വിജയസാധ്യതയുള്ളവര്‍ക്ക് സിപിഐ വീണ്ടും അവസരം നല്‍കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവുന്നതിനു മാനദണ്ഡങ്ങളില്‍ ഇളവു നല്‍കാന്‍ സിപിഐ തീരുമാനം. രണ്ടു തവണ മല്‍സരിച്ചവര്‍ക്കു വിജയസാധ്യതയുണ്ടെങ്കില്‍ വീണ്ടും മല്‍സരിക്കാന്‍ അവസരം നല്‍കും. ഇന്നലെ എം എന്‍ സ്മാരകത്തില്‍ ചേര്‍ന്ന സംസ്ഥാന നിര്‍വാഹകസമിതി, കൗണ്‍സില്‍ യോഗങ്ങളിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
രണ്ടു തവണയില്‍ കൂടുതല്‍ മല്‍സരിച്ച സ്ഥാനാര്‍ഥികളില്‍ ആര്‍ക്കൊക്കെ ഇനിയും അവസരം നല്‍കണമെന്ന് അതാത് ജില്ലാ കൗണ്‍സിലുകളാണു ശുപാര്‍ശ ചെയ്യേണ്ടത്. സംസ്ഥാന കൗണ്‍സില്‍ ആയിരിക്കും അന്തിമ തീരുമാനം എടുക്കുക. വിജയസാധ്യതയുടെ അടിസ്ഥാനത്തിലായിരിക്കണം സ്ഥാനാര്‍ഥിനിര്‍ണയമെന്നും കൗണ്‍സില്‍ യോഗം നിര്‍ദേശിച്ചു.
സിപിഐ സ്ഥാനാര്‍ഥികളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ 28നു സംസ്ഥാന എക്‌സിക്യൂട്ടീവും 29നു സംസ്ഥാന കൗണ്‍സിലും യോഗം ചേരും. ഈ നേതൃയോഗങ്ങളില്‍ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്‍കും. രണ്ടുതവണയോ അതില്‍ കൂടുതലോ തവണ മല്‍സരിച്ച സി ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, വി എസ് സുനില്‍കുമാര്‍, പി തിലോത്തമന്‍, ഇ എസ് ബിജിമോള്‍, കെ രാജു, കെ അജിത് എന്നിവരില്‍ ചിലര്‍ക്കെങ്കിലും പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും മല്‍സരിക്കാന്‍ കഴിഞ്ഞേക്കും. ഇന്നലെ രാവിലെ ചേര്‍ന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗം ഇളവു നല്‍കുന്ന വിഷയം ചര്‍ച്ചചെയ്തിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്കുശേഷം നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗം നിര്‍വാഹകസമിതിയുടെ നിര്‍ദേശം വിശദമായി ചര്‍ച്ചചെയ്തു. വിരുദ്ധാഭിപ്രായങ്ങള്‍ കൗണ്‍സില്‍ യോഗത്തിലുയര്‍ന്നു. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പാസാക്കിയ പ്രമേയത്തിലെ തീരുമാനം തിരുത്തേണ്ട സാഹചര്യമില്ലെന്നും അഭിപ്രായമുയര്‍ന്നു. എന്നാല്‍ വിജയസാധ്യതയുടെ അടിസ്ഥാനത്തില്‍ ചിലര്‍ക്ക് ഇളവു നല്‍കണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം ലഭിച്ചത്. തുടര്‍ന്നാണ് ജില്ലാ കൗണ്‍സിലുകളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചു തീരുമാനമെടുക്കാന്‍ കൗണ്‍സിലില്‍ ധാരണയായത്.
ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനങ്ങളും സംസ്ഥാനത്തെ പൊതുരാഷ്ട്രീയ സ്ഥിതിയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കൗണ്‍സിലില്‍ റിപോര്‍ട്ട് ചെയ്തു. കെ ആര്‍ ചന്ദ്രമോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സിലില്‍ പന്ന്യന്‍ രവീന്ദ്രന്‍, കെ ഇ ഇസ്മയില്‍, കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി പങ്കെടുത്തു.
Next Story

RELATED STORIES

Share it