വിജയ് മല്യ പഠിപ്പിക്കുന്ന പാഠങ്ങള്‍

എ പി കുഞ്ഞാമു

രാജ്യത്തെ വിവിധ ബാങ്കുകള്‍ക്കു നല്‍കാനുള്ള കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ വിദേശത്തേക്കു മുങ്ങിയ വിജയ് മല്യ പറയുന്നത് താന്‍ തിരിച്ചുവരുമെന്നു തന്നെയാണ്. പക്ഷേ, അതു ശരിയായ സമയത്ത് മാത്രമേ ഉണ്ടാവൂ. എപ്പോഴായിരിക്കും ശരിയായ സമയം എന്നു പറയാന്‍ കക്ഷി തയ്യാറല്ല. പിന്നെയുള്ളത് ബാങ്കുകള്‍ക്കു നല്‍കാനുള്ള വായ്പാ കുടിശ്ശികയുടെ കാര്യം. അതിലെന്തിത്ര കാര്യമാക്കാന്‍ എന്നാണ് സണ്‍ഡേ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചോദിക്കുന്നത്. സംഗതി ബിസിനസ് കാര്യം മാത്രമാണ്. വായ്പകള്‍ നല്‍കുമ്പോള്‍ ബാങ്കുകള്‍ക്കറിയാം അതില്‍ ചില അപകടസാധ്യതകളൊക്കെയുണ്ടെന്ന്. ''ബാങ്കുകാരാണ്, നമ്മളല്ലല്ലോ കാര്യങ്ങള്‍ തീരുമാനിക്കുന്നത്'' എന്ന് മല്യ വാദിക്കുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നല്‍കിയ സത്യവാങ്മൂലത്തില്‍ തന്റെ ആസ്തി മൂല്യം 615 കോടി രൂപയാണെന്നു കാണിച്ചിരിക്കെ ബാങ്കുകാര്‍ മുന്‍പിന്‍ നോക്കാതെ എങ്ങനെ തനിക്ക് ഇത്രയും വലിയ തുക വായ്പ തന്നു എന്നാണ് അദ്ദേഹത്തിന്റെ മറുചോദ്യം. ചുരുക്കത്തില്‍, നാം എത്രതന്നെ കറുത്ത ചായത്തില്‍ വരച്ചാലും ക്രിമിനല്‍ എന്ന് മുദ്രകുത്തിയാലും ശരി, മല്യ എന്ന പൂച്ച വീഴുന്നത് നാലു കാലിന്മേല്‍ തന്നെ ആയിരിക്കും. ആര്‍ക്കും തൊടാന്‍ കിട്ടില്ല.
വിജയ് മല്യയെ ആര്‍ക്കും തൊടാന്‍ കഴിയാതെ പോവുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് പ്രധാനമായും ഉത്തരം പറയേണ്ടത് ഇന്ത്യയിലെ രാഷ്ട്രീയസംവിധാനവും ബാങ്ക് മാനേജ്‌മെന്റുകളുമാണ്. മല്യ സര്‍ക്കാരിനെയും ജനങ്ങളെയും ബാങ്കുകളെയുമെല്ലാം പറ്റിക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ രാഷ്ട്രീയനേതാക്കളെല്ലാവരും പറയുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളങ്ങള്‍ ഉണ്ടാവുന്നു. സര്‍ക്കാര്‍ ഒത്താശയോടെയാണ് മല്യ വിദേശത്തേക്കു കടന്നത് എന്നാണ് ആക്ഷേപം. നിയമം പാലിക്കുന്നതില്‍ സാധാരണക്കാര്‍ക്കും മല്യയെപ്പോലെയുള്ളവര്‍ക്കും രണ്ടു താപ്പാണ് എന്നത്രെ രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞത്. സംഗതി ശരിയാണ്. സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും രാജ്യം വിട്ടുപോവാന്‍ സാധ്യതയുണ്ടെന്ന സംശയത്തിന്റെ നിഴലില്‍ നേരത്തേ തന്നെ അകപ്പെടുകയും ചെയ്ത ഒരാള്‍ക്ക് ഇത്ര അനായാസമായി ലണ്ടനിലേക്കു പോവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിനു കാരണം സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണ അയാള്‍ക്കുണ്ട് എന്നതു തന്നെ. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടില്‍ വിഐപി പരിഗണനയോടെയാണ് മല്യ പോയത്. അദ്ദേഹത്തിന് വിഐപി പരിഗണന ലഭിക്കുന്നതിന് നിമിത്തമായത് രാജ്യസഭാംഗം എന്ന പദവിയാണ്. വിജയ് മല്യയെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ബിജെപിക്കോ കോണ്‍ഗ്രസ്സിനോ ഒഴിഞ്ഞുമാറുക സാധ്യമല്ല. അദ്ദേഹത്തെ ആദ്യത്തെ തവണ പിന്തുണച്ചത് മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ജനതാദള്‍ എസ് ആയിരുന്നു. സ്വതന്ത്രനായി മല്‍സരിച്ച മല്യ ആ പാര്‍ട്ടിയെത്തന്നെ മൊത്തത്തില്‍ വിലകൊടുത്തു വാങ്ങി. രണ്ടാമത്തെ തവണയും ആള്‍ സ്വതന്ത്രനായി മല്‍സരിച്ചു. ജനതാദള്‍ എസും കോണ്‍ഗ്രസ്സും ബിജെപിയും മല്‍സരിച്ച് പിന്തുണകൊടുത്തു എന്നു മാത്രമല്ല, വിജയ് മല്യയെ ഇപ്പോഴത്തെ ആപദ്‌സന്ധിയില്‍ സഹായിക്കാന്‍ തന്റെ പാര്‍ട്ടി തയ്യാറാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്ത തരത്തില്‍ ദേവഗൗഡ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. (കേരളത്തില്‍ ഇടതുമുന്നണിയിലെ ഘടകകക്ഷിയായ വിപ്ലവ സോഷ്യലിസ്റ്റ് പാര്‍ട്ടി തന്നെ ഇത്; മാത്യു ടി തോമസ് നേതാവായ യഥാര്‍ഥ ഇടതു സോഷ്യലിസ്റ്റ് പാര്‍ട്ടി). ഇടതുപക്ഷവും വലതുപക്ഷവും ഹിന്ദുത്വ രാഷ്ട്രീയവുമെല്ലാം വിജയ് മല്യയെ പിന്തുണയ്ക്കുന്നു എന്നു മാത്രമല്ല, ഇനിയും അദ്ദേഹത്തിന് പ്രസ്തുത പിന്തുണ ലഭിക്കുമെന്നാണ് അനുമാനിക്കേണ്ടത്.
വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സും ബാങ്കുകളുമായുള്ള ഇടപാടുകള്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന കാലത്തു തന്നെയാണ് ഐടി സ്ഥാപനമായ സത്യം കംപ്യൂട്ടറില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നത്. വന്‍ വ്യവസായി സുബ്രത റോയിയുടെ അധീനതയിലുള്ള സഹാറ എന്ന വ്യവസായസാമ്രാജ്യവും ബംഗാളിലെ ശാരദ ചിട്ടിക്കമ്പനിയും നടത്തിയ തട്ടിപ്പുകള്‍ മറ്റു രണ്ട് ഉദാഹരണങ്ങള്‍. ഈ സ്ഥാപനങ്ങള്‍ക്കെല്ലാം രാജകീയതോതില്‍ തട്ടിപ്പുകള്‍ നടത്താന്‍ സാധിച്ചത്, രാഷ്ട്രീയബന്ധങ്ങള്‍ ഉപയോഗിച്ചതുകൊണ്ടാണ്. ഇപ്പോഴത്തെ വിവാദനായകന്‍ വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ കമ്പനി വിമാനത്താവള അതോറിറ്റിക്ക് കോടികള്‍ കൊടുക്കാനുണ്ട്. അതേസമയം, രാജ്യസഭാംഗമെന്ന നിലയില്‍ സിവില്‍ വ്യോമയാന വകുപ്പിന്റെ ഉപദേഷ്ടാവാണ് അദ്ദേഹം. കോടികളുടെ ബാധ്യത വരുത്തിയ കിങ്ഫിഷര്‍ കമ്പനി വിദേശത്തുനിന്ന് വിമാനവും ജീവനക്കാരെയും കൊണ്ടുവന്ന് സര്‍വീസ് നടത്താന്‍ തുനിഞ്ഞപ്പോള്‍, സുരക്ഷാകാരണങ്ങളുടെ പേരില്‍ അതിനെ എതിര്‍ത്ത വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഇ കെ ഭരത്ഭൂഷണ്‍ സ്ഥാനത്തുനിന്നു തെറിച്ച ഒരേയൊരു സംഭവം മാത്രം മതി മല്യയുടെ രാഷ്ട്രീയസ്വാധീനം എത്രയുണ്ടെന്നു മനസ്സിലാക്കാന്‍. പൊതുമേഖലാ ബാങ്കുകള്‍ക്കും രാജ്യത്തെ വിമാനത്താവളങ്ങള്‍ക്കും കോടികള്‍ നല്‍കാനുള്ള ഒരാള്‍ക്കാണ് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുന്നത് എന്നോര്‍ക്കണം.
ഇതേ രാഷ്ട്രീയസ്വാധീനം തന്നെയാണ് കോടികള്‍ കുടിശ്ശികയുള്ളപ്പോള്‍ പുതിയ വായ്പകള്‍ സംഘടിപ്പിക്കാന്‍ വിജയ് മല്യയെ പ്രാപ്തനാക്കിയതും. എന്നാല്‍, ഇതു മല്യക്ക് മാത്രം സാധിക്കുന്ന മാജിക്കല്ല. ഇന്ത്യയിലെ ബാങ്കുകളില്‍ വന്‍കിട കോര്‍പറേറ്റുകള്‍ നടത്തിപ്പോരുന്ന കൊള്ളയില്‍ വിജയ് മല്യയും ഭാഗഭാക്കാവുന്നു എന്നേയുള്ളു. 2008ല്‍ 39,030 കോടി രൂപയായിരുന്നു പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം. 2013ല്‍ അത് 1,64,461 കോടി രൂപയായി വര്‍ധിച്ചു. സ്വകാര്യ വിദേശ ബാങ്കുകള്‍ ഉള്‍പ്പെടെ മൊത്തം വാണിജ്യബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ കടം രണ്ടുലക്ഷം കോടിയിലധികം രൂപവരും. ഈ കാലയളവില്‍ ബാങ്കുകളുടെ മൊത്തലാഭം 3,58,893 കോടി രൂപയാണ്. കിട്ടാക്കടങ്ങള്‍ക്കുവേണ്ടി 1,40,266 കോടി രൂപ, അതായത് ലാഭത്തിന്റെ 40 ശതമാനം നീക്കിവച്ചിരിക്കുകയാണ്. അതേസമയം, ഓരോ കൊല്ലം കഴിയുന്തോറും പുതിയ കിട്ടാക്കടങ്ങള്‍ വര്‍ധിച്ചുവരുകയും ചെയ്യുന്നു. റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് 2007 മുതല്‍ 2013 വരെയുള്ള വര്‍ഷങ്ങളില്‍ കിട്ടാക്കടം 4,94,836 കോടിയായി. ഈ വര്‍ധന എങ്ങനെയുണ്ടാവുന്നു എന്നാലോചിക്കുമ്പോഴാണ് വന്‍ കോര്‍പറേറ്റുകള്‍ മനപ്പൂര്‍വം വായ്പ തിരിച്ചടയ്ക്കാതിരിക്കുന്നതാണ് അതിനു കാരണം എന്ന തിക്തസത്യം നമുക്കു ബോധ്യപ്പെടുക. ബാങ്കുകളുടെ ലാഭത്തില്‍ വലിയൊരു പങ്ക് കുത്തകസ്ഥാപനങ്ങള്‍ വരുത്തിവയ്ക്കുന്ന വായ്പാ കുടിശ്ശികകളിലേക്കു നീക്കിവയ്‌ക്കേണ്ടിവരുന്നു. തുക നീക്കിവയ്ക്കുക മാത്രമല്ല, എഴുതിത്തള്ളുകയും ചെയ്യുന്നു. 2007 മുതല്‍ 2013 വരെയുള്ള കാലയളവിനുള്ളില്‍ 1,41,295 കോടി രൂപ എഴുതിത്തള്ളുകയുണ്ടായി. മുന്‍ഗണനാ വായ്പകളും കാര്‍ഷിക വായ്പകളുമാണ് എഴുതിത്തള്ളുന്നത് എന്ന് ഒരു സാമാന്യ ധാരണയുണ്ട്. എന്നാല്‍, അതു ശരിയല്ല. എഴുതിത്തള്ളുന്ന വായ്പകള്‍ കൂടുതലും വന്‍കിട കമ്പനികളുടേതാണ്. ഏറ്റവും വലിയ 30 കമ്പനികള്‍ ബാങ്കുകള്‍ക്കു നല്‍കാനുള്ള കുടിശ്ശിക 64,000 കോടിയാണ്. 100 കോടിയില്‍ കൂടുതല്‍ വായ്പ എടുത്ത 172 കോര്‍പറേറ്റ് അക്കൗണ്ടുകളില്‍ കുടിശ്ശിക 37,000 കോടി. ഒരു കോടിയിലധികം വായ്പയെടുത്ത 7,295 അക്കൗണ്ടുകളില്‍ 68,000 കോടി- ഇതാണു സ്ഥിതി. സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ എങ്ങനെയാണ് വന്‍കിട കമ്പനികള്‍ കൊള്ളയടിക്കുന്നത് എന്നു മനസ്സിലാക്കാന്‍ ഇതുമതി. അതേസമയം, ചെറുകിട വായ്പകളുടെ തിരിച്ചടവ് വൈകിയാല്‍ കര്‍ക്കശമായ രീതിയില്‍ അതു പിരിച്ചെടുക്കാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കാറുമുണ്ട്. റവന്യൂ റിക്കവറി സര്‍ഫസി ആക്റ്റിന്റെ പ്രയോഗം, ഗുണ്ടകളെ ഉപയോഗിച്ച് ആസ്തികള്‍ പിടിച്ചെടുക്കല്‍, അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കല്‍, പത്രത്തില്‍ പരസ്യം ചെയ്ത് നാണംകെടുത്തല്‍- ഇങ്ങനെ പല വഴികളും പ്രയോഗിക്കുന്നു.
കിട്ടാക്കടങ്ങളെ വെളുപ്പിക്കാന്‍ കോര്‍പറേറ്റ് ഡെബിറ്റ് റീസ്ട്രക്ചറിങ് എന്നൊരു ഏര്‍പ്പാടുണ്ടാക്കിയിട്ടുമുണ്ട് സര്‍ക്കാരും റിസര്‍വ് ബാങ്കും. ഇതു കൃത്യമായി പറഞ്ഞാല്‍, കിട്ടാക്കടങ്ങള്‍ മറച്ചുവയ്ക്കാനുള്ള ഏര്‍പ്പാടാണ്. പഴയകടങ്ങള്‍ പുതിയ കടങ്ങളാക്കിമാറ്റി കണക്കില്‍ തിരിമറി ചെയ്യുന്ന പണി മാത്രമാണിത്. ഇതിനെപ്പറ്റി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തന്നെ പറഞ്ഞത് പന്നിയുടെ ചുണ്ടില്‍ ലിപ്സ്റ്റിക് ഇടുന്നതുപോലെയുള്ള ഏര്‍പ്പാട് എന്നാണ്. ലിപ്സ്റ്റിക് ഇട്ടു എന്നുവച്ച് പന്നി രാജകുമാരിയാവുകയില്ല എന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയസ്വാധീനവും കൈക്കൂലിയും മറ്റും വഴി ബാങ്കുടമകളെ സ്വാധീനിച്ച് കോടികള്‍ കൈക്കലാക്കുന്ന കോര്‍പറേറ്റുകളുടെ പേരുവിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഇന്നു നിയമമില്ലെന്നു മാത്രമല്ല, ബാങ്ക് ജീവനക്കാരുടെ സംഘടനകളോ ഏതെങ്കിലും ഉദ്യോഗസ്ഥരോ അത്തരം വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നാല്‍, അവര്‍ കടുത്ത ശിക്ഷാനടപടികളാണ് നേരിടേണ്ടിവരുന്നതും. ഒരുകോടിയിലധികം വായ്പാ കുടിശ്ശികയുള്ളവരുടെ പേരുവിവരം വെളിപ്പെടുത്തുക, മനപ്പൂര്‍വം വായ്പാ കുടിശ്ശിക വരുത്തുന്നത് ക്രിമിനല്‍ക്കുറ്റമാക്കുക, കിട്ടാക്കടങ്ങളെപ്പറ്റി വിശദമായ അന്വേഷണം നടത്തുക തുടങ്ങിയ വഴികളിലൂടെ മാത്രമേ ബാങ്കുകളെ ഈ ഭീഷണിയില്‍നിന്ന് മുക്തമാക്കാന്‍ സാധിക്കുകയുള്ളൂ. ഇപ്പോഴത്തെ കമ്പനി നിയമമനുസരിച്ച് കമ്പനികളുടെ പ്രമോട്ടര്‍മാര്‍ക്ക് വായ്പകളുടെ മേല്‍ വ്യക്തിഗത ബാധ്യതയില്ല. കമ്പനിയുടെ സ്വത്തുക്കളില്‍ പ്രസ്തുത ബാധ്യത പരിമിതപ്പെടുത്തിയിരിക്കുന്നു. കമ്പനി നിയമത്തില്‍ ഭേദഗതി വരുത്തി വ്യക്തിഗത ബാധ്യത കൂടി ചുമത്തിയാല്‍, പ്രമോട്ടര്‍മാരുടെ മറ്റു സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ കഴിയും എന്ന് ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയും സെബി അംഗവുമായിരുന്ന കെ എം അബ്രഹാം നിര്‍ദേശിച്ചത് ഈ പശ്ചാത്തലത്തില്‍ പ്രസക്തമാണ്.
Next Story

RELATED STORIES

Share it