വിടവാങ്ങിയത് അഞ്ചുപേര്‍ക്കു പുതുജീവനേകി

കോഴിക്കോട്: അഞ്ചുപേര്‍ക്കു പുതുജീവനേകിയാണ് മട്ടന്നൂര്‍ പുലിയങ്ങോട്ടെ വിജേഷ് വിടവാങ്ങിയത്. ഷംസുദ്ദീന് ഹൃദയം മാറ്റിവച്ചപ്പോള്‍, കരള്‍ മിംസ് ആശുപത്രിയില്‍ ചികില്‍സയിലുള്ള ഒറ്റപ്പാലം സ്വദേശിയായ 52കാരനും വൃക്കകളിലൊന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ള കണ്ണൂര്‍ സ്വദേശിയായ 24 കാരനും മറ്റൊരു വൃക്ക ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ വൃക്കരോഗിക്കും കണ്ണുകള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ നേത്രരോഗിക്കുമായി എത്തിക്കുകയായിരുന്നു.

വിജേഷിന്റെ രക്തഗ്രൂപ്പുമായി ക്രോസ്മാച്ചിങിനു വിധേയമാക്കിയ ശേഷമാണ് അനുയോജ്യമായ സ്വീകര്‍ത്താക്കളെ കണ്ടെത്തിയത്. മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഒറ്റപ്പാലം സ്വദേശിയായ 56 കാരനായ രവീന്ദ്രന് വിജേഷിന്റെ കരള്‍ അനുയോജ്യമാണെന്നു വ്യക്തമായതോടെ ഉദരരോഗ വിദഗ്ധന്‍ ഡോ. രോഹിത്ത്, ന്യൂറോ സര്‍ജന്‍ ഡോ. മിഷാല്‍ എന്നിവര്‍ കണ്ണൂരെത്തി കരള്‍ ഏറ്റുവാങ്ങി.

ഉദരരോഗ വിദഗ്ധരായ ഡോ. രാജേഷ് നമ്പ്യാര്‍, ഡോ. സജേഷ് സഹദേവന്‍, ഡോ. സീതാലക്ഷ്മി, ഡോ. കിഷോര്‍, ഡോ. പ്രീത എന്നിവരുടെ നേതൃത്വത്തിലാണ്  ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കണ്ണൂര്‍ സ്വദേശിക്കുവേണ്ടി കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡിപിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വൃക്ക ഏറ്റുവാങ്ങിയത്. ഡിപിനൊപ്പം ഡോ. ശ്രീലത, ഡോ. ഫെലിക്‌സ് കാര്‍ഡോസ, ഡോ. അനൂപ്,  ഡോ. രാംദാസ്, അനു ജിജി  ശസ്ത്രക്രിയയില്‍ പങ്കാളികളായി.

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിക്കു വേണ്ടി നെഫ്രോളജിസ്റ്റ് ഡോ. സന്തോഷ് രണ്ടാമത്തെ വൃക്ക ഏറ്റുവാങ്ങി. അതേസമയം ഇവിടെ ശസ്ത്രക്രിയക്കു വിധേയനാവുന്ന രോഗിയുടെ പേരുവിവരം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. തോമസ് മാത്യു, ഡോ. സുനില്‍ ജോര്‍ജ്, യൂറോളജി മേധാവി ഡോ. റോയി ചാലി, പൗലോസ് ചാലി, അബ്ദുല്‍ അസീസ്, ഡോ. രാംദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്  ശസ്ത്രക്രിയ നടത്തുക.
Next Story

RELATED STORIES

Share it