വിജിലന്‍സ് ഡയറക്ടര്‍ പരിധി വിട്ടു

കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ വിജിലന്‍സ് മാന്വലിനു വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ഹൈക്കോടതി. തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  വിജിലന്‍സ് എഡിജിപി സമര്‍പ്പിച്ച ഹരജിയില്‍ വിജിലന്‍സ് ഡയറക്ടറെയും സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. വിജിലന്‍സ് എസ്പി അന്വേഷണം നടത്തിയ കേസില്‍ വസ്തുതാ റിപോര്‍ട്ടില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമുണ്ടോയെന്നു കോടതി ചോദിച്ചു. എസ്പിയുടെ റിപോര്‍ട്ടില്‍ ഇടപെട്ട വിജിലന്‍സ് ഡയറക്ടറുടെ നടപടി ശരിയായില്ലെന്നും വിജിലന്‍സ് കോടതി ഉത്തരവില്‍ വിജിലന്‍സിനെതിരായ പരാമര്‍ശങ്ങള്‍ ഇല്ലെന്നും ജസ്റ്റിസ് ബി കമാല്‍പാഷ ചൂണ്ടിക്കാട്ടി. എസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥനെങ്കില്‍ അദ്ദേഹം സമര്‍പ്പിക്കുന്ന അന്തിമ റിപോര്‍ട്ടിലെ സംശയനിവാരണം നടത്താന്‍ മാത്രമാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരം. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പിയുടെ റിപോര്‍ട്ട് എന്തുകൊണ്ടാണ് ഡയറക്ടര്‍ നിരാകരിച്ചതെന്നു മനസ്സിലാവുന്നില്ല. ഹരജിയില്‍ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ഒന്നര മണിക്കൂറോളം വാദം നടത്തി. കോഴ ആവശ്യപ്പെട്ടെന്നതിനു തെളിവില്ലെന്നും ഇത്തരം സാഹചര്യത്തെ കുറ്റകൃത്യമായി വിലയിരുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വിജിലന്‍സ് കോടതി റിപോര്‍ട്ടില്‍ പണം അകത്തേക്കു കൊണ്ടുപോകുന്നതു കണ്ടുവെന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഈ  സാഹചര്യമെന്തായിരുന്നുവെന്നും കോടതി ആരാഞ്ഞു. ഇത്തരം കാര്യങ്ങളിലെ സാക്ഷിമൊഴികളിലെ വിശ്വാസ്യത സംബന്ധിച്ച് പരിശോധന നടത്തേണ്ടതുണ്ടെന്നും അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചാല്‍ കോടതി അത് പരിശോധിക്കുകയാണ് വേണ്ടതെന്നും എജി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുമ്പ് നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ കേസിനു മേല്‍നോട്ടം വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ കേസുമായി ബന്ധപ്പെട്ടു മേല്‍നോട്ടം വഹിക്കുന്നതില്‍ അപാകതയില്ലെന്നും എന്നാല്‍ കേസ് അന്വേഷണം നടത്തിയ വിജിലന്‍സ് എസ്പിയോട് റിപോര്‍ട്ട് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നത് വിജിലന്‍സ് മാന്വലിനു വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിജിലന്‍സ് ഡയറക്ടര്‍ സൂക്ഷ്മ പരിശോധന നടത്തിയതിന്റെ വിശദാംശങ്ങള്‍, വിജിലന്‍സിനു നിയമോപദേശം നല്‍കാന്‍ എജിക്കുള്ള തടസ്സമെന്ത്, വിജിലന്‍സ് കോടതി നടപടിക്രമങ്ങളില്‍ എന്താണ് തെറ്റ് തുടങ്ങിയ കാര്യങ്ങള്‍ വാദത്തിനിടയില്‍ കോടതി ആരാഞ്ഞു. കേസ് നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും അന്തിമവാദവും വിധിയും തിങ്കളാഴ്ച ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ സര്‍ക്കാര്‍ തിടുക്കപ്പെടുന്നതിന്റെ കാരണമെന്താണെന്നും എജി എന്തിനാണ് വിജിലന്‍സിനായി ഹാജരായതെന്നും കോടതി ആരാഞ്ഞു. കേസുമായി ബന്ധപ്പെട്ടു പുറത്തുനിന്നു നിയമോപദേശം തേടിയ നടപടിയെയും ഹൈക്കോടതി വിമര്‍ശിച്ചു. നിയമവകുപ്പിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ അഡ്വ. ജനറല്‍ നല്‍കുന്ന നിയമോപദേശം സംശയത്തിനും വിവാദത്തിനും കാരണമാകുമെന്ന് എജി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ അറ്റോര്‍ണി ജനറലിന്റെ പക്കല്‍ നിന്നു നിയമോപദേശം തേടുന്നതിനു താന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും എജി അറിയിച്ചു.
Next Story

RELATED STORIES

Share it