വിജയ് മല്യ രാജ്യസഭാ അംഗത്വം രാജിവച്ചു

ന്യൂഡല്‍ഹി: വന്‍ തുകയുടെ വായ്പാ കുടിശ്ശികയെ തുടര്‍ന്ന് രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്യ രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു. രാജ്യസഭാ സദാചാരസമിതിക്കാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. തനിക്ക് നീതിയോ മാന്യമായ വിചാരണയ്ക്കുള്ള അവസരമോ ലഭിക്കില്ലെന്ന് രാജിക്കത്തില്‍ മല്യ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍നിന്ന് കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ 9,400 കോടി രൂപയുടെ വായ്പയെടുത്തശേഷം ബ്രിട്ടനിലേക്കു മുങ്ങിയ മല്യക്കെതിരേ മുംബൈ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. മല്യയുടെ പാസ്‌പോര്‍ട്ടും കഴിഞ്ഞ ദിവസം റദ്ദാക്കുകയുണ്ടായി. കോണ്‍ഗ്രസ് നേതാവ് കരണ്‍സിങ് അധ്യക്ഷനായ രാജ്യസഭാ സദാചാരസമിതി വിശദീകരണം തേടിയിരുന്നു. ഒരാഴ്ചത്തെ സാവകാശമാണ് വിശദീകരണത്തിനായി മല്യക്ക് അനുവദിച്ചിരുന്നത്. ഇതു തീരാന്‍ ഒരുദിവസം ശേഷിക്കെയാണ് മല്യയുടെ രാജി. ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് മല്യ ലണ്ടനിലേക്കു മുങ്ങിയത്.
Next Story

RELATED STORIES

Share it