Sports

വിജയവഴിയില്‍ തിരിച്ചെത്താന്‍ ഡല്‍ഹി

വിശാഖപട്ടണം: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ഏക മല്‍സരത്തില്‍ ശക്തരായ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടൂര്‍ണമെന്റില്‍ നിന്ന് പ്ലേഓഫ് കാണാതെ പുറത്തായ റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്‌സിനെ എതിരിടും.
വിജയവഴിയില്‍ തിരിച്ചെത്തുന്നതോടൊപ്പം പ്ലേഓഫ് സാധ്യത സജീവമാക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് സഹീര്‍ ഖാന്‍ നയിക്കുന്ന ഡല്‍ഹി പൂനെയ്‌ക്കെതിരേ കച്ചക്കെട്ടുന്നത്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോടേറ്റ കനത്ത തോല്‍വിയുടെ ആഘാതത്തിലാണ് ഡല്‍ഹി. ബൗളിങിലും ബാറ്റിങിലും ഒരു പോലെ നിരാശപ്പെടുത്തിയപ്പോള്‍ 80 റണ്‍സിനാണ് മുംബൈക്കു മുന്നില്‍ ഡല്‍ഹി തകര്‍ന്നടിഞ്ഞത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്രുനല്‍ പാണ്ഡ്യയുടെ (86) വെടിക്കെട്ട് മികവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 206 റണ്‍സ് അടിച്ചെടുത്തു. മറുപടിയില്‍ ഡല്‍ഹി 19.1 ഓവറില്‍ 126 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.
40 റണ്‍സെടുത്ത ഓപണര്‍ ക്വിന്റണ്‍ ഡികോക്കാണ് ഡല്‍ഹിയുടെ ടോപ്‌സ്‌കോറര്‍. മുംബൈക്കു വേണ്ടി ജസ്പ്രിത് ബുംറ മൂന്നും ക്രുനല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി.
അതേസമയം, ഒമ്പത് തോല്‍വികളോടെ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനക്കാരായ മഹേന്ദ്രസിങ് ധോണി നയിക്കുന്ന പൂനെ ശേഷിക്കുന്ന രണ്ട് മല്‍സരങ്ങളില്‍ ജയിച്ച് നാണക്കേട് ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ്.
തുടര്‍ തോല്‍വികള്‍ക്കിടയിലും ഇര്‍ഫാന്‍ പഠാനെ പോലുളള മികച്ച ഓള്‍റൗണ്ടറെ തഴയുന്നതില്‍ ധോണിക്കെതിരേ കായിക ലോകത്ത് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടുള്ള അവസാന മല്‍സരത്തില്‍ ഇര്‍ഫാനെ അനാവശ്യമായി റണ്ണൗട്ടാക്കിയത് സോഷ്യല്‍ മീഡിയടക്കം പല കോണുകളില്‍ നിന്നും ധോണിക്ക് വിമര്‍ശനം നേരിടേണ്ടിവന്നു.
Next Story

RELATED STORIES

Share it