വിജയ് മല്യയുടെ 1,411 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

വിജയ് മല്യയുടെ 1,411 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
X
Vijay_Mallya

മുംബൈ: മദ്യരാജാവ് വിജയ് മല്യയുടെ 1411 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഐഡിബിഐ ബാങ്ക് വായ്പ തട്ടിപ്പു കേസിലാണ് ഈ നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് മല്യയുടെയും യുബി ലിമിറ്റഡിന്റെയും 1411 കോടി രൂപയുടെ വിപണിമൂല്യം വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയതെന്ന് ഇഡി അധികൃതര്‍ പറഞ്ഞു.
34 കോടിയുടെ ബാങ്ക് ബാലന്‍സ്, ബംഗളൂരു മുംബൈ എന്നിവിടങ്ങളിലെ ഓരോ ഫഌറ്റുകള്‍, ചെന്നൈയിലെ നാലര ഏക്കറിലെ വ്യാവസായിക പാര്‍ക്ക്, കൂര്‍ഗിലെ കാപ്പിത്തോട്ടം, ബംഗളൂരുവിലെ യുബി സിറ്റിയില്‍ പണിത പാര്‍പ്പിട- വ്യാപാര സമുച്ചയങ്ങള്‍, കിങ്ഫിഷര്‍ ടവര്‍ എന്നിവയാണു കണ്ടുകെട്ടിയത്. ഐഡിബിഐ ബാങ്കില്‍ നിന്ന് 900 കോടിയുടെ വായ്പയെടുത്ത് വെട്ടിപ്പു നടത്തിയ കേസിലാണു നടപടി.
പ്രവര്‍ത്തനം നിലച്ച കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഉടമയായ മല്യ വിവിധ ബാങ്കുകള്‍ക്ക് 9000 കോടി രൂപയിലേറെ നല്‍കാനുണ്ട്. മാര്‍ച്ച് രണ്ടിന് രാജ്യംവിട്ട ഇദ്ദേഹം ഇപ്പോള്‍ ബ്രിട്ടനിലാണ്.
സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് മല്യക്കെതിരേ ഇഡി കള്ളപ്പണം വെളുപ്പിച്ചതിനു കേസെടുത്തത്.
കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സാമ്പത്തികഘടനയും വായ്പ കിട്ടുന്നതിന് കൈക്കൂലി നല്‍കിയോ എന്ന കാര്യവും ഇഡി അന്വേഷിക്കുന്നുണ്ട്. മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാന്‍ പ്രത്യേക കോടതിയെ സമീപിച്ച ഇഡി, അദ്ദേഹത്തെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.
Next Story

RELATED STORIES

Share it