വിജ്ഞാപനം പിന്‍വലിക്കണം: വി എം സുധീരന്‍

തിരുവനന്തപുരം/കൊച്ചി: വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയെ ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കണമെന്ന് സുധീരന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് തൊട്ടുമുമ്പ് സര്‍ക്കാരെടുക്കുന്ന വിവാദ തീരുമാനങ്ങള്‍ക്കെതിരേ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പലതവണ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മെത്രാന്‍ കായല്‍, കടമക്കുടി എന്നിവിടങ്ങളില്‍ വയല്‍ നികത്താനുള്ള തീരുമാനങ്ങള്‍ സുധീരന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്തു. ലോട്ടറി അച്ചടി കരാര്‍ സ്വകാര്യപ്രസ്സിന് നല്‍കാനുള്ള തീരുമാനവും സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവന്നു. എന്നാല്‍, വിവാദമായ കരുണ എസ്റ്റേറ്റിന് കരമൊടുക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
അതേസമയം, അഴിമതിക്കാരെ സംരക്ഷിക്കാനാണ് വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍ നിന്നൊഴിവാക്കിയതെന്ന് ഡിജിപി ജേക്കബ് തോമസ് ആരോപിച്ചു.
അഞ്ചുവര്‍ഷം മുമ്പ് ആരാണ് അഴിമതിക്കാരെന്ന് ചോദിച്ച ജനം ഇപ്പോള്‍ ആരാണ് വലിയ അഴിമതിക്കാര്‍ എന്നാണ് ചോദിക്കുന്നത്. വിജിലന്‍സ് സംവിധാനം സുതാര്യമാണെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ്. മുഖ്യ വിവരാവകാശ കമ്മീഷണറായി സര്‍ക്കാര്‍ നിശ്ചയിച്ച വിജിലന്‍സ് മുന്‍ മേധാവി വിന്‍സന്‍ എം പോളിനെയും ജേക്കബ് തോമസ് പരോക്ഷമായി വിമര്‍ശിച്ചു.
വിരമിച്ചശേഷവും സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നവരാണ് സര്‍ക്കാരിന് അനൂകൂലമായി നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it