Flash News

വിജയ്മല്യ രാജ്യംവിട്ടു

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്കു ശതകോടികള്‍ ബാധ്യതയുണ്ടാക്കിയ മദ്യരാജാവ് വിജയ് മല്യ ഇന്ത്യ വിട്ടു. അഡ്വക്കറ്റ് ജനറല്‍ (എജി) മുകുള്‍ രോഹ്തഗി ഇക്കാര്യം സുപ്രിംകോടതിയെ അറിയിച്ചു. വിജയ്മല്യയെ രാജ്യംവിടാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) നേതൃത്വത്തിലുള്ള 17 പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സംയുക്തമായി നല്‍കിയ ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.
ഇതേത്തുടര്‍ന്ന് ബാങ്കുകളുടെ ഹരജിയില്‍ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിനും പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നതിനുമായി നോട്ടീസ് അയക്കാന്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും രോഹിങ്ടണ്‍ നരിമാനും അടങ്ങുന്ന രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു.
ഈ മാസം രണ്ടിന് വിജയ്മല്യ രാജ്യംവിട്ടതായാണ് അറിയുന്നതെന്ന് സിബിഐയെ ഉദ്ധരിച്ച് എജി പറഞ്ഞു. മല്യയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ ഉത്തരവിട്ട ദിവസംതന്നെയാണ് അദ്ദേഹം ഇന്ത്യവിട്ടിരിക്കാന്‍ സാധ്യത. വിജയ്മല്യ എവിടെയാണെന്ന് അറിയില്ലെന്നും ഇ-മെയില്‍ മുഖേന മാത്രമാണു ബന്ധപ്പെടാറുള്ളതെന്നുമാണ് അദ്ദേഹത്തിന്റെ വക്താവ് പറയുന്നത്. അദ്ദേഹത്തിന് ബ്രിട്ടനില്‍ നിരവധി സ്വത്തുക്കളുണ്ട്. അവിടേക്കു പോയിരിക്കാന്‍ സാധ്യതയുണ്ടെന്നും മുകുള്‍ രോഹ്തഗി അറിയിച്ചു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മുഖേന വിജയ് മല്യയുടെ ഇ-മെയില്‍ വിലാസത്തില്‍ നോട്ടീസ് അയക്കാനാണു കോടതി നിര്‍ദേശിച്ചിരിക്കുന്നത്. രാജ്യസഭാംഗംകൂടിയായ മല്യയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിലേക്കും നോട്ടീസിന്റെ പകര്‍പ്പ് അയക്കും. സ്വത്തുവിവരങ്ങള്‍ അറിയിക്കാന്‍ രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
നിലവില്‍ കുടിശ്ശിക വരുത്തിയതിന് നിയമനടപടി നേരിടുന്നയാളാണ് വിജയ്മല്യ എന്നറിഞ്ഞിട്ടും അദ്ദേഹത്തിനു വീണ്ടും വീണ്ടും എന്തിനാണ് വായ്പ നല്‍കിയതെന്നു ബാങ്കുകളോടു സുപ്രിംകോടതി ചോദിച്ചു. പണയവസ്തുക്കളുടെ പത്തിരട്ടി തുക എന്തുകണ്ടിട്ടാണ് ബാങ്കുകള്‍ അദ്ദേഹത്തിനു വായ്പ അനുവദിച്ചതെന്നും രണ്ടംഗ ബെഞ്ച് ആരാഞ്ഞു.
അദ്ദേഹത്തിന്റെ സ്വത്തിനെ കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ നിന്നുള്‍പ്പെടെ ലഭ്യമായ വിവരം മാത്രമേയുള്ളൂവെന്നും സ്വത്തിന്റെ ഭൂരിഭാഗവും ബ്രിട്ടനിലാണെന്നും അമ്പതിലൊന്ന് വരുന്ന വളരെ കുറച്ചു മാത്രം സ്വത്തേ ഇന്ത്യയിലുള്ളൂവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മുകുള്‍ രോഹ്തഗി പറഞ്ഞു. ഇതേസമയം, എന്നിട്ടാണോ നിങ്ങള്‍ ഭാരിച്ച തുക അദ്ദേഹത്തിനു വായ്പ നല്‍കിയതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് ചോദിച്ചു. വായ്പ കൊടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ കിങ്ഫിഷര്‍ വിമാനക്കമ്പനി ഉന്നതനിലവാരത്തിലായിരുന്നുവെന്നും തന്നെയുമല്ല അന്നതിന് കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കളുമുണ്ടായിരുന്നുവെന്നും രോഹ്തഗി മറുപടിനല്‍കി.
ഇതേത്തുടര്‍ന്നാണു സ്വത്തുക്കള്‍ മരവിപ്പിക്കണമെന്ന ബാങ്കുകളുടെ ആവശ്യത്തിന്‍മേല്‍ മല്യക്ക് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടത്. കേസ് ഈ മാസം 20ന് വീണ്ടും പരിഗണിക്കും. വിജയ്മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വായ്പ തിരിച്ചടയ്ക്കാത്ത സംഭവത്തില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തിങ്കളാഴ്ച അദ്ദേഹത്തിനെതിരേ കേസെടുത്തിരുന്നു.
Next Story

RELATED STORIES

Share it