വിജിലന്‍സിന് സത്യസന്ധതയില്ല

പി എച്ച് അഫ്‌സല്‍

തൃശൂര്‍: വിജിലന്‍സിന് സത്യസന്ധതയും ഇച്ഛാശക്തിയും ആത്മാര്‍ഥതയുമില്ലെന്നു തൃശൂര്‍ വിജിലന്‍സ് കോടതി. ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെതിരേ കേസെടുക്കാനുള്ള ഉത്തരവിനിടെയാണു കോടതി വിജിലന്‍സിനെ വിമര്‍ശിച്ചത്. ബിജു രമേശിനെതിരേ കേസെടുക്കാനും നിര്‍ദേശിച്ചു.
ബാബുവിനെതിരെയുള്ള ദ്രുതപരിശോധനാ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുമാസം കൂടി സാവകാശമാവശ്യപ്പെട്ട് വിജിലന്‍സ് ഇന്നലെ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കവെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ശനിയാഴ്ചവരെയാണു കോടതി അനുവദിച്ചിരുന്ന സമയം. പരിശോധന പൂര്‍ത്തിയാക്കാന്‍ ഒരുമാസം കൂടി അനുവദിക്കണമെന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കുകയായിരുന്നു. പ്രാഥമിക വിവരങ്ങള്‍ ലോകായുക്തയിലാണെന്നും അതിനാല്‍ സാവകാശം വേണമെന്നുമായിരുന്നു വിജിലന്‍സിന്റെ വാദം. ഇതിനെതിരേ രൂക്ഷമായ ഭാഷയിലാണു കോടതി പ്രതികരിച്ചത്. കോടതിയെ മണ്ടനാക്കരുതെന്ന് ഓര്‍മിപ്പിച്ച ജഡ്ജി, അടുത്തമാസം 22ന് റിപോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
അന്വേഷണം കോടതി നിരീക്ഷണത്തിലായിരിക്കും. ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ 10 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാമായിരുന്നു. ഇത്രയും ദിവസമായിട്ടും പ്രാഥമികാന്വേഷണം നടത്താനോ റിപോര്‍ട്ട് നല്‍കാനോ വിജിലന്‍സ് തയ്യാറായിട്ടില്ല. ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനനാണോ വിജിലന്‍സെന്നും കോടതി ചോദിച്ചു. കെ ബാബുവിന്റെ വീട് പരിശോധിച്ചോ, ആസ്തി പരിശോധിച്ചോ, ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തിയോ തുടങ്ങിയ ചോദ്യങ്ങളും ഉന്നയിച്ചു. ലോകായുക്ത ഉണ്ടെന്നു കരുതി വിജിലന്‍സ് അടച്ചുപൂട്ടണോ, നിങ്ങളുടെ വഞ്ചിയുടെ വേഗമെന്താണെന്നും കോടതി ആരാഞ്ഞു. കോടതിയെ വിജിലന്‍സ് കൊഞ്ഞനംകുത്തുകയാണോയെന്നു ചോദിച്ച ജഡ്ജി, ഞഞ്ഞാപിഞ്ഞാ വര്‍ത്തമാനം വേണ്ടെന്നും ഓര്‍മിപ്പിച്ചു.
Next Story

RELATED STORIES

Share it