wayanad local

വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ നേരിട്ട് അന്വേഷിക്കണം: പ്രകൃതി സംരക്ഷണ സമിതി

കല്‍പ്പറ്റ: വയനാട് വന്യജീവി കേന്ദ്രത്തില്‍ കുറിച്യാട് റേഞ്ചില്‍ സുല്‍ത്താന്‍ ബത്തേരി പുല്‍പ്പള്ളി റോഡരികില്‍ പിടിയാനയെ വെടിവച്ചു കൊന്ന കേസ് വിജിലന്‍സ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി, ഗ്രീന്‍ക്രോസ്, ഫേണ്‍സ് മാനന്തവാടി എന്നീ പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെട്ടു. വയനാട് വന്യജീവി കേന്ദ്രത്തിലെ വാര്‍ഡനായ ധനേഷ്‌കുമാര്‍ അനധികൃത റിസോര്‍ട്ടുകള്‍ക്കും ക്വാറികള്‍ക്കുമെതിരേ മുമ്പ് കര്‍ശന നടപടികള്‍ സ്വീകരിച്ചതും നിയമവിരുദ്ധമായി കൈവശംവച്ച നൂറുകണക്കിന് ഹെക്റ്റര്‍ വനഭൂമി പിടിച്ചെടുത്തതും ഭൂമാഫിയയെയും ക്വാറി റിസോട്ട് ലോബിയെയും പ്രകോപിപ്പിച്ചിരുന്നു.
മുന്‍ ഭരണകക്ഷിയിലെ അത്യുന്നതര്‍ അദ്ദേഹത്തിനെതിരേ നടത്തിയ ഗൂഢനീക്കങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ തടയുകയാണുണ്ടായത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ദിനത്തില്‍ ഇറങ്ങിയ സ്ഥലമാറ്റ ഉത്തരവും ഫലം കണ്ടില്ല. ഇതില്‍ വിറളി പിടിച്ചവരുടെ പ്രതികാരമാണോ ആനക്കൊലയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ലോകമെങ്ങും കടുവയെയും ആനയെയും പോലുള്ള ശക്തരായ മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തിരുന്ന് കൊല്ലുന്ന സാഹസികവേട്ടയുടെ പുതിയ രൂപം ഉടലെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ളതാണോ കുറിച്യാട് റേഞ്ചിലെ ആനയുടെ കൊലയെന്നും വയനാട്ടില്‍ നിന്നു തുടച്ചുനീക്കപ്പെട്ട ആനക്കൊമ്പ് വേട്ടയ്ക്കായി പുതിയ സംഘങ്ങള്‍ രൂപം കൊണ്ട് പരിശീലനം നടത്തിയതാണോ എന്നും അന്വേഷിക്കേണ്ടതുണ്ട്.
ഒരു ലക്ഷത്തിലധികം ഹെക്റ്റര്‍ വരുന്ന വനഭൂമിയെയും വന്യജീവികളെയും പരിപാലിക്കാന്‍ മതിയായ സംവിധാനമോ അംഗബലമോ വനസംരക്ഷണ സേനയ്ക്കില്ല. നിരന്തരം നടന്നുവരുന്ന വന്യജീവി-മനുഷ്യ സംഘര്‍ഷവും വനംജീവനക്കാരുടെ കൈയേറ്റം ചെയ്യലും ബന്ദിയാക്കലും അവരുടെ മനോബലം ചോര്‍ത്തിയിട്ടുണ്ട്. പലരും ഭയവിഹ്വലരും ഹതാശയരുമാണ്. ഈ അവസ്ഥയ്ക്ക് അടിയന്തര പരിഹാരമുണ്ടാക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം.
Next Story

RELATED STORIES

Share it