വിജിലന്‍സ് വിജിലന്റല്ല: ഹൈക്കോടതി

കൊച്ചി: വിജിലന്‍സ് സംവിധാനത്തിനെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സംസ്ഥാനത്ത് വിജിലന്‍സ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും വിജിലന്‍സ് വിജിലന്റ് അല്ലെന്നും ജസ്റ്റിസ് ബി കെമാല്‍പാഷ കുറ്റപ്പെടുത്തി. ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബു തനിക്കെതിരേ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ബിജു രമേശ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ബാര്‍ കോഴക്കേസിലെ സത്യം അറിയാന്‍ താന്‍ അടക്കമുള്ള നികുതിദായകര്‍ക്ക് അവകാശമുണ്ട്. സത്യം പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. മന്ത്രിമാര്‍ക്കെതിരേയുള്ള കോഴയാരോപണം വിജിലന്‍സ് അന്വേഷിച്ചാല്‍ ഒന്നും സംഭവിക്കില്ല. ആരോപണങ്ങള്‍ ഗുരുതരമാണ്. അന്വേഷണം ഈ നിലയില്‍ തുടര്‍ന്നാല്‍ ഇത്തരം കേസുകളുടെ അന്വേഷണത്തിനു മറ്റു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ബിജു രമേശിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനാല്‍ അപകീര്‍ത്തിക്കേസ് റദ്ദാക്കാനാവില്ലെന്നും മന്ത്രിയെ തേജോവധം ചെയ്യാനാണ് ആരോപണമെന്നും കെ ബാബുവിന്റെ അഭിഭാഷകന്‍ വാദിച്ചു. അതേസമയം, സത്യസന്ധമായി അന്വേഷിക്കാതെയാണ് കേസുകള്‍ വിജിലന്‍സ് അവസാനിപ്പിച്ചതെന്നും അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ഹരജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ബിജുവിന്റെ അഭിഭാഷകനും വാദിച്ചു. ആരോപണവിധേയരായ മന്ത്രിമാരെ സഹായിക്കുന്ന നിലപാടാണ് അന്വേഷണസംഘത്തിന്റേതെന്നും കെ എം മാണിക്ക് അനുകൂലമായ വിജിലന്‍സിന്റെ തുടരന്വേഷണ റിപോര്‍ട്ട് ഇതിനു തെളിവാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ് അന്വേഷണത്തില്‍ വിജിലന്‍സിന്റേതെന്നു കോടതി വ്യക്തമാക്കി. അന്വേഷണത്തില്‍ ജാഗ്രതയില്ല. കോഴ ഇടപാടുകള്‍ അതീവ രഹസ്യമായാണ് നടക്കുന്നതെന്നതിനാല്‍ ജാഗ്രതയോടെയുള്ള അന്വേഷണമാണ് ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. അപകീര്‍ത്തിക്കേസിന് നേരത്തേ ഏര്‍പ്പെടുത്തിയ സ്റ്റേ ഉത്തരവ് നീട്ടുകയാണെന്ന് കോടതി വ്യക്തമാക്കി. ഹരജി പിന്നീട് പരിഗണിക്കും.
Next Story

RELATED STORIES

Share it