വിജയ് മല്യക്ക് ജാമ്യമില്ലാ വാറന്റ്

വിജയ് മല്യക്ക്  ജാമ്യമില്ലാ വാറന്റ്
X
Vijay_Mallya

സ്വന്തം പ്രതിനിധി

ഹൈദരാബാദ്/ന്യൂഡല്‍ഹി: വണ്ടിച്ചെക്ക് കേസില്‍ മദ്യരാജാവ് വിജയ് മല്യക്കെതിരേ ഹൈദരാബാദ് അഡീഷനല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ജിഎംആര്‍ ഹൈദരാബാദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് 50 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നല്‍കിയ കേസില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.
വാറന്റ് റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്ന് മല്യയുടെ അഭിഭാഷകന്‍ എച്ച് സുധാകര്‍ റാവു അറിയിച്ചു. ഈ മാസം 10നായിരുന്നു മല്യയും കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും കേസില്‍ ഹാജരാവേണ്ടിയിരുന്നത്. കേസ് കോടതി ഏപ്രില്‍ 13ലേക്കു മാറ്റി. ജിഎംആറിന് എട്ടുകോടിയാണ് കിങ്ഫിഷര്‍ നല്‍കാനുള്ളത്. ഇതടക്കം 11 കേസുകളാണ് മല്യക്കെതിരേയുള്ളത്.
അതിനിടെ, തനിക്ക് ഇന്ത്യയിലേക്കു മടങ്ങാന്‍ സമയമായിട്ടില്ലെന്ന് വിജയ് മല്യ പറഞ്ഞു. സണ്‍ഡേ ഗാര്‍ഡിയന്‍ പത്രത്തിനു നല്‍കിയ ഇ-മെയില്‍ അഭിമുഖത്തിലാണ് താന്‍ ഇന്ത്യക്കാരനാണെന്നും ഇന്ത്യയിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍, അതിനുള്ള സമയമായിട്ടില്ലെന്നും മല്യ വ്യക്തമാക്കിയത്. തന്റെ വിശദീകരണം വെളിപ്പെടുത്താനുള്ള അവസരം ഇപ്പോള്‍ ലഭിക്കുമെന്ന് തീര്‍ച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനില്‍ തന്നെ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മാധ്യമങ്ങള്‍ നോക്കേണ്ട സ്ഥലത്തു നോക്കുന്നില്ല. മാധ്യമങ്ങളോട് സംസാരിച്ച് സമയം കളയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ ഉദ്യോഗസ്ഥരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തെക്കുറിച്ചുള്ള പരാതികള്‍ തൊഴില്‍മന്ത്രാലയം അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു.
കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ വനിതാ ജീവനക്കാര്‍ ശമ്പളം ലഭിക്കുന്നില്ലെന്നാരോപിച്ച് അടുത്തിടെ തുറന്ന കത്തെഴുതിയിരുന്നു. തനിക്ക് ശമ്പളക്കുടിശ്ശികയിനത്തില്‍ 45 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് എയര്‍ലൈന്‍സിലെ മുന്‍ പൈലറ്റ് ക്യാപ്റ്റന്‍ കേദര്‍വാഗ് വെളിപ്പെടുത്തി. എയര്‍ലൈന്‍സിലെ മുന്‍ ജീവനക്കാരെല്ലാം ഒരുമിച്ച് സുപ്രിംകോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it