭവപാഠങ്ങളായി അദ്ദേഹം കൊണ്ടുനടന്നു. ബാര്‍ബറായിരുന്ന അച്ഛന്റെ മരണശേഷം സ്‌കൂള്‍ പഠനത്തിനൊപ്പം ബാര്‍ബര്‍ ഷോപ്പിന്റെ ചുമതല ഏറ്റെടുത്തു നടത്തുമ്പോഴും പാരഡി ഗാനങ്ങള്‍ മനസ്സില്‍ സ്വരുക്കൂട്ടിയ ഒരു കലാകാരന്‍ അദ്ദേഹത്തില്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഏതു പാട്ടു കിട്ടിയാലും പാരഡിയാക്കുന്ന ആ മിടുക്കനെ അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും അന്നും വലിയ ഇഷ്ടമായിരുന്നു. 22 വയസ്സായപ്പോഴേക്കും പാരഡി ഗാനങ്ങള്‍ക്കൊപ്പം കഥാപ്രസംഗത്തിലേക്കും ശ്രദ്ധതിരിച്ച അദ്ദേഹം കഥാപ്രസംഗത്തില്‍ വേറിട്ട ശൈലിയും ഹാസ്യവും സന്നിവേശിപ്പിച്ച് ആസ്വാദക ഹൃദയങ്ങളില്‍ ഇടംനേടി. കോട്ടയത്തിന്റെ മടിത്തട്ടില്‍ സ്വന്തം നാട്ടുകാരെ ആര്‍ത്തു ചിരിപ്പിച്ച ആ കലാകാരന്‍ പിന്നീട് പോവാത്ത ഇടങ്ങളില്ല, കിട്ടാത്ത വേദികളുമില്ല. രാവന്തിയോളം ദിവസേന നാലും അഞ്ചും വേദികളില്‍ കഥപറഞ്ഞു. നിരവധി തവണ അമേരിക്കയിലും എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും ഒട്ടേറെ തവണ ഗള്‍ഫ് രാജ്യങ്ങളിലും സിങ്കപ്പൂര്‍ തുടങ്ങിയ കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും പരിപാടി അവതരിപ്പിച്ചു. പ്രിയേ നിന്റെ കുര, കുമാരി എരുമ, മാക് മാക്, ചികയുന്ന സുന്ദരി, എന്നെന്നും കുരങ്ങേട്ടന്റെ തുടങ്ങിയ കഥാപ്രസംഗങ്ങള്‍ കേരളത്തിലെ നിരവധി വേദികളില്‍ ചിരിമഴ പെയ്യിച്ചു. പിന്നീട് നൂറോളം ചിത്രങ്ങളില്‍ തന്റേതായ അഭിനയമികവ് പ്രകടിപ്പിക്കാന്‍ ഈ അതുല്യ കലാകാരന് കഴിഞ്ഞു. കഥകളിലൂടെ മലയാളികളെ കുടുകുടെ ചിരിപ്പിച്ച രാജപ്പന്‍ കഥകളില്ലാത്ത ലോകത്തേക്ക് യാത്രയാവുമ്പോള്‍ കഥാപ്രസംഗ കലയിലെ ഒരു അധ്യായംതന്നെയാണു മായുന്നത്.
Next Story

RELATED STORIES

Share it