Districts

വിജേഷിന്റെ ഹൃദയവുമായി ഷംസുദ്ദീന്‍; വിതുമ്പലടക്കാനാവാതെ ബന്ധുക്കള്‍

കോഴിക്കോട്: കാട്ടുപന്നിയെ വേട്ടയാടുന്നതിനിടെ തലയ്ക്ക് വെടിയേറ്റ് മരണത്തിന് കീഴടങ്ങിയ സഹോദരന്‍ വിജേഷിന്റെ ഹൃദയവുമായി ഷംസുദ്ദീന്‍ മുന്നിലിരുന്നപ്പോള്‍ വിജേഷിന്റെ സഹോദരിമാരായ ഷീബയും ഷീനയും വിങ്ങിപ്പൊട്ടി. ഇളയമ്മ സാവിത്രി ഷംസുദ്ദീനെ ഇമവെട്ടാതെ നോക്കിയിരുന്നു. ഇനി ഒരിക്കലും തിരിച്ചുവരാത്ത വിജേഷിന്റെ ഹൃദയത്തുടിപ്പ് ചെവിയിലെവിടെയോ ശബ്ദിക്കുംപോലെ.
ഒക്ടോബര്‍ 16ന് കോഴിക്കോട്ടെ മെട്രോ ഇന്റര്‍നാഷനല്‍ കാര്‍ഡിയാക് സെന്ററില്‍ നടന്ന മലബാറിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി പൂര്‍ണ ആരോഗ്യവാനായി ഇന്നലെ ആശുപത്രി വിടുന്ന ശംസുദ്ദീന്‍ പുതിയ ജീവിതത്തിലേക്ക് കടക്കുന്ന മുഹൂര്‍ത്തത്തിന് സാക്ഷിയാവാനെത്തിയതായിരുന്നു വിജേഷിന്റെ ബന്ധുക്കള്‍. മട്ടന്നൂര്‍ പുലിയങ്ങോട്ടെ ലക്ഷംവീട് കോളനിയില്‍ വിജയന്റെ മകനായ വിജേഷിന്റെ ഹൃദയം സങ്കീര്‍ണമായ ശസ്ത്രക്രിയക്കൊടുവിലായിരുന്നു മഞ്ചേരി മുള്ളമ്പാറ കെ പി ഷംസുദ്ദീന്‍ എന്ന അമ്പത്തിനാലുകാരന്റെ ശരീരത്തില്‍ സ്പന്ദിച്ചു തുടങ്ങിയത്.
മസ്തിഷ്‌ക മരണം സംഭവിച്ച മകന്റെ ഹൃദയവും കരളും ഇരു വൃക്കകളും കണ്ണുകളും ദാനം നല്‍കാന്‍ തയ്യാറായ പിതാവിന്റെ ഹൃദയവിശാലതയുടെ ആഴം സദസ്സ് തൊട്ടറിയുകയായിരുന്നു. മെട്രോ ഇന്റര്‍നാഷനല്‍ കാര്‍ഡിയാക് സെന്ററിലെ ഹാളില്‍ നിറഞ്ഞ സദസ്സിലായിരുന്നു മനസ്സിനെ നൊമ്പരപ്പെടുത്തിയ അപൂര്‍വ യാത്രയയപ്പ് ചടങ്ങ് നടന്നത്.
അവയവ ദാനത്തിന് മുന്‍കൈയെടുത്ത മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാനായിരുന്ന ഭാസ്‌കരന്‍ മാസ്റ്റര്‍, ഷംസുദ്ദീന്റെ പിതൃസഹോദരന്‍ അബൂബക്ക ര്‍ എന്നിവര്‍ വിജേഷിന്റെ പിതാവിനെയും കുടുംബത്തെയും നന്ദി അറിയിച്ചു. അബൂബക്കര്‍ വിജേഷിന്റെ പിതാവ് വിജയന് മിടിക്കുന്ന ഒരു വാച്ചും സമ്മാനിച്ചു. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. വി നന്ദകുമാര്‍ അവയവദാനങ്ങള്‍ വഴി ലഭിക്കുന്ന അവയവങ്ങള്‍ ഒരാശുപത്രിയില്‍ നിന്നും മറ്റൊരാശുപത്രിയിലേക്ക് എത്തിക്കുന്നതിന് കൊച്ചിയിലെ നാവിക സേനയുടെ സേവനം ഉണ്ടാവണമെന്ന ആവശ്യം ഉന്നയിച്ചു. യുദ്ധം വരുമ്പോള്‍ മുന്നിലേക്ക് വരുന്ന നാവികസേന സമാധാനകാലത്ത് ഇത്തരം സേവനങ്ങളില്‍ വ്യാപൃതരാവണം. നന്ദകുമാര്‍ പറഞ്ഞു.
അവയവ ദാനങ്ങള്‍ ചെയ്യുന്ന ആളുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്യണമെന്നാണ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ പി പി മുഹമ്മദ് മുസ്തഫ ആവശ്യപ്പെട്ടത്. കൗണ്‍സിലര്‍ വി കെ സി മമ്മദ്‌കോയ, മെഡിക്കല്‍ ഡയറക്ടര്‍ മുഹമ്മദ് ഷലൂബ് സംസാരിച്ചു. വിജേഷിന്റെ പിതാവ് വിജയന്‍ ഷംസുദ്ദീനോടൊന്നിച്ചാണ് വേദിയിലിരുന്നത്. പിന്നീട് ബന്ധുക്കളെല്ലാം ചേര്‍ന്ന് ഷംസുദ്ദീനോടൊപ്പം ഫോട്ടോകളെടുത്തു. വിജേഷിന്റെ ഹൃദയത്തിന് പുറമെ കരള്‍, വൃക്കകള്‍, കണ്ണുകള്‍ എന്നിവയും ദാനം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it