kasaragod local

വിജ്ഞാനശോഭപരത്തിയ പണ്ഡിതവര്യന് കര്‍മഭൂമിയില്‍ അന്ത്യവിശ്രമം

മേല്‍പറമ്പ്: ഒരു ജീവിതകാലംമുഴുവന്‍ വിജ്ഞാനത്തിന്റെ പൊന്‍പ്രഭ പരത്തിയ പണ്ഡിത വര്യന് നാടിന്റെ കണ്ണീര്‍ പ്രണാമം. ഇന്നലെ രാവിലെ 6.50ഓടെ അന്തരിച്ച പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മേല്‍പറമ്പ് ഖത്തീബുമായിരുന്ന എം എ അബ്ദുല്‍ഖാദര്‍ മുസ്‌ല്യാരുടെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മേല്‍പറമ്പ് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. മയ്യിത്ത് നമസ്‌കാരത്തിന് കീഴൂര്‍-മംഗളൂരു സംയുക്ത ഖാസി ത്വാഖ അഹമദ് മൗലവി നേതൃത്വം നല്‍കി.
സംയുക്ത ഖാസി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, യഹ്‌യല്‍ ബുഖാരി തങ്ങള്‍ മടവൂര്‍കോട്ട, ചെര്‍ക്കളം അബ്ദുല്ല, മേല്‍പറമ്പ് ഖത്തീബ് ഇ പി അബ്ദുര്‍ റഹ്മാന്‍ ബാഖവി, പാദൂര്‍ കുഞ്ഞാമു ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, മുബാറക് അബൂബക്കര്‍, സി ബി ഹനീഫ, എ ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, കല്ലട്ര അബ്ദുല്‍ ഖാദര്‍, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, കെ മൊയ്തീന്‍കുട്ടി ഹാജി, അബ്ദുല്ല മുസ്‌ല്യാര്‍, മാധവന്‍ നായര്‍, ആര്‍ ഗണേശന്‍, ടി ഡി കബീര്‍, മുഹമ്മദ് കുഞ്ഞി ചായിന്റടി, എം എ ഖാസിം മുസ്‌ല്യാര്‍, അബ്ദുല്ല ഹുസൈന്‍ കടവത്ത് അനുശോചിച്ചു.
57 വര്‍ഷം മേല്‍പറമ്പ് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഖത്തീബായി സേവനം അനുഷ്ടിച്ച ഈ പണ്ഡിതന് പതിനായിരക്കണക്കിന് ശിഷ്യഗണങ്ങളാണുള്ളത്. മേല്‍പറമ്പ് പ്രദേശത്ത് വിജ്ഞാനത്തിന്റെ ശോഭപരത്തിയ പണ്ഡിതന് ആദരാഞ്ജലി അര്‍പ്പിക്കാനും മയ്യിത്ത് ഒരു നോക്കുകാണാനുമായി ആയിരങ്ങളാണ് വീട്ടിലെത്തിയിരുന്നത്. കര്‍മ്മ ശാസ്ത്രം, അറബി സാഹിത്യം, തത്വശാസ്ത്രം എന്നിവയില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്നു.
കടവത്ത് പള്ളി ദര്‍സില്‍ കുഞ്ഞിപ്പഹാജി എന്ന മുഹമ്മദ് മുസ്‌ല്യാരുടെ കീഴിലാണ് മതവിദ്യാഭ്യാസം നേടിയത്. 17ാം വയസില്‍ കടവത്ത് പള്ളിയില്‍ ഇമാമായി ചേര്‍ന്നു.
തുടര്‍ന്ന് 1941 മുതല്‍ മേല്‍പറമ്പ് ജുമാമസ്ജിദില്‍ ഖത്തീബായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു. 1999ലാണ് അസുഖത്തെ തുടര്‍ന്ന് ഇദ്ദേഹം ഈ സ്ഥാനത്ത് നിന്ന് മാറിനിന്നത്. വലിയൊരു ഗ്രന്ഥശേഖരത്തിന്റെ ഉടമകൂടിയാണ് അബ്ദുല്‍ഖാദര്‍ മുസ്‌ല്യാര്‍. കര്‍മ്മ ശാസ്ത്രം അടക്കമുള്ള വിഷയങ്ങളില്‍ സംശയനിവാരണത്തിനായി അബ്ദുല്‍ഖാദര്‍ മുസ്‌ല്യാരുടെ അടുത്തേക്കാണ് പലരും എത്തിയിരുന്നത്.
മരണത്തില്‍ അനുശോചിച്ച് മേല്‍പറമ്പ് ടൗണില്‍ ഇന്നലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. മയ്യിത്ത് നമസ്‌കാരത്തില്‍ ആയിരങ്ങളാണ് സംബന്ധിച്ചത്. പരേതനോടുള്ള ആദരസൂചകമായി ചട്ടഞ്ചാല്‍ എംഐസിക്ക് കീഴിലുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദേളി സഅദിയയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നലെ അവധി നല്‍കി.
Next Story

RELATED STORIES

Share it