വിടവാങ്ങിയത് അറിവിന്റെ അക്ഷയപാത്രം

വിടവാങ്ങിയത് അറിവിന്റെ അക്ഷയപാത്രം
X
Cherusseri-twoസലീം ഐദീദ്

മലപ്പുറം: പണ്ഡിതരിലെ ശോഭ (സൈനുല്‍ ഉലമ) എന്ന വിളിപ്പേര് അന്വര്‍ഥമാക്കിയാണ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ഇന്നലെ വിടവാങ്ങിയത്. അഗാധ പാണ്ഡിത്യവും അതിനു സമമായ വിനയവുമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏതു കുഴഞ്ഞുമറിഞ്ഞ പ്രശ്‌നങ്ങളുടെ പരിഹാരവും മതവിധിയുടെ അവസാന വാക്കും സമസ്തയും സൈനുദ്ദീന്‍ മുസ്‌ല്യാര്‍ക്കപ്പുറം കടന്നിരുന്നില്ല.
കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സുന്നികളുടെ അനിഷേധ്യ നേതാവായിരുന്നപ്പോഴും തന്റെ ജന്മനാടായ കൊണ്ടോട്ടിയിലെയും പ്രവര്‍ത്തന മണ്ഡലമായ ചെമ്മാട്ടെയും മല്‍സ്യ മാര്‍ക്കറ്റുകളിലും പീടികകളിലും കയറി സാധനങ്ങള്‍ വാങ്ങി സഞ്ചിയിലാക്കി നടന്നു നീങ്ങുന്ന സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ആധുനിക കാലത്തെ കൗതുകക്കാഴ്ചകളിലൊന്നായിരുന്നു. സഹായികളാരുമില്ലാതെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ഒറ്റക്ക് വണ്ടി കാത്തിരുന്ന പടം ഇടക്കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
പള്ളി ദര്‍സുകളില്‍ പഠിച്ചു പുറത്തിറങ്ങി കേരളത്തിലെ മതപ്രബോധന രംഗത്ത് താരശോഭ പരത്തിയ സൂര്യതേജസ്സുകളിലെ ബാക്കികളില്‍ ഒന്നായിരുന്നു സൈനുദ്ദീന്‍ മുസ്‌ല്യാര്‍. കാലം പിന്നിട്ടപ്പോള്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമിയുടെ പ്രിന്‍സിപ്പലായി ചുമതലയേറ്റപ്പോഴും ശരിയായ മുതഅല്ലിമാവണമെങ്കില്‍ ദര്‍സ് പഠനം തന്നെ വേണമെന്ന് അഭിപ്രായം വച്ചുപുലര്‍ത്തി. നാളുകളായി ആരോഗ്യ കാരണങ്ങളാല്‍ പൊതു പരിപാടികള്‍ ഒഴിവാക്കിയപ്പോഴും ദാറുല്‍ ഹുദയിലെ അധ്യാപനത്തിന് മുടക്കം വരുത്തിയില്ല. സമസ്തയുടെ 90ാം വാര്‍ഷികം ആലപ്പുഴയില്‍ അതിഗംഭീരമായി നടത്തിയ ആഹ്ലാദത്തിനു തിരയടി മാറും മുമ്പെയാണ് ചെറുശ്ശേരിയുടെ വേര്‍പാട് സമസ്തക്ക് ആഘാതമായത്. കണ്ണിയത്ത് ഉസ്താദിന്റെ വാര്‍ധക്യകാലത്തു മസ്അല സംബന്ധമായ തര്‍ക്കങ്ങളുമായി ആളുകള്‍ സമീപിക്കുമ്പോഴും സൈനുദ്ദീന്‍ മുസ്‌ല്യാരുടെ അടുത്തേക്കായിരുന്നു അദ്ദേഹം പറഞ്ഞയച്ചിരുന്നത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും മതവിധികളില്‍ മുസ്‌ല്യാരുടെ അഭിപ്രായമായിരുന്നു തേടിയിരുന്നത്. സമസ്തയില്‍ ഒന്നിച്ചുള്ള കാലത്ത് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുമായി തനിക്കുണ്ടായിരുന്ന അടുത്ത ബന്ധം സൈനുദ്ദീന്‍ മുസ്‌ല്യാര്‍ അനുസ്മരിച്ചിരുന്നു. പിന്നീട് ഇരുവരും രണ്ട് ധ്രുവങ്ങളിലായെങ്കിലും എതിര്‍ക്കുമ്പോള്‍ മാന്യത കാത്തുസൂക്ഷിക്കാന്‍ സൈനുദ്ദീന്‍ മുസ്‌ല്യാര്‍ മറന്നില്ല. സരസ ബോധവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. നാട്ടുഭാഷയില്‍ കുറിക്കുകൊള്ളുന്ന ചെറിയ വാക്കുകളായിരുന്നു സൈനുദ്ദീന്‍ മുസ്‌ല്യാരുടെ പ്രസംഗ ശൈലി. ക്ലോണിങ് അടക്കമുള്ള ആധുനിക വിഷയങ്ങളില്‍ മുസ്‌ല്യാര്‍ പുറപ്പെടുവിച്ച ഫത്‌വകളെയാണ് കേരളീയ മുസ്‌ലിംകള്‍ ആധികാരികമായി അവലംബിക്കുന്നത്.
ഫത്‌വകള്‍ കൊടുക്കുമ്പോ ള്‍ അതീവ സൂക്ഷ്മത പുലര്‍ത്തിയിരുന്ന സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ചോദ്യങ്ങള്‍ എഴുതി വാങ്ങി ഉത്തരവാദപ്പെട്ടവരുടെ സാന്നിധ്യത്തില്‍ വച്ചായിരുന്നു ഫത്‌വകള്‍ നല്‍കിയിരുന്നത്. സൈനുദ്ദീന്‍ മുസ്‌ല്യാരുടെ ഫത്‌വകള്‍ ക്രോഡീകരിച്ചുകൊണ്ടുള്ള ബൃഹത്തായ കര്‍മശാസ്ത്ര ഗ്രന്ഥം തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടന്നുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം.
Next Story

RELATED STORIES

Share it