വിജയ് മല്യക്കെതിരേ നാലു ജാമ്യമില്ലാ വാറന്റ്

ഹൈദരാബാദ്: വിവിധ ബാങ്കുകളില്‍നിന്ന് 9000 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് കടന്ന മദ്യരാജാവും രാജ്യസഭാംഗവുമായ വിജയ് മല്യക്കെതിരേ കോടതി നാലു ജാമ്യമില്ലാവാറന്റ് കൂടി പുറപ്പെടുവിച്ചു. ജിഎംആര്‍ ഹൈദരാബാദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ 50 ലക്ഷം രൂപ വീതമുള്ള നാലു വണ്ടിച്ചെക്ക് കേസില്‍ ഹാജരാവാതിരുന്നതിനാണ് 11ാം സ്‌പെഷ്യല്‍ മജിസ്‌ട്രേറ്റ് വാറന്റ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ ബുധനാഴ്ച വണ്ടിച്ചെക്ക് കേസില്‍ 14ാം അഡീഷനല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ജാമ്യമില്ലാവാറന്റ് പുറപ്പെടുവിച്ചിരുന്നു. കോടതി നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് മല്യയുടെ അഭിഭാഷകന്‍ എച്ച് സുധാകര്‍ റാവു അറിയിച്ചു. മൊത്തം 8 കോടി രൂപയുടെ 11 വണ്ടിച്ചെക്ക് കേസുകളാണ് മല്യക്കെതിരേ ജിഎംആര്‍ ഫയല്‍ ചെയ്തത്.
അതിനിടെ മല്യ ചെയര്‍മാനായിരുന്ന കിങ് ഫിഷര്‍ എയര്‍ലൈന്‍സ് ഇന്ത്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് 294.57 കോടി നല്‍കാനുണ്ടെന്ന് വ്യോമസേന മന്ത്രി അശോക് ഗജപതി രാജ്യസഭയെ അറിയിച്ചു. ഇതുസംബന്ധിച്ച് മൂന്നു കേസുകള്‍ കിങ് ഫിഷറിനെതിരേ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രിപറഞ്ഞു.സ്വകാര്യ വിമാന കമ്പനികളില്‍ നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് മൊത്തം 7110.14 കോടി രൂപ ലഭിക്കാനുണ്ടെന്നു മന്ത്രി പറഞ്ഞു. അതേസമയം കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പ്രൊവിഡന്റ് ഫണ്ട് കുടിശ്ശികയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു.
Next Story

RELATED STORIES

Share it